പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗ കുറ്റം: സുപ്രീം കോടതി

Posted on: October 11, 2017 12:29 pm | Last updated: October 11, 2017 at 5:31 pm

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റമായി പരിഗണിക്കുമെന്ന്് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 375 പ്രകാരം 15 വയസ്സു മുതല്‍ 18 വയസ്സു വരെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥ അസാധുവാക്കി ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 18 വയസ് പൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കുന്ന വകുപ്പ് പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പ്രത്യേകം വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 14,15,21 വകുപ്പുകള്‍ ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണിതെന്നും കോടതി പറഞ്ഞു.

സന്നദ്ധ സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് തോട്ടാണ് 15നും 18നും ഇടയില്‍ പ്രായമുള്ളവരെ ഒഴിവാക്കിയ വ്യവസ്ഥക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. 15 വയസ്സിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗ ക്കുറ്റം ആരോപിക്കാനാകില്ലെന്ന നിലപാടാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തെ ശൈശവ വിവാഹങ്ങളുടെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രീം കോടതി, പാര്‍ലിമെന്റ് പാസാക്കിയ സാമൂഹി നീതി നിയമങ്ങള്‍ അവയുടെ അന്ത:സത്ത ഉള്‍ക്കൊണ്ടല്ല നടപ്പാക്കിയതെന്നും നിരീക്ഷിച്ചു. ശൈശവ വിവാഹങ്ങള്‍ നിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോടും കോടതി നിര്‍ദേശിച്ചു.