റെയില്‍വേയിലെ വി ഐ പി സംസ്‌കാരം അവസാനിപ്പിക്കുന്നു

Posted on: October 9, 2017 7:06 am | Last updated: October 9, 2017 at 12:07 am

ന്യൂഡല്‍ഹി: റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വി ഐ പി സംസ്‌കാരം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം. റെയില്‍വേ ഉദ്യോഗസ്ഥര്‍ പതിവ് സന്ദര്‍ശനത്തിന് സോണല്‍ ഓഫീസിലും മറ്റുമെത്തുമ്പോള്‍ ബൊക്കെ നല്‍കി സ്വീകരിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക യാത്രാ ആനുകൂല്യങ്ങളും ഒഴിവാക്കും. റെയില്‍വേ ജീവനക്കാരെ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടു ജോലിക്കാരാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശിച്ചു.

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും മറ്റ് അംഗങ്ങളും സോണല്‍ സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ ജനറല്‍ മാനേജര്‍ ഹാജരായിരിക്കണമെന്നുള്ള നിബന്ധനയും എടുത്തു കളഞ്ഞു. 1981 മുതല്‍ 36 വര്‍ഷമായി തുടരുന്ന പ്രോട്ടോകോള്‍ ചട്ടങ്ങളാണ് ഇതോടെ അസാധുവാകുന്നത്. വി ഐ പി സംസ്‌കാരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത് സെപ്തംബര്‍ 28നാണ്.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ 30,000 ട്രാക്ക്മാന്‍മാരാണ് ജോലി ചെയ്യുന്നത്. ഇവരോടെല്ലാം തിരികെ റെയില്‍വേ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ 6,000 പേര്‍ തിരികെയെത്തിയതായി റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

ഉദ്യോഗസ്ഥര്‍ക്ക് ബൊക്കെകളും സമ്മാനങ്ങളും നല്‍കുന്ന പതിവ് അവസാനിപ്പിക്കുക വഴി വി ഐ പി സംസ്‌കാരം പൂര്‍ണമായി ഇല്ലാതാക്കാനാകുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ ആഢംബര കോച്ചില്‍ യാത്ര ചെയ്യുന്നതും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കുന്നു. റെയില്‍വേ ബോര്‍ഡ് അംഗങ്ങള്‍, അമ്പത് ഡിവിഷനുകളിലായുള്ള സോണ്‍ ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഈ നിബന്ധന ബാധകമാണ്.
അതേസമയം, തിരക്കിട്ട് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.