Connect with us

Ongoing News

കര്‍ഷകന്‍ കുഴിയിലിറങ്ങുമ്പോള്‍

Published

|

Last Updated

കര്‍ഷകരോടും കോടിക്കണക്കായ ദരിദ്രരോടും രാജ്യത്തിന്റെ ഭരണവ്യവസ്ഥക്ക് എന്ത് സമീപനമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറയുന്നത്. ഈ സംഭവവികാസങ്ങളില്‍ മിക്കവയും അരങ്ങേറുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മധ്യപ്രദേശില്‍ കടാശ്വാസം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതില്‍ കഴിഞ്ഞ ജൂണില്‍ മരിച്ചു വീണത് അഞ്ച് കര്‍ഷകരാണ്. നൂറ് കണക്കിനാളുകള്‍ക്ക്് അന്ന് പരുക്കേറ്റു. ഈ സംഭവത്തെ തുടര്‍ന്ന് ചില ഇളവുകള്‍ക്ക് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭ തയ്യാറായിരുന്നു. എന്നാല്‍ കര്‍ഷക പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. പ്രഖ്യാപിച്ച കടാശ്വാസത്തില്‍ കടുത്ത വിവേചനം തുടരുന്നുവെന്നും പുതിയ നിബന്ധനകള്‍ കൊണ്ടുവന്ന് ആശ്വാസത്തിന്റെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സമരങ്ങള്‍. ഈ സമരത്തെ പോലീസിനെ ഇറക്കി അടിച്ചമര്‍ത്തുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നേരത്തേ വെടിവെപ്പ് നടന്ന ബുന്ദേല്‍ഖണ്ഡില്‍ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസ് ബലപ്രയോഗം നടന്നത്. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവുമായി കലക്ടറേറ്റിന് മുന്നില്‍ ജാഥയായി എത്തിയതായിരുന്നു കര്‍ഷകര്‍. റാലിയില്‍ പങ്കെടുത്തവര്‍ മിക്കവരും നാമമാത്ര കര്‍ഷകരായിരുന്നു. സാധാരണഗതിയില്‍ സമാധാനപരമായി അവസാനിക്കുമായിരുന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. ചിതറിയോടിയ കര്‍ഷകരില്‍ ചിലരെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. ഇവരെ സ്റ്റേഷനിലെത്തിച്ച് വിവസ്ത്രരാക്കി നിര്‍ത്തുകയെന്ന ശിക്ഷയാണ് പോലീസ് നല്‍കിയത്. ചിലരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കര്‍ഷകര്‍ അര്‍ധ നഗ്‌നരായി പോലീസ് സ്‌റ്റേഷനില്‍ ഇരിക്കുന്നതിന്റെയും വസ്ത്രം തോളിലിട്ട് സ്‌റ്റേഷന് പുറത്ത് പോകുന്നതിന്റേയും ചിത്രം കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് തങ്ങളെ പോലീസ് മര്‍ദിച്ചതായും വസ്ത്രം അഴിപ്പിച്ചതായും കര്‍ഷകര്‍ പറഞ്ഞു.

എന്നാല്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് കോണ്‍ഗ്രസ് അജന്‍ഡയോടെയാണെന്നും പോലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞത് കൊണ്ടാണ് സമരക്കാരെ അറസ്റ്റ് ചെയ്തതെന്നുമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നത്. കോണ്‍ഗ്രസ് മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിവസ്ത്രരാക്കിയതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗും പറഞ്ഞിട്ടുണ്ട്.

ബി ജെ പി ഭരിക്കുന്ന രാജസ്ഥാനും കര്‍ഷക പ്രക്ഷോഭത്തിന്റെ നടുവിലാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നിന്ദാര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ മണ്ണില്‍ കുഴിയുണ്ടാക്കി അതില്‍ ഇറങ്ങി നിന്നാണ് പ്രതിഷേധിക്കുന്നത്. ഭവന പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വെക്കുന്നു. 333 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തതിന് 60 കോടി രൂപയാണ് സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വെച്ചത്. ഇത് സ്വീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കമ്പോള വിലയനുസരിച്ച് നഷ്ടപരിഹാരം കിട്ടാതെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന നിലപാടിലാണ് അവര്‍. എന്നാല്‍ കൊടുക്കേണ്ടതെല്ലാം കൊടുത്തു കഴിഞ്ഞു, ഇനി തീരുമാനിക്കേണ്ടത് കര്‍ഷകരാണെന്ന് മുഖ്യമന്ത്രി വസുന്ധരാ രാജെ തീര്‍ത്തു പറയുന്നു. പല വിധത്തിലുള്ള സമരങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ ശ്രദ്ധിക്കാതെ വന്നതോടെയാണ് “ശവസംസ്‌കാര സത്യഗ്രഹ”വുമായി കര്‍ഷകര്‍ രംഗത്തിറങ്ങിയത്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി റീസര്‍വേ ചെയ്യണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നു.

പ്രകൃതി കനിഞ്ഞാലും വിപണിയും ഭരണകൂടവും കനിയില്ലെന്നതാണ് കര്‍ഷകരുടെ അനുഭവം. കാര്‍ഷിക വിപണി കോര്‍പറേറ്റ്‌വത്കരിച്ചതോടെ അവധിവ്യാപാരമടക്കമുള്ള സംവിധാനങ്ങള്‍ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുകയാണ്. അതിനിടക്കാണ് നോട്ട് നിരോധനം പോലുള്ള മുന്‍പിന്‍ നോക്കാത്ത നടപടികള്‍. കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യയിലേക്ക് എടുത്തുചാടുകയാണ്. 2014ല്‍ 5650 കര്‍ഷക ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2015ല്‍ അത് 8007 ആയി ഉയര്‍ന്നുവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍ സി ആര്‍ ബി) പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 38.7 ശതമാനത്തിനും കാരണം കടക്കെണിയാണ്. കൃഷിനാശവും മറ്റുമാണ് 19.5 ശതമാനത്തിന് വഴിയൊരുക്കിയത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആത്മഹത്യ കൂടുതലെന്നാണ് കണക്കുകള്‍. ഏറ്റവും മുന്നില്‍ മഹാരാഷ്ട്രയാണ്.

മേക് ഇന്‍ ഇന്ത്യയെ കുറിച്ചും ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചും മേനി പറയുന്ന കേന്ദ്ര സര്‍ക്കാറും അതിനെ നയിക്കുന്ന പാര്‍ട്ടിയും ഒരു കാര്യം അംഗീകരിക്കാന്‍ തയ്യാറാകണം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് കൃഷി തന്നെയാണ്. കര്‍ഷകന്റെ കണ്ണീരൊപ്പാതെ കോര്‍പറേറ്റുകള്‍ക്ക് വീണ്ടും വീണ്ടും ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ കര്‍ഷകന്‍ സമരത്തിലേക്ക് ഇറങ്ങുകയല്ലാതെ എന്ത് ചെയ്യും. ആ സമരത്തെ പാതകമായി കണ്ട് അവരുടെ തുണിയുരിയുകയല്ല, പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമ്പദ്‌വ്യവസ്ഥക്ക് നിവര്‍ന്ന് നില്‍ക്കാനുള്ള ശക്തി പകരുകയാണ് ഭരണക്കാര്‍ ചെയ്യേണ്ടത്. അതിന് നിലവിലെ മുന്‍ഗണനകള്‍ മാറിയേ തീരൂ.