ഹാദിയ കേസ് ഇന്ന് സുപ്രീം കോടതിയില്‍

Posted on: October 9, 2017 9:39 am | Last updated: October 9, 2017 at 11:54 am

ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, കേസില്‍ എന്‍ഐഎ അന്വേഷണം തുടരണോ എന്നീ കാര്യങ്ങള്‍ സുപ്രീം കോടതി പരിശോധിക്കും. വിവാഹബന്ധം റദ്ദാക്കാന്‍ ഭരണഘടനയുടെ 226ാം അനുച്ഛേദം ഹൈക്കോടതിക്ക് അധികാരം നല്‍കുന്നുണ്ടോയെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ മേല്‍നോട്ട ചുമതല ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന എന്‍ഐഐ അന്വേഷണം നീതിപൂര്‍വമായിരിക്കില്ല എന്ന ഷെഫിന്‍ ജഹാന്റെ പരാതിയും കോടതി പരിഗണിക്കും.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അടക്കം ആറ് പേര്‍ ഹാദിയേകേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം. കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണത്തെ അനുകൂലിച്ച് ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്‍ഐഎ അന്വേഷണം വേണമെങ്കില്‍ അറിയിക്കുമായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ വസ്തുനിഷ്ഠമായ അന്വേഷണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹാദിയ വീട്ടുതടങ്കലിലാണെന്ന് കാണിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നേരത്തെ, എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ മാസം 24നാണ് മതം മാറിയ ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം കേരളാ ഹൈക്കോടതി റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിടുകയും ചെയ്തത്.