ഫലസ്തീന്‍: ആവശ്യം സൃഷ്ടിയുടെ മാതാവാണ്

ഗാസ കേന്ദ്രീകരിച്ച് ഭരണം കൈയാളുന്ന ഹമാസും വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫതഹും എല്ലാ അര്‍ഥത്തിലും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പുലരാന്‍ പോകുന്ന ഏകീകരണം എല്ലാ വിഭാഗങ്ങള്‍ക്കും ആശ്വാസം പകരുന്നതാണ്. ഹമാസിനെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെടലില്‍ നിന്നുള്ള രക്ഷയാണ് ഈ ഐക്യം. ഫതഹിനാണെങ്കില്‍ അനുരഞ്ജനത്തിന്റെ തണുപ്പിലേക്ക് വീണു പോയ സംഘടനയെ പോരാട്ടവീര്യത്തിലേക്ക് ഉണര്‍ത്താനുള്ള അവസരവും. മാധ്യസ്ഥ്യം ഈജിപ്തിനായതിനാലും ഹമാസ് മുന്‍ നിലപാടുകളില്‍ നിന്ന് പിന്നാക്കം പോകുന്നു എന്നത് കൊണ്ടും അറബ് രാജ്യങ്ങള്‍ക്ക് കുറേക്കൂടി ആത്മാര്‍ഥതയോടെ ഫലസ്തീനിലേക്ക് നോക്കാന്‍ സാധിക്കും. എന്നാല്‍ ഈ ഐക്യം അപ്രസക്തമാക്കാന്‍ പോകുന്നത് മഹ്മൂദ് അബ്ബാസിനെയായിരിക്കും. അദ്ദേഹം ഗാസയോട് സ്വീകരിച്ച സമീപനം അല്‍പ്പം കടുത്തുപോയെന്ന വിമര്‍ശം ശക്തമാണ്. പുതിയ സാഹചര്യത്തില്‍ ഫതഹില്‍ പുതിയ നേതൃനിര വളര്‍ന്നുവരും
ലോകവിശേഷം
Posted on: October 8, 2017 9:32 am | Last updated: October 7, 2017 at 10:50 pm

സാഹചര്യത്തിന്റെ സമ്മര്‍ദങ്ങള്‍ ഏത് അനൈക്യത്തെയും അപ്രസക്തമാക്കുകയും പുനരൈക്യത്തിന്റെ നന്‍മയിലേക്ക് നയിക്കുകയും ചെയ്യും. പൊതു ശത്രുവിന്റെ നീക്കങ്ങള്‍ എത്ര മാരകമാകുന്നുവോ അത്രമാത്രം ഈ ഐക്യത്തിന്റെ സാധ്യത ഏറും. ദേശ രാഷ്ട്രങ്ങളുടെ നിലനില്‍പ്പ് തന്നെ ഈ തത്വത്തില്‍ അധിഷ്ഠിതമാണ്. ഒരുമിച്ച് നില്‍ക്കാന്‍ രാഷ്ട്രത്തിലെ വിവിധ ധാരകളെ പ്രേരിപ്പിക്കുന്നത് പുറത്ത് നിന്നുള്ള ഇടിച്ചു കയറല്‍ അത്രമേല്‍ രൂക്ഷവും ഉന്‍മൂലനപരവുമാകുമ്പോഴാണ്. രാഷ്ട്രം സാധ്യമാകുന്നതിന്റെ അര്‍ഥവത്തായ പ്രതീക്ഷകള്‍ ഏറെ വിദൂരതയില്‍ നില്‍ക്കുന്ന ഫലസ്തീനിലെത്തുമ്പോള്‍ ഐക്യത്തിന്റെ ആഭ്യന്തര മാതൃകകള്‍ കൂടുതല്‍ അനിവാര്യമാകുന്നു. ഐക്യപ്പെടാത്ത ഫലസ്തീന് ഒരിക്കലും അതിജീവനം സാധ്യമല്ല. ഒറ്റക്കെട്ടായി നിന്നാല്‍ പോലും ഇന്നത്തെ ആഗോള സാഹചര്യം വെച്ച് ഫലസ്തീന് അവകാശപ്പെട്ട മണ്ണ് തിരിച്ചു കിട്ടുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഇതാണ് അവസ്ഥയെന്ന് പൂര്‍ണ ബോധ്യമായിട്ടും പരസ്പരം പോരടിച്ച് നില്‍ക്കുന്ന ഫലസ്തീന്‍ ഗ്രൂപ്പുകളെയാണ് ലോകം കാണുന്നത്. എന്ത്‌കൊണ്ടാണ് ഫലസ്തീന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ നിങ്ങള്‍ വേണ്ട വിധം പിന്തുണക്കാത്തതെന്ന് ഏതെങ്കിലും ഒരു അറബ് ഭരണാധികാരിയോട് ചോദിച്ചു നോക്കൂ. അവരുടെ ഉത്തരം ഒറ്റ വരിയായിരിക്കും. ‘ആദ്യം അവര്‍ ഐക്യപ്പെടട്ടേ’

ഐക്യത്തിന്റെ വെല്ലുവിളി ഫലസ്തീന്‍ നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന ഊഷ്മളമായ ലോക വിശേഷമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത്. ഗാസ കേന്ദ്രീകരിച്ച് ഭരണം കൈയാളുന്ന ഹമാസും വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫതഹും എല്ലാ അര്‍ഥത്തിലും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രിയും ഫതഹ് നേതാവുമായ റാമി ഹംദല്ലയുടെ ഗാസാ സന്ദര്‍ശനവും അവിടെ നടന്ന സംയുക്ത മന്ത്രിസഭാ യോഗവും ഐക്യപ്പെടലിന്റെ വലിയ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മണ്ണില്‍ നിന്നുകൊണ്ട് എനിക്ക് ലോകത്തോട് ചിലത് പറയാനുണ്ടെന്ന് പ്രഖ്യാപിച്ച ഹംദല്ല ഐക്യശ്രമങ്ങളെ ആവേശഭരിതമാക്കി. ഹമാസാകട്ടേ തങ്ങളുടെ മന്ത്രിസഭ പിരിച്ചു വിട്ട് ഐക്യ മന്ത്രിസഭക്ക് ആക്കം കൂട്ടുകയും ചെയ്തു. ആഘോഷപൂര്‍വമാണ് ഹംദല്ലയെയും സംഘത്തെയും ഗാസാ ജനത വരവേറ്റത്. ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് നേതാക്കള്‍ എത്തുമ്പോള്‍ മാത്രമേ ഇങ്ങനെ ഊഷ്മളമായി അവര്‍ പെരുമാറുകയുള്ളൂ.

സായുധപാതയില്‍ അടിയുറച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ച ഹമാസ് ആ നിലപാടില്‍ നിന്ന് അല്‍പ്പം പിന്നോട്ട് പോയാണ് 2006ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്നവര്‍ ഗാസയില്‍ കൂറ്റന്‍ ഭൂരിപക്ഷം നേടി. വ്യവസ്ഥാപിതമായ മാര്‍ഗത്തിലേക്ക് ഉണരുകയാണ് ഒരു പോരാട്ട സംഘടന