Connect with us

Articles

കേരളത്തെയാണ് ഈ രക്ഷായാത്ര വെല്ലുവിളിക്കുന്നത്

Published

|

Last Updated

കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നിന്നാരംഭിച്ച ബി ജെ പിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാറിന്റെ രക്ഷായാത്ര കേരളത്തിന്റെ പ്രബുദ്ധതയെയും ദേശീയജനാധിപത്യമൂല്യങ്ങളെയും വെല്ലുവിളിക്കുന്ന ഹിന്ദുത്വ അജന്‍ഡയുടെ വിളംബരമാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ചിലത് “ചെങ്കോട്ടയെ ഇളക്കിമറിച്ച ജനരക്ഷായാത്ര” എന്നൊക്കെ തലക്കെട്ടുനല്‍കിയ അമിത് ഷായും കുമ്മനവും നയിച്ച സംഘ്പരിവാര്‍ യാത്ര കേരളത്തെ ഇരുട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള വര്‍ഗീയ അജന്‍ഡയുടെ വഷളന്‍ പ്രകടനമാണ്. നവോത്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പ്രകാശനാളങ്ങളെ തല്ലിക്കെടുത്തുന്ന ന്യൂനപക്ഷവിരുദ്ധതയുടെയും മതാന്ധതയുടെയും അക്രമോത്സുകമായ പ്രകടനമാണ് മാര്‍ച്ചിലുടനീളം കണ്ടത്.

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ കേരളം ജിഹാദികളുടെ താവളമാണെന്നാണ് ആക്ഷേപിച്ചത്. കേന്ദ്രമന്ത്രി പ്രകാശ്ജാവേദ്കര്‍ കേരളത്തില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ മാവോയിസ്റ്റ് വാഴ്ചയാണെന്നാണ് അടിച്ചുവിട്ടത്. ജിഹാദികളുടെ പേരുപറഞ്ഞ് ന്യൂനപക്ഷ സമൂഹങ്ങളെയാകെ ഭീകരവാദികളായി ചിത്രീകരിക്കുന്ന ഹിന്ദുത്വവാദികളുടെ വിദേ്വഷരാഷ്ട്രീയമാണ് അമിത്ഷായും പിറകെവരുന്ന യോഗിആദിത്യനാഥും കേരളത്തില്‍ അടിച്ചുകയറ്റാന്‍ ശ്രമിക്കുന്നത്.
വര്‍ഗീയകലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ചോരയൊലിക്കുന്ന ദംഷ്ട്രകള്‍ മറച്ചുപിടിച്ചുകൊണ്ടാണ് ഗുജറാത്തില്‍ നിന്നും യു പിയില്‍ നിന്നും അമിത് ഷായും യോഗി ആദിത്യനാഥും കേരളത്തില്‍ രക്ഷായാത്ര നടത്താന്‍ വന്നിരിക്കുന്നത്. ആര്‍ എസ് എസിന്റെ ചരിത്രമെന്നത് കലാപങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രമാണ്. ഇന്ത്യ-പാക് വിഭജനകാലത്ത് ദശലക്ഷക്കണക്കിന് മുസ്‌ലിംകളെയും ഹിന്ദുക്കളെയും കൊലചെയ്യുന്നതിന്റെ ചാലകശക്തിയായി വര്‍ത്തിച്ചത് ആര്‍ എസ് എസും ഹിന്ദുമഹാസഭയുമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്ന എല്ലാ വര്‍ഗീയ കലാപങ്ങളിലും ആര്‍ എസ് എസിനുള്ള പങ്ക് അനിഷേധ്യമാണ്.
1960-നും 71-നുമിടക്ക് നടന്ന 7964 വര്‍ഗീയകലാപങ്ങളില്‍ ആര്‍ എസ്എസ് വഹിച്ച കുറ്റകരമായ പങ്ക് ഇവയെക്കുറിച്ച് അനേ്വഷിച്ച കമ്മീഷനുകള്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. 1972-നും 84-നും ഇടക്ക് 6510 കലാപങ്ങളാണ് നടന്നത്. 1985-നും 89-നുമിടക്ക് 2400 വര്‍ഗീയകലാപങ്ങള്‍ നടന്നു. 1990-കള്‍ക്കുശേഷമുള്ള മൂന്ന് ദശകങ്ങളില്‍ രാജ്യത്ത് നടന്ന എല്ലാ വര്‍ഗീയ കലാപങ്ങളുടെയും ആസൂത്രകര്‍ സംഘ്പരിവാര്‍ സംഘടനകളായിരുന്നു. ബാബരിമസ്ജിദിന്റെ തകര്‍ച്ചയും അതിനെ തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലുമൊക്കെയുണ്ടായ കലാപങ്ങളിലും ആയിരക്കണക്കിന് നിരപരാധികളാണ് വധിക്കപ്പെട്ടത്.
മലേഗാവ്, മക്ക മസ്ജിദ്, സംഝോത എക്‌സ്പ്രസ് തുടങ്ങിയ സ്‌ഫോടനപരമ്പരകള്‍ സംഘ്പരിവാര്‍ തന്നെ ആസൂത്രണം ചെയ്ത് നടത്തിയതായിരുന്നു. സ്‌ഫോടനങ്ങള്‍ നടത്തി മുസ്‌ലിം ഭീകരവാദികളാണ് അതിനുത്തരവാദികളെന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണവും സംഘര്‍ഷവും പടര്‍ത്തുക എന്ന അജന്‍ഡയാണ് ആര്‍ എസ് എസിനുള്ളത്.

മുംബൈ കലാപം അനേ്വഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് കലാപത്തിലും അതിന്റെ ആസൂത്രണത്തിലുമുള്ള പങ്ക് അസന്ദിഗ്ധമായ ഭാഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ വര്‍ഗീയ നരഹത്യകള്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ന്യൂനപക്ഷ ഹിംസയുടെ ഇരുണ്ട ഏടുകളാണ്.
തീവ്രഹിന്ദുത്വത്തിന്റെ വെടിയുണ്ടകള്‍ക്ക് ഇരയായിട്ടാണ് ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ വിലപ്പെട്ട ജീവനുകള്‍ രാജ്യത്തിന് നഷ്ടമായത്. കലാപവും കൊലപാതകവും ഹിന്ദുരാഷ്ട്രസാക്ഷാത്കാരത്തിനുള്ള മാര്‍ഗവും ലക്ഷ്യവുമായി തിരഞ്ഞെടുത്തവരാണ് കേരളത്തില്‍ വന്ന് അക്രമരാഷ്ട്രീയത്തിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നത്. ചെകുത്താന്‍ വേദമോതുന്നു എന്നുപറയും പോലെ പരിഹാസ്യവും അശ്ലീലകരവുമാണ് അമിത്ഷായുടെയും കുമ്മനത്തിന്റെയും അക്രമവിരുദ്ധ രക്ഷായാത്ര.

സാമ്രാജ്യത്വവിരുദ്ധ സമരത്തെ ഒറ്റിക്കൊടുത്ത ബ്രിട്ടീഷ് പാദസേവയുടെ അഴുക്കുചാലുകളില്‍ നിന്നും വളര്‍ന്നുവന്ന കൂത്താടികളുടെ പ്രസ്ഥാനമാണ് ആര്‍ എസ് എസും ഹിന്ദുമഹാസഭയുമെല്ലാം. കാപട്യവും നുണപ്രചാരണവുമാണ് അവരുടെ എക്കാലത്തെയും രാഷ്ട്രീയവും പ്രവര്‍ത്തനശൈലിയും. നാം ഒന്നാമതായി ഹിന്ദുക്കളാണെന്നും രണ്ടാമതായേ ഇന്ത്യക്കാരാവുന്നുള്ളൂ വെന്നും പ്രഖ്യാപിച്ച് ബ്രിട്ടീഷ് വിരുദ്ധസമരത്തില്‍ നിന്ന് മാറിനിന്നവരുടെ ഇന്നത്തെ പ്രതിനിധികള്‍ കേരളത്തെ തകര്‍ക്കാനുള്ള തങ്ങളുടെ കേരള രക്ഷായാത്രയുടെ ഉദ്ഘാടനവേദിയായി പയ്യന്നൂര്‍ തിരഞ്ഞെടുത്തത് എന്തായാലും യാദൃശ്ചികമാവില്ല. ഇന്ന് ഇടതുപക്ഷ സ്വാധീനപ്രദേശമായ പയ്യന്നൂര്‍ സാമ്രാജ്യത്വവിരുദ്ധ സമരചരിത്രത്തിലെ ഉജ്ജ്വലമായ സ്മരണകള്‍ നെഞ്ചിലേറ്റി കിടക്കുന്ന മണ്ണാണ്. സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയിലാണ് പയ്യന്നൂരിലും പൊതുവെ മലബാറിലും കര്‍ഷക-തൊഴിലാളി സമരങ്ങളും ഇടതുപക്ഷരാഷ്ട്രീയ പ്രസ്ഥാനവും വളര്‍ന്നുവന്നത്.

