Connect with us

National

വധശിക്ഷ നടപ്പാക്കുമ്പോള്‍ വേദന കുറഞ്ഞ രീതികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

വധശിക്ഷ നടപ്പാക്കുമ്പോള്‍ വേദന കുറഞ്ഞ രീതികള്‍ സ്വീകരിക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ സഹായത്തോടെയാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. അഭിഭാഷകനായ റിഷി മല്‍ഹോത്രയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ജസ്റ്റിസ് ദീപക് മിശ്ര, എഎം കന്‍വില്‍ഖര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് മൂന്നാഴ്ചയ്ക്കകം മറുപടി അറിയിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചത്. ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുശേഷം കോടതി വാദം കേള്‍ക്കും.

ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിഷയത്തില്‍ നിരീക്ഷണങ്ങള്‍ നടത്തി. ഇന്ന് സാധുത ഉള്ളതിന് ഭാവിയില്‍ സാധുത ഉണ്ടാവണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

വധശിക്ഷയ്ക്ക് ഇരയാവുന്ന പ്രതികള്‍ക്ക് വേദനയില്ലാതെ മരിക്കാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. തൂക്കിലേറ്റുമ്പോള്‍കടുത്ത വേദനയാണ് കുറ്റവാളി അനുഭവിക്കുന്നത്. വേദനയില്ലാതെ മരിക്കാന്‍ ഒരു വ്യക്തി എന്ന നിലയില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കഴുത്തില്‍ കയര്‍ മുറുക്കി വധശിക്ഷ നടപ്പാക്കുന്നതിലൂടെ അയാളുടെ അന്തസും മരണത്തിന്റെ മഹത്വവും നഷ്ടപ്പെടുകയാണെന്നും റിഷി മല്‍ഹോത്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.