Connect with us

Articles

വേങ്ങര എന്ത് വിധിയെഴുതും?

Published

|

Last Updated

ഹൃദയത്തില്‍ ഉറപ്പിച്ചിട്ട ചിഹ്നവും സ്ഥാനാര്‍ഥിയുടെ മുഖവുമായി വേങ്ങരയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ആറ് മാസത്തെ ഇടവേളക്ക് ശേഷമെത്തിയ ഉപതിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇനി രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്. ജനവിധി അറിയാന്‍ ഈ മാസം 15വരെ കാത്തിരിക്കണം. 2011ല്‍ വേങ്ങര മണ്ഡലം നിലവില്‍ വന്നതിന് ശേഷമുള്ള രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിലും ഇവിടെ കോണി കയറിയത് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. എം പിയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച് വിജയിച്ചതോടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

ഒരു മാസത്തെ പരസ്യ പ്രചാരണത്തിന് ഇന്നലെ വേങ്ങരയില്‍ കൊടിയിറങ്ങിയതോടെ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. ആറ് സ്ഥാനാര്‍ഥികളാണ് വേങ്ങരയില്‍ ജനവിധി തേടുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറും എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി ബശീറും തമ്മിലാണ് വാശിയേറിയ മത്സരം. എന്‍ ഡി എ സ്ഥാനാര്‍ഥി കെ ജനചന്ദ്രന്‍ മാസ്റ്റര്‍, എസ് ഡി പി ഐ സ്ഥാനാര്‍ഥി കെ സി നസീര്‍, ലീഗ് വിമതനായി മത്സരിക്കുന്ന കെ ഹംസ, സ്വാഭിമാന്‍ പാര്‍ട്ടിയുടെ ശ്രീനിവാസന്‍ എന്നിവരും രംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയും പി ഡി പിയും ഇത്തവണ ഇല്ല. കെ എന്‍ എ ഖാദറിനിത് നാലാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെങ്കില്‍ ബശീര്‍ രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. ഖാദര്‍ മണ്ഡലത്തിന് പുറത്തുള്ള വ്യക്തിയാണെങ്കില്‍ ബശീര്‍ നാട്ടുകാരന്‍ തന്നെയാണെന്ന പ്രത്യേകതയുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാതെ ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ഖാദര്‍ അപ്രതീക്ഷിതമായാണ് വേങ്ങരയില്‍ മത്സരിക്കാനെത്തിയത്. ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്വീഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയും പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന ലീഗ് പാര്‍ലിമെന്ററി യോഗത്തില്‍ ഖാദറിനെ സ്ഥാനാര്‍ഥിയാക്കുകയുമാണ് ചെയ്തത്. യോഗത്തില്‍ ഖാദര്‍ സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണി മുഴക്കിയെന്നുമുള്ള പ്രചാരണങ്ങള്‍ ശക്തമായി നിലനില്‍ക്കുകയും ഇടതുപക്ഷം ഇത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. 2001ല്‍ കൊണ്ടോട്ടി, 2011ല്‍ വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച് ജയിച്ച കെ എന്‍ എ ഖാദറിന് ഇത്തവണ അത്ര ഈസിയാകില്ലെന്നാണ് വിലയിരുത്തല്‍. സമ്മര്‍ദ തന്ത്രത്തിലൂടെ സ്ഥാനാര്‍ഥിയായി എന്ന പൊതുവികാരം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഈ സമ്മര്‍ദ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് ലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യു നേതാവ് കെ എം ഹംസ പോരാട്ടത്തിനിറങ്ങിയത്. കെ എന്‍ എ ഖാദറിനെ പരാജയപ്പെടുത്തുക മാത്രമാണ് ഹംസ ലക്ഷ്യമായി പറയുന്നതെങ്കിലും മണ്ഡലത്തിന് പുറത്തുള്ള ഇദ്ദേഹം എത്രമാത്രം സ്വാധീനമുണ്ടാക്കുമെന്ന് കണ്ടറിയുക തന്നെ വേണം.

തുടര്‍ച്ച കൊതിച്ച് യു ഡി എഫ്

മുസ്‌ലിം ലീഗിന്റെ കോട്ടയായി ഉറച്ചു നില്‍ക്കുന്ന വേങ്ങരയില്‍ ഇത്തവണ യു ഡി എഫ് വിജയ പ്രതീക്ഷ കൈവിടുന്നില്ലെങ്കിലും ഭൂരിപക്ഷം കുറയുമെന്ന് സമ്മതിക്കുന്നുണ്ട്. നാട്ടുകാരന്‍ എന്ന നിലക്ക് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച സ്വീകാര്യത കെ എന്‍ എ ഖാദറിന് മണ്ഡലത്തില്‍ ലഭിച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളാണ് പ്രചാരണത്തില്‍ യു ഡി എഫ് വോട്ടര്‍മാര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. കൂടാതെ, കുഞ്ഞാലിക്കുട്ടി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞാണ് വോട്ടര്‍മാരുടെ മനസിലേക്ക് ഇറങ്ങിച്ചെന്നത്. റോഡും പാലവും സ്‌കൂളുകളുടെ നിലവാരവുമെല്ലാം നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ച ആവശ്യപ്പെട്ടാണ് കെ എന്‍ എ ഖാദര്‍ വോട്ടര്‍മാരെ സമീപിച്ചത്. യു ഡി എഫ് നേതാക്കളെല്ലാം ഒരു മാസമായി വേങ്ങര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് എം എം ഹസനുമെല്ലാം പലവട്ടം വേങ്ങരയില്‍ പ്രചാരണത്തിനെത്തി. പി കെ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ടിറങ്ങി റോഡ് ഷോ നടത്തിയാണ് അണികള്‍ക്ക് ആവേശം നല്‍കിയത്. “സി പി എമ്മിന്റെ സംഘ്പരിവാര്‍ ബന്ധ”വും ബി ജെ പിയുടെ ജനരക്ഷായാത്രക്ക് സര്‍ക്കാര്‍ പരിധി വിട്ട് സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയതുമെല്ലാം പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ യു ഡി എഫ് നേതാക്കള്‍ ആയുധമാക്കി. കേരളത്തിലെ മറ്റ് മണ്ഡലങ്ങളില്‍ കാണാത്ത അത്രയും വികസനം കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ നടത്തിയെന്നാണ് അവകാശവാദം. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ മൂന്ന്് പഞ്ചായത്തുകളിലും യു ഡി എഫാണ് ഭരിക്കുന്നത്. ഒരിടത്ത് ലീഗ് ഒറ്റക്കും ഭരണം നടത്തുന്നുണ്ട്. മറ്റിടങ്ങളില്‍ സി പി എമ്മും കോണ്‍ഗ്രസിലെ ഒരു വിഭാഗവും മറ്റൊരിടത്ത് ജനകീയ മുന്നണിയുമാണ് അധികാരത്തിലുള്ളത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നിച്ച് നില്‍ക്കുന്ന വോട്ടുകളെല്ലാം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ് നേതൃത്വം. ലീഗ്-കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ നിലനിന്ന പഞ്ചായത്തുകളില്‍ മുന്നണി സംവിധാനം നിലവില്‍ വന്നതായും സ്ഥാനാര്‍ഥിക്കായി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതായും യു ഡി എഫ് നേതാക്കള്‍ പറയുന്നു.

പ്രതീക്ഷയോടെ ഇടതുപക്ഷം

ഇടത് സ്ഥാനാര്‍ഥി പി പി ബശീര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടയാളാണ്. എന്നാല്‍ ഇത്തവണ, ഏറെ പ്രതീക്ഷയിലാണ് ബശീറും ഇടത് മുന്നണിയും. സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്നെയാണ് ഇടതുപക്ഷം പ്രധാനമായും വോട്ടര്‍മാരെ സമീപിച്ചത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടത്തിയ ജനകീയ പദ്ധതികള്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് അവര്‍ കരുതുന്നത്. ബശീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം വേങ്ങരയിലെത്തി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും സിനിമാതാരം കൂടിയായ എം എല്‍ എ മുകേഷുമെല്ലാം പ്രചാരണത്തിനെത്തിയത് ഇടത് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വേങ്ങരയില്‍ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മുസ്‌ലിം ലീഗിനുള്ളിലെ അസ്വാരസ്യങ്ങള്‍ നിഷേധവോട്ടായി മാറുമെന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ലീഗ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണിതെന്നും വേങ്ങരയെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭയിലെത്തുകയും ഒരുതവണ വ്യവസായ മന്ത്രിയാവുകയും ചെയ്ത കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രശ്‌നങ്ങളെ അവഗണിച്ചുവെന്നുമാണ് പ്രചാരണത്തിലുടനീളം വോട്ടര്‍മാരോട് ഇടത് നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. വ്യവസായ വകുപ്പ് കൈകര്യം ചെയ്ത മന്ത്രിക്ക് സ്വന്തം മണ്ഡലത്തില്‍ ഒരു വ്യവസായ സ്ഥാപനം പോലും കൊണ്ടു വരാനായില്ലെന്ന ആക്ഷേപവും യു ഡി എഫിന് മേല്‍ ഉയര്‍ത്തിയാണ് പ്രചാരണം അവസാനിച്ചിരിക്കുന്നത്. ഫാസിസത്തിനെതിരെ പോരാടാന്‍ ഡല്‍ഹിയിലേക്ക് പോയ പി കെ കുഞ്ഞാലിക്കുട്ടിക്കും പി വി അബ്ദുല്‍ വഹാബിനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നതും ലീഗ് നേരിട്ട വലിയ വിമര്‍ശനമാണ്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് ഇടതുപക്ഷ നേതാക്കള്‍ പറയുമ്പോഴും വലിയ പ്രതീക്ഷകളാണ് ഇടതുപക്ഷത്തിനുള്ളത്. വേങ്ങരയില്‍ ഇതുവരെ കാണാത്ത പ്രചാരണമാണ് അവസാനഘട്ടങ്ങളില്‍ ഇടതുപക്ഷം നടത്തിയിരിക്കുന്നത്. വീടുകള്‍ കയറിയും കുടുംബയോഗങ്ങള്‍ ചേര്‍ന്നും വോട്ടുകള്‍ ഉറപ്പിച്ച ഇടതുപക്ഷം അട്ടിമറി വിജയപ്രതീക്ഷ കൈവിടുന്നില്ല. കഴിഞ്ഞ തവണ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച 38,057 വോട്ടിന്റെ ഭൂരിപക്ഷം പകുതിയാക്കി കുറച്ചാല്‍ പോലും അത് ഇടതുപക്ഷത്തിന് വലിയ നേട്ടമാകുമെന്നുറപ്പാണ്.