ചെയ്യേണ്ടതെന്ന് ഹമാസിനെ ജനം പഠിപ്പിക്കുകയായിരുന്നു. വിജയം ഹമാസിനെ ലഹരി പിടിപ്പിച്ചു. അവര്‍ ഗാസയില്‍ പ്രത്യേക സര്‍ക്കാറുണ്ടാക്കി. യാസര്‍ അറഫാത്തിന്റെ പ്രിയ ശിഷ്യന്‍ അബൂമാസന്‍ (മഹ്മൂദ് അബ്ബാസ്) നേതൃത്വം നല്‍കുന്ന ഫലസ്തീന്‍ അതോറിറ്റിയെന്ന സംവിധാനത്തില്‍ നിന്ന് ഹമാസ് പുറത്ത് കടന്നു. ഇതോടെ ഗാസയെ ശിക്ഷിക്കാന്‍ ഇസ്‌റാഈലിനും കൂട്ടാളികള്‍ക്കും എളുപ്പമായി. അവര്‍ ഫലസ്തീന്‍ അതോറിറ്റിയെ തലോടി. ഗാസക്ക് മേല്‍ ബോംബ് വര്‍ഷിച്ചു. എല്ലാ അതിര്‍ത്തികളും അടച്ച് ഗാസയെ ശരിക്കും വളഞ്ഞിട്ടു. ഫലസ്തീന്‍ അതോറിറ്റിക്ക് അന്താരാഷ്ട്ര സഹായം പ്രവഹിച്ചു കൊണ്ടിരുന്നു. ഗാസക്ക് ഉപരോധം മാത്രം. ഫലസ്തീന്‍ ജനതയെ ശിഥിലീകരിക്കാനും അതുവഴി പോരാട്ടത്തെ അപ്രസക്തമാക്കാനുമുള്ള സയണിസത്തിന്റെ തന്ത്രം വിജയിക്കുകയായിരുന്നു. ഫതഹും ഹമാസും നിരന്തരം ഏറ്റുമുട്ടി. പലപ്പോഴും അത് തെരുവുയുദ്ധത്തോളം എത്തി. അപ്പോഴെല്ലാം ഇസ്‌റാഈല്‍ ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ പണിത് ഫലസ്തീന്‍ മണ്ണ് കവര്‍ന്നു കൊണ്ടിരുന്നു. ഗാസക്ക് മേല്‍ ക്രൂരമായ ഉപരോധങ്ങള്‍ക്ക് അബ്ബാസും നേതൃത്വം നല്‍കി. ചര്‍ച്ചയിലൂടെ ഫലസ്തീന്‍ വാങ്ങിച്ചെടുക്കാനാകുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോകുന്ന മഹ്മൂദ് അബ്ബാസ് നടത്തിയ അനുരഞ്ജന ചര്‍ച്ചകളില്‍ ഹമാസിനെ പാഠം പഠിപ്പിക്കണമെന്ന ഇനം കൂടി ഉള്‍പ്പെടുത്താറുണ്ടായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. ഏറ്റവും ഒടുവില്‍ ഗാസയിലേക്കുള്ള വൈദ്യുതി പോലും തടയുന്ന ഫലസ്തീന്‍ അതോറിറ്റിയെയാണ് പിന്നെ കണ്ടത്. റഫാ അതിര്‍ത്തി അടച്ച് ഈജിപ്തും ഈ ഒറ്റപ്പെടുത്തല്‍ യജ്ഞത്തില്‍ പങ്കു ചേര്‍ന്നു. ഹമാസും വെറുതെയിരിക്കുകയായിരുന്നില്ല. അവര്‍ തുര്‍ക്കിയുമായും ഇറാനുമായും ഖത്വറുമായും ബന്ധം ശക്തമാക്കി. ഈ നീക്കം മേഖലയിലാകെ അസ്വസ്ഥത പടര്‍ത്തിയെന്നത് സഊദി- ഖത്വര്‍ ഭിന്നത മാത്രം നോക്കിയാല്‍ മനസ്സിലാകും. ഫലസ്തീന്റെ ശത്രുക്കളെ ഈ സ്ഥിതി വിശേഷം കുറച്ചൊന്നുമല്ല ആനന്ദിപ്പിച്ചത്.

2014ലാണ് ഈ സ്ഥിതി വിശേഷത്തില്‍ വലിയ മാറ്റമുണ്ടായത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ പല തലങ്ങളില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കണ്ടു തുടങ്ങുകയായിരുന്നു. 2014 ജൂണ്‍ രണ്ടിന് ഹമാസും ഫതഹും ആത്യന്തികമായ അനുരഞ്ജന കരാറില്‍ ഒപ്പു വെച്ചു. ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവര്‍ തീരുമാനിച്ചു. വിഭജിച്ച് ഭരിക്കുകയെന്ന സാമ്രാജ്യത്വ അജന്‍ഡ എക്കാലവും വിജയിക്കാന്‍ പോകുന്നില്ലെന്ന് ഈ കരാര്‍ പ്രഖ്യാപിച്ചു. ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന് പേരിട്ട 2014ലെ ക്രൂരമായ ഗാസാ ആക്രമണ പരമ്പരയുടെ അടിസ്ഥാന കാരണം ഐക്യമായിരുന്നു. ശരിയായ ഐക്യ സര്‍ക്കാര്‍ സാധ്യമായാല്‍ ഫലസ്തീന്‍ ജനത കണക്ക് ചോദിച്ചു തുടങ്ങുമെന്ന് ഇസ്‌റാഈലിന് നന്നായറിയാം. അതിനാല്‍ ഗാസയെ കൂടുതല്‍ ദുര്‍ബലമാക്കുകയായിരുന്നു ആ ആക്രമണത്തിന്റെ ലക്ഷ്യം. ഐക്യ സാധ്യത കൂടുതല്‍ തെളിയുന്നതാണ് പക്ഷേ, പിന്നീട് കണ്ടത്. ഹമാസ് ആയുധം ഉപേക്ഷിച്ചുവെന്നല്ല. ഫതഹ് അതിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞുവെന്നുമല്ല. അവശേഷിക്കുന്ന ഇത്തിരി മണ്ണെങ്കിലും അന്യാധീനപ്പെടാതിരിക്കാനുള്ള ഐക്യപ്പെടല്‍. അതാണ് കൈറോയില്‍ ഒപ്പുവെച്ച ഫതഹ്- ഹമാസ് ഐക്യ കരാറിന്റെ അന്തസ്സത്ത.

അന്നത്തെ ഐക്യ ശ്രമങ്ങള്‍ക്ക് ഗാസാ ആക്രമണമാണ് ശക്തി പകര്‍ന്നതെങ്കില്‍ എല്ലാ അതിര്‍ത്തികളും ഇടിച്ചു നിരത്തി മുന്നേറുന്ന ഇസ്‌റാഈലിന്റെ അധിനിവേശ തന്ത്രങ്ങളാണ് പുനരൈക്യത്തെ പുതിയ സാഹചര്യത്തില്‍ അനിവാര്യമാക്കുന്നത്. അല്‍ അഖ്‌സക്ക് ചുറ്റും രൂപപ്പെട്ട സംഘര്‍ഷങ്ങളും വ്യാപകമാകുന്ന കുടിയേറ്റ ഭവന സമുച്ചയ നിര്‍മാണങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ രക്ഷാകര്‍തൃത്വവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ജൂതരാഷ്ട്രം നയതന്ത്ര ബന്ധം ശക്തമാക്കുന്നതും ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല എന്ന നിലയിലേക്ക് ഫലസ്തീന്‍ ഐക്യ ശ്രമങ്ങളെ അനിവാര്യമാക്കി തീര്‍ത്തു. ഈ വര്‍ഷം ഫെബ്രുവരി ഏഴിന് ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റ് പാസ്സാക്കിയ ‘റഗുലേഷന്‍ ബില്‍’ ഫലസ്തീനെ മാത്രമല്ല ലോകത്തെയാകെ വെല്ലുവിളിക്കുന്നതായിരുന്നു. 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് ഈ ബില്ല്. കൂടാതെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ജനുവരി തുടക്കത്തില്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ 2334ാം പ്രമേയത്തിലെ മഷിയുണങ്ങും മുമ്പാണ് ഇസ്‌റാഈല്‍ പാര്‍ലിമെന്റ് കുടിയേറ്റ ബില്‍ പാസ്സാക്കിയതെന്നോര്‍ക്കണം. ഫലസ്തീന് അവകാശപ്പെട്ട പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ നിര്‍മിക്കുന്ന ജൂത കുടിയേറ്റ ഭവനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു യു എന്‍ പ്രമേയം. ഇത്തരമൊരു പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ജനുവരിയില്‍ പതിവ് തെറ്റിച്ചു. യു എസ് വിട്ടു നിന്നു. പ്രമേയം പാസ്സായി. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബരാക് ഒബാമ തന്നോട് തന്നെ ചെയ്ത നീതിയായിരുന്നു അത്.

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിനോട് പ്രതികരിച്ചത് ജനുവരി 20 അത്ര അകലെയൊന്നുമല്ലല്ലോ എന്നായിരുന്നു. ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ഇനാഗ്രേഷന്‍ ദിവസമായിരുന്നു ജനുവരി 20. ട്രംപ് പറഞ്ഞത് ചെയ്തു. ഇസ്‌റാഈല്‍ കൊണ്ടുവന്ന കുടിയേറ്റ ബില്ലിനെ അതിശക്തമായി പിന്തുണച്ചു അദ്ദേഹം. മാത്രമല്ല യു എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. അത് ഒരു ചെറിയ കാര്യമല്ല. ജറൂസലം ചരിത്രപരമായും ആധുനിക കരാറുകളുടെ ഭാഗമായും ഫലസ്തീന് അവകാശപ്പെട്ടതാണ്. ഈ പുണ്യഭൂമി ഫലസ്തീന്റെ തലസ്ഥാനനഗരിയാകേണ്ടതാണ്. അവിടെ അമേരിക്കയുടെ ഇസ്‌റാഈല്‍ എംബസി കെട്ടിപ്പൊക്കുകയെന്നാല്‍ അതിനര്‍ഥം, ഈ ഭൂവിഭാഗം ഇസ്‌റാഈലിന്റെ ഭാഗമാണെന്ന് യു എസ് പ്രഖ്യാപിക്കുന്നുവെന്നാണ്. ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ നിലവില്‍ വരാന്‍ പോകുമ്പോള്‍ അധിനിവേശം കൂടുതല്‍ വേഗത്തിലാക്കുകയാണ് ഇസ്‌റാഈല്‍. അത് കൃത്യമായ കണക്കു കൂട്ടലുകളോടെയാണ്. അന്താരാഷ്ട്ര മധ്യസ്ഥര്‍ക്ക് ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ഐക്യം വഴിയൊരുക്കും. ചര്‍ച്ചകള്‍ മുഴുവന്‍ 1967 ന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് ഇസ്‌റാഈല്‍ പിന്‍വാങ്ങണമെന്നതില്‍ കേന്ദ്രീകരിച്ചായിരിക്കും. 1967ലെ ആക്രമണത്തില്‍ ഇസ്‌റാഈല്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ തിരക്കിട്ട് ജൂത സമുച്ചയങ്ങള്‍ പണിയുന്നതും കൂടുതല്‍ ഭൂമി സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിക്കുന്നതും ഇത് മുന്‍ കൂട്ടിക്കണ്ടാണ്. തങ്ങളുടെ ജനതയുടെ ‘സ്വാഭാവിക’ വാസസ്ഥലത്തില്‍ നിന്ന് അവരെ കുടിയിറക്കരുതെന്ന വാദം ഉയര്‍ത്താന്‍ വേണ്ടിയാണിത്.

പുലരാന്‍ പോകുന്ന ഏകീകരണം എല്ലാ വിഭാഗങ്ങള്‍ക്കും ആശ്വാസം പകരുന്നതാണ്. ഹമാസിനെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെടലില്‍ നിന്നുള്ള രക്ഷയാണ് ഈ ഐക്യം. ഫതഹിനാണെങ്കില്‍ അനുരഞ്ജനത്തിന്റെ തണുപ്പിലേക്ക് വീണു പോയ സംഘടനയെ പോരാട്ടവീര്യത്തിലേക്ക് ഉണര്‍ത്താനുള്ള അവസരവും. മാധ്യസ്ഥ്യം ഈജിപ്തിനായതിനാലും ഹമാസ് മുന്‍ നിലപാടുകളില്‍ നിന്ന് പിന്നാക്കം പോകുന്നു എന്നത് കൊണ്ടും അറബ് രാജ്യങ്ങള്‍ക്ക് കുറേക്കൂടി ആത്മാര്‍ഥതയോടെ ഫലസ്തീനിലേക്ക് നോക്കാന്‍ സാധിക്കും. എന്നാല്‍ ഈ ഐക്യം അപ്രസക്തമാക്കാന്‍ പോകുന്നത് മഹ്മൂദ് അബ്ബാസിനെയായിരിക്കും. അദ്ദേഹം ഗാസയോട് സ്വീകരിച്ച സമീപനം അല്‍പ്പം കടുത്തു പോയെന്ന വിമര്‍ശം ശക്തമാണ്. പുതിയ സാഹചര്യത്തില്‍ ഫതഹില്‍ പുതിയ നേതൃനിര വളര്‍ന്നു വരും.