ആള്‍പ്പാര്‍പ്പില്ലാതെ സംസ്ഥാനത്ത് 11.58 ലക്ഷം വീടുകളെന്ന് പഠനം

Posted on: October 10, 2017 8:49 am | Last updated: October 9, 2017 at 10:55 pm
SHARE

പാലക്കാട്: സംസ്ഥാനത്ത് ആകെയുള്ള 77.16 ലക്ഷം വീടുകളില്‍ 11.58 ലക്ഷവും ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നതായി പഠന റിപ്പോര്‍ട്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള പഠനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെപൂട്ടിയിട്ട വീടുകളുടെ എണ്ണം വ്യക്തമാക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ തൊഴില്‍ തേടി പോയവരും നിലവില്‍ ഒരു വീടുണ്ടായിരിക്കെ മറ്റൊരു വീട് നിര്‍മിച്ചവരുമാണ് ഈ വീടുകളുടെ ഉടമകള്‍. ഒരുവശത്ത് ആള്‍താമസമില്ലാതെ വീടുകള്‍ പൂട്ടിയിടുമ്പോള്‍ മറുവശത്ത് ഭവനരഹിതര്‍ക്കായി വീടുകള്‍ നിര്‍മിക്കേണ്ടി വരുന്ന അവസ്ഥയാണ് കേരളത്തിലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് രണ്ട് മുതല്‍ അഞ്ച് വരെ മുറികളുള്ള 66.19 ലക്ഷം വീടുകളാണ്. ഇവയില്‍ 9.43 ലക്ഷം വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഒറ്റമുറി മാത്രമുള്ള വീടുകളില്‍ 1.26 ലക്ഷവും രണ്ട് മുറികളുള്ള വീടുകളില്‍ 3.39 ലക്ഷം വീടുകളും മൂന്ന് മുറികളുള്ള വീടുകളില്‍ 3.30 ലക്ഷം വീടുകളും നാല് മുറികളുള്ള വീടുകളില്‍ 1.96 ലക്ഷം വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആറോ അതില്‍ കൂടുതലോ ബെഡ്‌റൂമുകളുള്ള 4.50 ലക്ഷം വീടുകളില്‍ 57,272 വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നതായാണ് കണ്ടെത്തല്‍.
സംസ്ഥാനത്ത് നിര്‍മിച്ചിട്ടുള്ള വീടുകളല്ലാത്ത കെട്ടിടങ്ങളുടെ എണ്ണം 23.25 ലക്ഷം ആണ്. ഇതില്‍ നഗരങ്ങളില്‍ 6.03 ലക്ഷവും ഗ്രാമങ്ങളില്‍ 5.85ലക്ഷവും കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു. സെന്‍സസ് രേഖകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ വീടുകളെ കുറിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്. ആകെ വീടുകള്‍–77.16 ലക്ഷം. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ 11.58 ലക്ഷം, അണുകുടുംബങ്ങള്‍ മാത്രം താസമിക്കുന്ന വീടുകള്‍ 52.81 ലക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here