Connect with us

Sports

വേദിയില്‍ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യും

Published

|

Last Updated

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളികാണാനെത്തുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചു. ആദ്യദിനത്തില്‍ കുടിവെള്ളം ലഭിക്കാതെ കാണികള്‍ വലഞ്ഞത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഡിയത്തില്‍ സൗജന്യ കുടിവെള്ളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒപ്പം സ്റ്റേഡിയത്തിനുള്ളിലെ ഭക്ഷണ വിതരണവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അടുത്ത മത്സരം മുതല്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യും.

കൊച്ചിയിലെ ആദ്യ മത്സരത്തിന് ശേഷം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ലോകകപ്പ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് ഇടപെട്ടതും വീഴ്ചകള്‍ പരിഹരിക്കുമെന്ന് അറിയിച്ചതും. സ്റ്റേഡിയത്തിനകത്തേക്ക് ഭക്ഷണവും കുടിവെള്ളവും കൊണ്ടുപോകുന്നതിന് വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊള്ളവിലയായിരുന്നു കച്ചവടക്കാര്‍ ഈടാക്കിയിരുന്നത്. ഒരു ലിറ്ററിന്റെ കുപ്പിവെള്ളം വില്‍ക്കുന്നതിന് പകരം അതുപൊട്ടിച്ച് ഗ്ലാസിലാക്കിയായിരുന്നു വില്‍പ്പന നടത്തിയത്. ഒരു ഗ്ലാസ് വെള്ളത്തിന് പത്ത് രൂപയും ഒരു ഗ്ലാസ് കോളക്ക് മുപ്പത് രൂപയുമാണ് ഈടാക്കിയിരുന്നത്. കൂടാതെ രണ്ട് സമോസക്ക് നാല്‍പ്പതും വെജിറ്റബിള്‍ ബിരിയാണിക്ക് 130ഉം രൂപയാണ് ഈടാക്കിയത്.
ഇരുപത് രൂപയുടെ ഒരു കുപ്പി പൊട്ടിച്ച് നാല് ഗ്ലാസുകളിലാക്കി വിറ്റതോടെ നാല്‍പ്പത് രൂപയാണ് കച്ചവടക്കാര്‍ നേടിയത്. ചില ഗ്യാലറികളില്‍ അര ലിറ്ററിന്റെ കുപ്പിവെളളം വിറ്റത് ഒരു കുപ്പി വെള്ളത്തിന്റെ വില ഈടാക്കിയാണ്. ചിലയിടങ്ങളില്‍ അമ്പത് രൂപയാണ് ഒരു ലിറ്റര്‍ വെള്ളത്തിന് ഈടാക്കിയത്.
ഇതോടൊപ്പം രാജ്യാന്തര നിലവാരമുണ്ടാകേണ്ട ശുചിമുറികളുടെ സ്ഥിതിയും പരിതാപകരമായിരുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന ശുചിമുറികളില്‍ നിന്ന് വെള്ളം കോരിയെടുത്ത് ഒഴിവാക്കാന്‍ മുഴുവന്‍ സമയവും തൂപ്പുജോലിക്കാരെ നിര്‍ത്തുകയായിരുന്നു.