Connect with us

Kerala

സോളാറില്‍ ഉരുകി യു ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തുടര്‍ നിയമനടപടികള്‍ പ്രഖ്യാപിച്ചതോടെ യു ഡി എഫ് ആടി ഉലയുന്നു. ഉമ്മന്‍ ചാണ്ടി മുതല്‍ ഒരു ഡസന്‍ നേതാക്കള്‍ക്ക് നേരെയാണ് കുരുക്ക് മുറുക്കി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഒരേസമയം, വിജിലന്‍സ്, ക്രിമിനല്‍ നടപടികള്‍ നേരിടുകയെന്ന അപൂര്‍വതക്ക് കൂടിയാണ് സോളാര്‍ കേസില്‍ അരങ്ങൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വമേറ്റടുത്ത് പദവികളില്‍ നിന്ന് മാറി നിന്ന ഉമ്മന്‍ചാണ്ടി, തിരിച്ചുവരാന്‍ കളമൊരുക്കുന്നതിനിടെയാണ് ഇരട്ടപ്രഹരമേറ്റ് വീഴുന്നത്. ജുഡീഷ്യല്‍ കമ്മീഷനുകള്‍ പുതുമയല്ലെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇത്രയും കടുത്ത തുടര്‍ നടപടി ഇതാദ്യമാണ്. ആറ് മാസത്തിനകം ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇനി ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന കൃത്യമായ സന്ദേശമാണ് യു ഡി എഫിന് നല്‍കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസം പിന്നിട്ടിട്ടും വിശദാംശങ്ങള്‍ പുറത്ത് വിടാതിരുന്നത് ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയത് കൊണ്ടാണെന്നായിരുന്നു യു ഡി എഫ് ക്യാമ്പ് ആശ്വസിച്ചിരുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പോലും ഈ നിലയില്‍ പ്രചാരണം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച്ച സംഭവിച്ചെന്ന കണ്ടെത്തല്‍ മാത്രമാണെന്ന് വാര്‍ത്തകള്‍ വന്നതോടെ അത് തങ്ങള്‍ നേരത്തെ അംഗീകരിച്ചതാണെന്ന് പ്രതിരോധവും തീര്‍ത്തു. ഇതിനിടെയാണ് ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് തുടര്‍നടപടികള്‍ പ്രഖ്യാപിച്ചത്.
വേങ്ങരയില്‍ ഇത് കൊണ്ട് മാത്രം ഒരു അട്ടിമറി എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നില്ല. തിരഞ്ഞെടുപ്പിലെ നേട്ടമാണ് ലക്ഷ്യമിട്ടതെങ്കില്‍ പ്രഖ്യാപനം ഒരു ദിവസമെങ്കിലും നേരത്തെ ആകുമായിരുന്നു. മാത്രമല്ല, ആകെ വോട്ടര്‍മാരില്‍ 25 ശതമാനവും പോളിംഗ് ബൂത്തിലെത്തിയ ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയതും. എന്തെങ്കിലും നേട്ടം ഇതിലൂടെ കിട്ടുമെങ്കില്‍ അതാകട്ടെയെന്ന ചിന്ത ഇല്ലാതിരിക്കുകയുമില്ല. നിര്‍ണായക ദിവസം സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും തുടര്‍ നടപടികളും പ്രഖ്യാപിച്ച്, ആവുന്നത്ര പ്രഹരം ഏല്‍പ്പിക്കുക. കേവലം ഉപതിരഞ്ഞെടുപ്പിലെ നേട്ടത്തിനപ്പുറം പ്രതിപക്ഷപ്പ നിരയെ ഒന്നടങ്കം അടിച്ചിരുത്തുകയെന്ന തന്ത്രം. ഇതില്‍ പിണറായി വിജയന് ഏറെ മുന്നോട്ടുപോകാനായി.
വേങ്ങരക്കപ്പുറം വരാനിരിക്കുന്ന ഒട്ടേറെ തിരഞ്ഞെടുപ്പുകളിലേക്കുള്ള ഇന്ധനമാണ് എല്‍ ഡി എഫ് സംഭരിക്കുന്നത്. വിജിലന്‍സ് അന്വേഷണവും പോലീസ് അന്വേഷണവും യു ഡി എഫിനെ വരിഞ്ഞ് മുറുക്കുമെന്നതില്‍ തര്‍ക്കമില്ല. ഉമ്മന്‍ ചാണ്ടി നേരിട്ടും പഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ മുഖേനയും കൈക്കൂലി വാങ്ങിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിയും യു ഡി എഫും ഇത്രയും നാള്‍ പറഞ്ഞതെല്ലാം റദ്ദ് ചെയ്തിരിക്കുകയാണ് ജുഡീഷ്യല്‍ കമ്മീഷന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ മാത്രം കേസുകള്‍ ഒതുങ്ങുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
മാനഭംഗം, അഴിമതി എന്നിങ്ങനെ ഗുരുതരമായ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം പോലും ലഭിക്കാന്‍ പാടുപെടേണ്ടി വരുന്ന കുറ്റങ്ങള്‍. ഫലത്തില്‍ യു ഡി എഫിന് നിഷ്പ്രഭമാക്കുന്ന ബോംബായി ഇത് മാറിയാല്‍ പോലും അത്ഭുതപ്പെടാനില്ല.
ഉമ്മന്‍ ചാണ്ടിയോടൊപ്പം അദ്ദേഹത്തിന്റെ ഇടംവലം നിന്ന് പ്രതിരോധത്തിന്റെ ഇരുമ്പ് മറ തീര്‍ത്തവര്‍ കൂടി കുരുക്കിലാകുന്നുവെന്നതാണ് മറ്റൊരുപ്രത്യേകത. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരും മുന്‍മന്ത്രിമാരുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, മുന്‍ എം എല്‍ എമാരായ ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം തുടങ്ങിയവരും കേസിലകപ്പെട്ടു.
പ്രഹരം എ ഗ്രൂപ്പിനാണെങ്കിലും ഐ ഗ്രൂപ്പുകാര്‍ക്കും പൂര്‍ണമായി ആശ്വസിക്കാനുള്ള വകയില്ല. കെ സി വേണുഗോപാല്‍ എം പിയും എം എല്‍ എമാരായ ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എന്നിവരും നിയമനടപടികള്‍ നേരിടേണ്ടവരായുണ്ട്.
ഇവര്‍ക്ക് പുറമെ ജോസ് കെ മാണി എം പി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കൂടാതെ, ഡി ജി പി. എ ഹേമചന്ദ്രന്‍, എ ഡി ജി പി കെ പത്മകുമാര്‍, ഡി വൈ എസ് പി കെ ഹരികൃഷ്ണന്‍, പോലീസ് അസോ. മുന്‍ സെക്രട്ടറി ജി ആര്‍ അജിത് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയും കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Latest