Connect with us

Gulf

ടൈപിംഗ് സെന്ററുകളുടെ ഭാവി ആശങ്കയില്‍, 'ആമിര്‍' രംഗം കയ്യടക്കും

Published

|

Last Updated

ദുബൈ: നിലവില്‍ ടൈപിംഗ് സെന്ററുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ദുബൈ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അടുത്തമാസം മുതല്‍ ലഭ്യമല്ലാതാകും. പകരം സേവനങ്ങള്‍ക്ക് ഇമിഗ്രേഷന്‍ നേരിട്ട് നടത്തുന്ന സേവന കേന്ദ്രം “ആമിര്‍” വ്യാപകമാക്കും.
ആമിറിന്റെ ഇത്തരത്തിലുള്ള രണ്ടാമത്തെ സേവനകേന്ദ്രം കഴിഞ്ഞ ദിവസം അല്‍ കഫാഫ് പ്രദേശത്തെ നഗരസഭാ കാര്യാലയ മന്ദിരത്തില്‍ ഉദ്ഘാടനംചെയ്യപ്പെട്ടു. ടൈപിംഗ് സെന്ററുകളില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമല്ലാതാകുന്നതോടെ ഉണ്ടാകാനിടയുള്ള ഉപഭോക്താക്കളുടെ തിരക്ക് പരിഗണിച്ച് വരും മാസങ്ങളില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ആമിര്‍ സെന്ററുകള്‍ കൂടി തുറക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ (ജി ഡി ആര്‍ എഫ് എ) അറിയിച്ചു.

ദുബൈയിലാകെ 30 ആമിര്‍ സേവന കേന്ദ്രങ്ങളാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ സേവങ്ങളും അതിവേഗത്തില്‍ നല്‍കാന്‍ കഴിയുന്ന സ്മാര്‍ട് സെന്ററുകളായിരുക്കും ഇവയെല്ലാമെന്നും അധികൃതര്‍ വ്യക്തമാക്കി. താമസ, സന്ദര്‍ശക വിസകള്‍ക്കുള്ള അപേക്ഷകള്‍, വിസാ സ്റ്റാമ്പിംഗ് അപേക്ഷകള്‍, സ്റ്റാറ്റസ് ചെയ്ഞ്ച്, ക്യാന്‍സലേഷന്‍ അപേക്ഷകള്‍ തുടങ്ങിയവക്കു പുറമെ വിസകളുടെ പ്രിന്റിംഗ് ഉള്‍പടെ, ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നേരിട്ടെത്താതെതന്നെ സാധിക്കാവുന്ന സമ്പൂര്‍ണ സേവന കേന്ദ്രങ്ങളായിരിക്കും ആമിര്‍. ഇമിഗ്രേഷനുപുറമെ ഗവണ്‍മെന്റിന്റെ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളുള്‍പടെയുള്ള സേവനങ്ങളും ആമിറില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.

ദുബൈ മുനിസിപ്പാലിറ്റി, ഹെല്‍ത് അതോറിറ്റി, എമിറേറ്റ്‌സ് ഐ ഡി തുടങ്ങിയവയുടെ അപേക്ഷകളും ആമിര്‍ വഴി സാധ്യമാകും. ദുബൈയില്‍ നിലവില്‍ 600ലധികം ടൈപിംഗ് സെന്ററുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇവകളിലായി ആയിരക്കണക്കിന് ജോലിക്കാരുമുണ്ട്. ടൈപിംഗ് സെന്ററുകളുടെ നടത്തിപ്പുകാരിലും അവയിലെ ജീവനക്കാരിലും ഭൂരിപക്ഷവും മലയാളികളാണ്. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ അപേക്ഷകളും ടൈപിംഗ് സെന്ററുകളില്‍ നിന്ന് മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഏജന്‍സിയായ തസ്ഹീലിലേക്ക് അടുത്തകാലത്ത് മാറ്റിയത് ഈ മേഖലക്ക് കനത്ത തരിച്ചടിയായിരുന്നു. ഇതിനുപുറമെയാണ് അടുത്തമാസം അഞ്ചുമുതല്‍ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടി എടുത്തുമാറ്റുന്നത്. ഇത് കൂടി നടപ്പാക്കുന്നതോടെ ദുബൈയിലെ ടൈപിംഗ് സെന്ററുകളുടെകാര്യത്തില്‍ ഒരു തീരുമാനമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest