മത്സ്യമേഖലയിലെ ഉപഗ്രഹ സാങ്കേതിക വിദ്യ; സി എം എഫ് ആര്‍ ഐ സമഗ്ര പഠനത്തിന്

Posted on: October 13, 2017 9:52 am | Last updated: October 13, 2017 at 9:52 am

കൊച്ചി: ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മത്സ്യമേഖലയുടെ പുരോഗതിക്കായി ഉപയോഗിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) രൂപരേഖ തയ്യാറാക്കുന്നു. ഇതിനായി അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ജനുവരിയില്‍ കൊച്ചിയില്‍ രാജ്യാന്തര സമ്മേളനം നടത്തും.

ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഏറെ മുന്നേറ്റം നടത്തിയ രാജ്യത്തിന്റെ സാങ്കേതിക വിദ്യകള്‍ മറ്റ് പല മേഖലകളിലും ധാരാളമായി ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും ഏറെ സാധ്യതകളുള്ള മത്സ്യമേഖലയില്‍ ഇവയുടെ ഉപയോഗം വേണ്ടത്ര കാര്യക്ഷമമല്ല. ഈ സാഹചര്യത്തിലാണ് സി എം എഫ് ആര്‍ ഐ അന്താരാഷ്ട്ര തലത്തില്‍ ഗവേഷണ സഹകരണത്തോടെ ഇതിനായി പദ്ധതികള്‍ തയ്യാറാക്കുന്നത്. മത്സ്യങ്ങള്‍ കൂടുതല്‍ ലഭ്യമായ സ്ഥലങ്ങള്‍ കണ്ടെത്തല്‍, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് കടലിന്റെ സ്വഭാവത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ചാകര, കടലിലെ ഊഷ്മാവ് വ്യത്യാസം തുടങ്ങിയവ മുന്‍കൂട്ടി മനസ്സിലാക്കല്‍, കാലാവസ്ഥാ വ്യതിയാനം മൂലം കടലിന്റെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രവചനം തുടങ്ങിയവ ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
പല വിദേശ രാജ്യങ്ങളിലും ഉപഗ്രഹ സാങ്കേതിക വിദ്യ മത്സ്യമേഖലയില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ഇത്തരം രീതികള്‍ ഇന്ത്യന്‍ മത്സ്യമേഖലക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് രാജ്യാന്തര ഗവേഷണ പദ്ധതിയായ സഫാരിയുമായി (സൊസൈറ്റല്‍ അപ്ലിക്കേഷന്‍സ് ഇന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ യൂസിംഗ് റിമോട്ട് സെന്‍സിംഗ് ഇമേജറി) സി എം എഫ് ആര്‍ ഐ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
സഫാരിയുടെ രണ്ടാമത് അന്താരാഷ്ട്ര സമ്മേളനമാണ് ജനുവരി 15 മുതല്‍ 17 സി എം എഫ് ആര്‍ ഐ കൊച്ചിയില്‍ നടത്തുന്നത്. മീന്‍പിടിത്തം, മത്സ്യകൃഷി, കാലാവസ്ഥാവ്യതിയാനം, സമുദ്ര പരിസ്ഥിതി, ഫിഷറീസ് മാനേജ്‌മെന്റ്, മത്സ്യമേഖലയിലെ സാമൂഹിക സാമ്പത്തിക വിവര സമാഹാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുക. ഇന്ത്യന്‍ സാഹചര്യത്തില്‍ ഉപഗ്രഹ സാങ്കേതിക വിദ്യ മത്സ്യമേഖലയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. മത്സ്യമേഖലയില്‍ വലിയ മാറ്റത്തിന് വഴിവെക്കുന്നതായിരിക്കും സമ്മേളനത്തിലെ ചര്‍ച്ചകള്‍.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഈ മാസം 31 വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സി എം എഫ് ആര്‍ ഐ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനും 31 വരെയാണ് സമയപരിധി. സമ്മേളനത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ www.safari2.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.