Connect with us

Gulf

ഖത്വറില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാത്ത വിഭാഗത്തില്‍ കൂടുതല്‍ തൊഴിലുകളെ ഉള്‍പ്പെടുത്തും

Published

|

Last Updated

ദോഹ: ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അര്‍ഹതയില്ലാത്ത വിഭാഗത്തില്‍ കൂടുതല്‍ തൊഴിലുകളെ ഉള്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ് നീങ്ങുന്നതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് ഡ്രൈവിംഗ് പഠനത്തിനും അര്‍ഹതയുണ്ടായിരിക്കില്ല. ഭരണനിര്‍വഹണവുമായി (അഡ്മിന്‍) ബന്ധപ്പെട്ട തൊഴിലുകള്‍ക്കായിരിക്കും സമീപഭാവിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുക. നിലവില്‍ 180ലധികം തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ സാധിക്കില്ല.
അഡ്മിന്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന്റെ ആവശ്യമില്ല. കമ്പനികള്‍ ഗതാഗത സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം ജോലികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹതയില്ലാത്ത തൊഴിലുകളില്‍ കൂടുതല്‍ തസ്തികള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അതോടെ അത്തരം തൊഴിലുകളിലേര്‍പ്പെടുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും ട്രാഫിക് വകുപ്പ് ജനറല്‍ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ ദി പെനിന്‍സുലയോട് പറഞ്ഞു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹതയില്ലാത്ത തൊഴിലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ ഗതാഗതകുരുക്ക് പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ തൊഴിലുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നത്.
നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സിന് വലിയതോതില്‍ ആവശ്യകത വര്‍ധിക്കുന്നുണ്ട്. വന്‍കിട നഗര വികസന പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ വേണ്ടി ഗതാഗതവകുപ്പ് കാത്തിരിക്കുകയാണ്. റോഡുകളുടെയും പാലങ്ങളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയായി ഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുന്നതോടെ ഗതാഗത നയങ്ങളില്‍ ഇളവുവരുത്തുമെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
അതേസമയം എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിന് അനുമതി നല്‍കിയതായും തൊഴിലാളികള്‍ക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സ് അനുവദിക്കാറുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെയും മോട്ടോര്‍സൈക്കിള്‍ ലൈസന്‍സിന് ആവശ്യകത കുറവാണ്.

യുവജനങ്ങള്‍ മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സ് എടുക്കാന്‍ മുന്നോട്ടുവരണം. 50 ശതമാനം ഖത്വരി യുവാക്കളും ലൈസന്‍സില്ലാതെയാണ് മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നത്. അത്തരത്തില്‍ വാഹനമോടിക്കുന്നത് അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഗൗരവതരമായ അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷകരുടെ സൗകര്യവും തൃപ്തിയും കണക്കിലെടുത്ത് ഡ്രൈവിംഗ് ടെസ്റ്റിനുള്ള സമയം രാവിലെ അഞ്ചില്‍ നിന്ന് ഏഴ് മണിയായി നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റിനായി പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി സ്മാര്‍ട്ട് കാര്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ മാത്രമാണെന്നും ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest