കാസര്‍കോട് ചെറുവത്തൂരില്‍ ബിജെപി ആര്‍എസ്എസ് തേര്‍വാഴ്ച; ആശുപത്രിക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ്

Posted on: October 3, 2017 11:14 pm | Last updated: October 4, 2017 at 6:52 pm
ബിജെപി ആക്രമണത്തില്‍ തകര്‍ന്ന എടിഎം

 

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരിലും നീലേശ്വരത്തും ബിജെപി ആര്‍എസ്എസ് തേര്‍വാഴ്ച. നിരവധി സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പടന്നക്കാട് പള്ളിക്കും മദ്‌റസക്കും നേരെയും കെ എച്ച് ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. പയ്യന്നൂരില്‍ ബിജെപി റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരാണ് യാതൊരു പ്രകോപനവും കൂടാതെ ആക്രമണം അഴിച്ചുവിട്ടത്. ഇരുപതോളം ബസ്സുകളില്‍ എത്തിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പോലീസ് ബന്തവസ് ഏര്‍പെടുത്തിയിട്ടുണ്ട്.

വഴിയരികില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. കടകളുടെ ചില്ലുകളും കയ്യൂര്‍ റോഡിലെ ഒരു വസ്ത്രകടയും സി ഐടിയുവിന്റെ കൊടുമരവും മറ്റും ആക്രമണത്തില്‍ തകര്‍ന്നു. പടന്നക്കാട് മദ്രസക്ക് നേരെ കല്ലേറുണ്ടായെങ്കിലും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനെതിരെയും ശക്തമായ കല്ലേറുണ്ടായി. ഇതിന് കാരണക്കാര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.