അരിയില്‍ ശുകൂര്‍ വധക്കേസ്: ഹൈക്കോടതി പരാമര്‍ശങ്ങള്‍ വിചാരണയെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി

Posted on: October 5, 2017 12:01 am | Last updated: October 4, 2017 at 11:17 pm

ന്യൂഡല്‍ഹി: അരിയില്‍ ശുകൂര്‍ വധക്കേസ് സി ബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ അബദ്ധവും അനുചിതവും അസ്ഥാനത്തുള്ളതുമാണെന്ന് സുപ്രീംകോടതി. ഹൈക്കോടതി നിരീക്ഷണങ്ങള്‍ തെറ്റാണെന്നും വിചാരണയെ തന്നെ ഇത് സ്വാധീനിക്കാനിടയുണ്ടെന്നും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. കേസിന്റെ തുടരന്വേഷണം സി ബി ഐക്ക് വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സംസ്ഥാന പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസ് സി ബി ഐക്ക് വിട്ട ഹൈക്കോടതി നടപടി ശരിയാണോ എന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വിശദമായി പരിശോധിക്കാമെന്ന് അറിയിച്ച സുപ്രീം കോടതി സംസ്ഥാനസര്‍ക്കാറിനും സി ബി ഐക്കും നോട്ടീസ് അയച്ചു.

കേസില്‍ സംസ്ഥാന പോലീസിന് ശരിയായ അന്വേഷണം നടത്താനായില്ലെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഡി ജി പിയായിരുന്ന ടി പി സെന്‍കുമാറിന്റെ നടപടി ഒരു രീതിയിലും ന്യായീകരിക്കാനാകില്ലെന്ന് പി ജയരാജന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് വാദിച്ചു. അന്വേഷണം പൂര്‍ത്തിയായി ഒരുവര്‍ഷത്തിന് ശേഷം പോലീസ് മേധാവിയായിരുന്ന ഒരാള്‍ അന്വേഷണം നടന്നത് ശരിയായ രീതിയില്‍ അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ദൂരുഹമാണ്.

അന്വേഷണം സി ബി ഐക്ക് വിടുന്നതിന് മുമ്പ് താന്‍ ഉള്‍പ്പടെയുള്ളവരുടെ ഭാഗം കേള്‍ക്കാത്തത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. ശുകൂറിന്റെ മാതാവിന്റെ വികാരം കണക്കിലെടുത്ത കോടതി കേസില്‍ സംസ്ഥാന പോലീസ് നടത്തിയ വിശദമായ അന്വേഷണം പരിഗണിച്ചില്ല. ഹൈക്കോടതി വിധിയിലെ ചില അനാവശ്യ പരാമര്‍ശങ്ങള്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണമെന്ന തങ്ങളുടെ സ്വാഭാവികമായ അവകാശത്തെ പ്രതികൂലമായി ബാധിച്ചു. നിക്ഷിപ്തതാത്പര്യക്കാരായ ചില മാധ്യമങ്ങളുടെ നിറം പിടിപ്പിച്ച കഥകളുടെയും മുന്‍വിധികളുടെയും അടിസ്ഥാനത്തിലുള്ളതാണ് പ്രസ്തുത പരാമര്‍ശങ്ങളെന്ന കാര്യം വ്യക്തമാണെന്നും ഹരജിക്കാര്‍ പറഞ്ഞു.