മസ്‌കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റിയില്‍ കൂട്ടരാജി; ജന.സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജിക്കത്ത് നല്‍കി

Posted on: October 9, 2017 5:26 pm | Last updated: October 11, 2017 at 5:49 pm

മസ്‌കത്ത്: മസ്‌കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടിന്റെ പ്രവര്‍ത്തന ശൈലിയില്‍ പ്രതിഷേധിച്ച് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള ഭാരവാഹികളുടെ കൂട്ട രാജി. രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് കേന്ദ്രകമ്മിറ്റി, കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കാണ് രാജിക്കത്ത് അയച്ചിരിക്കുന്നത്.

ഉപദേശക സമിതി ചെയര്‍മാന്‍ ടി സി മുഹമ്മദ് അശ്‌റഫ്, ജനറല്‍ സെക്രട്ടറി പി എ വി അബൂബക്കര്‍, സെക്രട്ടറി പി ടി കെ ഷമീര്‍, വൈസ് പ്രസിഡന്റ് ഹമീദ് ധര്‍മടം, സെക്രട്ടറിമാരായ സിദ്ദീഖ് മാതമംഗലം, ഷമീര്‍ പാറയില്‍, ഫൈസല്‍ വയനാട്, കബീര്‍ നാട്ടിക എന്നിവരാണ് രാജിക്കത്തില്‍ ഒപ്പുവെച്ചത്. കെ കെ സൂപ്പി ഹാജിയുടെ പേരിലും ഒപ്പുവെച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം ഒമാനില്‍ നിര്‍ജീവമാക്കുന്നതിന് പ്രസിഡന്റ് സി കെ വി യൂസുഫ് അംലഭാവപൂര്‍ണമായ നിലപാടുകള്‍ സ്വീകരിക്കുന്നതായാണ് കത്തിലെ ആരോപണം. സംഘടനാ ഫണ്ട് ചെലവഴിക്കുന്നതിലും കണക്ക് അവതരിപ്പിക്കുന്നതിനും വീഴ്ച വരുത്തിയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ മസ്‌കത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗം സി കെ വി യൂസുഫ് നിര്‍ത്തിവെപ്പിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ സംഘടാന വളര്‍ച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാതിരിക്കുന്നതിനോടൊപ്പം ആക്ടിംഗ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ അട്ടിമറിക്കുകയും സംഘടന നിശ്ചലമാക്കുകയും ചെയ്തുവെന്നും രാജിവെച്ച അംഗങ്ങള്‍ ആരോപിക്കുന്നു.
പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക മസ്‌കത്തില്‍ നിലച്ചിട്ട് ആറ് മാസത്തിലധികമായതിന് പുറമെ സ്വന്തം ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് വേണ്ടി പത്രം ഉപയോഗിക്കുകയും ചെയ്തു. ഇത് ചര്‍ച്ച ചെയ്യാന്‍ പോലും യോഗം വിളിക്കാതിരിക്കുന്നത് മസ്‌കത്തില്‍ കെ എം സി സി എത്തിച്ചേര്‍ന്നിരിക്കുന്ന പരിതാപകരമായ അവസ്ഥക്ക് ഉദാഹരണമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

റമസാനില്‍ പിരിച്ച റിലീഫ് തുക അവകാശികള്‍ക്ക് വിതരണം ചെയ്യുകയോ കണക്ക് അവതരിപ്പിക്കുകയോ പ്രസിഡന്റ് ചെയ്തിട്ടില്ല. റിലീഫ് പണം കമ്മിറ്റിയുടെ അനുവാദം കൂടാതെ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിച്ചുവെന്നും ഹൈദരിലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ളവരോട് കത്തിലൂടെ വ്യക്തമാക്കുന്നു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കപ്പെട്ടവരാണ് രാജിവെച്ചവരില്‍ ചിലരെന്നും ഇവര്‍ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ബാക്കിയുള്ളവരും രാജിക്ക് സന്നദ്ധമായതെന്നാണ് മനസിലാക്കുന്നതെന്നും പ്രസിഡന്റ് സി കെ വി യൂസുഫ് പറഞ്ഞു. എന്നാല്‍, മുസ്‌ലിം ലീഗിന് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഉള്‍പ്പടെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്. വിഷയത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കാന്‍ തയാറാണെന്നും സി കെ വി യൂസുഫ് പറഞ്ഞു.