സാമ്രാജ്യത്വവിരുദ്ധസമരത്തെ ഒറ്റിക്കൊടുത്തവര്‍ പയ്യന്നൂരില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള യാത്ര ആരംഭിക്കുന്നത് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും സ്വാധീനത്തെയും ജീവിതമൂല്യങ്ങളെയും തകര്‍ക്കുകയെന്ന അജന്‍ഡയോടുകൂടിയാണ്. 1929-ല്‍ ലാഹോറില്‍ ചേര്‍ന്ന എ ഐ സി സി സമ്മേളനമാണ് പൂര്‍ണസ്വാതന്ത്ര്യദിനം ആഘോഷിക്കാനും നിയമലംഘനപ്രസ്ഥാനം ആരംഭിക്കാനും തീരുമാനിച്ചത്. ലാഹോര്‍ സമ്മേളനത്തിന്റെ ആഹ്വാനമനുസരിച്ചാണ് കേരളത്തിലും നിയമലംഘനപ്രസ്ഥാനം ആരംഭിക്കാനും പയ്യന്നൂരില്‍ ഉപ്പുസത്യാഗ്രഹപ്രക്ഷോഭം നടത്താനും കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്.

1930 മാര്‍ച്ച് 9-നാണ് വടകരയിലെ കേരള കേസരി പത്രം ഓഫീസില്‍ ചേര്‍ന്ന കെ പി സി സി യോഗം സത്യാഗ്രഹ സമരത്തിന് രൂപം നല്‍കുന്നതും പയ്യന്നൂര്‍ ഉപ്പ് സത്യാഗ്രഹവേദിയായി തിരഞ്ഞെടുക്കുന്നതും. സത്യാഗ്രഹ സമരത്തിനാവശ്യമായ വളണ്ടിയര്‍മാരെ കണ്ടെത്താനും പണം പിരിക്കാനും ആവശ്യമായ എല്ലാകാര്യങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ കേളപ്പജി ചെയര്‍മാനായി മൊയാരത്ത്ശങ്കരന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, പി കെ കുഞ്ഞിശങ്കരമേനോന്‍ എന്നിവര്‍ അംഗങ്ങളായ ഒരു കമ്മിറ്റിയെ നിയോഗിച്ചു.
യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കോട്ടപ്പറമ്പില്‍ നടന്ന പൊതുയോഗത്തില്‍ കേളപ്പജിയുടെ പ്രസംഗം അലങ്കോലപ്പെടുത്താന്‍ ജന്മിമാരും പോലീസും നടത്തിയ പേക്കൂത്തുകള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. മഹാത്മാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും സത്യാഗ്രഹസമരത്തെയും അധിക്ഷേപിച്ച് ജന്മി പ്രമാണി കുടുംബങ്ങളില്‍ നിന്ന് വന്നവര്‍ നടത്തിയ മുദ്രാവാക്യം വിളിയും പ്രസംഗങ്ങളും ബ്രിട്ടീഷ് പോലീസുകാരുടെ സഹായത്തോടെയായിരുന്നു. ഇവരുടെ പ്രതിനിധിയായ കൃഷ്ണക്കുറുപ്പ് എന്ന സ്വാതന്ത്ര്യസമരവിരോധിയായ പ്രമാണി ഗാന്ധിയും കേളപ്പനും സമരം നടത്തുന്നത് വടക്കേമലയാളത്തിലെ ഹിന്ദുക്കളെ കൊല്ലിക്കാനാണെന്നുവരെ വിളിച്ചുപറഞ്ഞു.

അത്തരം വിഭാഗങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നത്തെ ആര്‍ എസ് എസുകാര്‍. വടക്കേമലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ബൃഹത്തായ ജനമുന്നേറ്റമായിരുന്നു പയ്യന്നൂര്‍ ഉപ്പ് സത്യാഗ്രഹം. ഉപ്പുസത്യാഗ്രഹത്തില്‍ നിന്ന് ഹിന്ദുക്കളെ പിന്തിരിപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ച വരേണ്യവര്‍ഗങ്ങളുടെ പ്രതിനിധികളാണ് അമിത് ഷായും കുമ്മനവും യോഗി ആദിത്യനാഥുമെല്ലാം. ചരിത്രത്തെ കൊഞ്ഞനംകുത്തുന്ന വര്‍ഗീയവാദികളുടെ ജിഹാദിസത്തിനും ചുവപ്പുഭീകരതക്കുമെതിരായ ആക്രോശങ്ങള്‍ ആഗോള സാമ്രാജ്യത്വമൂലധനത്തെയും ഇന്ത്യന്‍ കോര്‍പറേറ്റുകളെയും സംരക്ഷിക്കാനുള്ള നാണം കെട്ട രാഷ്ട്രീയ നാടകങ്ങള്‍ മാത്രമാണ്.

 

Latest