ഹാദിയക്ക് പറയാനുളളത് വിശദമായി കേള്‍ക്കുമെന്ന് സുപ്രീംകോടതി

  • കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാദപ്രതിവാദം.
  • എന്‍ഐഎ സര്‍ക്കാരിന്റെ കളിപ്പാവയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ദുഷ്യന്ത് ദവെ.
  • കോടതിയില്‍ രാഷ്ട്രീയം വേണ്ടെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ്.
Posted on: October 9, 2017 4:48 pm | Last updated: October 10, 2017 at 10:41 am
SHARE

ന്യൂഡല്‍ഹി: ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി.

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നു സുപ്രീംകോടതി ചോദിച്ചു. ഹാദിയയ്ക്കു പറയാനുള്ളകാര്യങ്ങളെല്ലാം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

കേസില്‍ ഹാദിയയുടെ നിലപാട് അറിയണം. അവര്‍ക്കെന്താണു പറയാനുള്ളതെന്നു കേള്‍ക്കണം. ഹാദിയയെ തടവിലാക്കാന്‍ പിതാവ് അശോകന് കഴിയില്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണ് എന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി.

അതിനിടെ അഭിഭാഷകര്‍ തമ്മില്‍ വാദപ്രതിവാദമുണ്ടായി. എന്‍ഐഎ കേന്ദ്രസര്‍ക്കാരിന്റെ കയ്യിലെ പാവയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആരോപിച്ചു.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, എന്‍ഐഎ അന്വേഷണം തുടരണോ എന്ന കാര്യങ്ങളാണു പരിശോധിക്കുന്നത്.

വിവാഹബന്ധം റദ്ദാക്കാന്‍ ആര്‍ട്ടിക്കിള്‍ 226ാം വകുപ്പ് പ്രകാരം ഹൈക്കോടതിക്ക് അധികാരം നല്‍കുന്നുണ്ടോയെന്നാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്.

.

LEAVE A REPLY

Please enter your comment!
Please enter your name here