Connect with us

Kozhikode

പി ടി ഉഷക്ക് നഗരത്തില്‍ സ്ഥലം നല്‍കുന്നതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനും കോര്‍പറേഷനും വിയോജിപ്പ്

Published

|

Last Updated

കോഴിക്കോട്: ഒളിമ്പ്യന്‍ പി ടി ഉഷക്ക് നഗരത്തില്‍ വീട് നിര്‍മിക്കാന്‍ സ്ഥലം നല്‍കുന്നതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനും വിയോജിപ്പ്. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഒളിമ്പ്യന്‍ പി ടി ഉഷക്ക് വീട് നിര്‍മിക്കാന്‍ നല്‍കരുതെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗവും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
പരിമിതമായ സൗകര്യങ്ങളുള്ള എന്‍ജിനീയറിംഗ് കോളജിന്റെ സ്ഥലം നല്‍കുന്നതില്‍ യോജിപ്പില്ലെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ഇവിടെ പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സ്ഥലം നല്‍കാനുള്ള നടപടികള്‍. അത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. സംസ്ഥാന സര്‍ക്കാര്‍ തന്നെ എല്ലാം തീരുമാനിക്കട്ടെ. എതായാലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇത് വലിയ വിവാദമാക്കാന്‍ ഉദ്‌ദേശിക്കുന്നില്ല. ടി പി ദാസന്‍ പറഞ്ഞു.
തനിക്ക് നഗരത്തില്‍ വീട് വെക്കാന്‍ സ്ഥലം വേണമെന്ന് പി ടി ഉഷ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചിരുന്നത്. വെസ്റ്റ് ഹില്ലിലെ ഗവ. എന്‍ജിനീയറിംഗ് കോളജ് ഹോസ്റ്റലിന്റെ സ്ഥലം പി ടി ഉഷക്ക് നല്‍കാനായി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു. പി ടി ഉഷയും ഇക്കാര്യം അംഗീകരിച്ചിരുന്നു. അത് സംബന്ധമായ നടപടികള്‍ പുരോഗമിക്കുമ്പോഴാണ് കഴിഞ്ഞ മാസാവസാനം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതിനെതിരെ പ്രമേയം വന്നത്. വെസ്റ്റ്ഹില്ലില്‍ സ്ഥലം നല്‍കുന്നതിനെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും എതിര്‍ക്കുകയും ചെയ്തു.
അതിനിടയില്‍ പി ടി ഉഷക്ക് നഗരത്തില്‍ തന്നെ ഒന്നിലധികം സ്ഥലങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗര മധ്യത്തില്‍ മാവൂര്‍ റോഡിലും സ്ഥലമുണ്ടെന്നാണ് വാര്‍ത്തകള്‍. വെസ്റ്റ്ഹില്‍ ചുങ്കത്ത് ഉഷക്കും സഹോദരിക്കും 40 സെന്റ് ഭൂമിയുണ്ടെന്ന് പ്രസ്തുത കൗണ്‍സിലില്‍ തന്നെ കോര്‍

പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബുരാജ് ഉന്നയിക്കുകയുണ്ടായി. ഇതിനു പുറമെയാണ് മാവൂര്‍ റോഡില്‍ സ്ഥലമുള്ളതായി വാര്‍ത്ത വന്നത്. ഇതിന് കോടികള്‍ വില മതിക്കും. ഈ സ്ഥലത്തിന് മാവൂര്‍ റോഡിലെ സ്വകാര്യ ആശുപത്രി സെന്റിന് ഒരു കോടി രൂപ വില പറഞ്ഞുവെങ്കിലും വിറ്റില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ നഗരത്തില്‍ വീണ്ടും ഭൂമി ആവശ്യപ്പെട്ട കായികതാരത്തിന്റെ നടപടിയാണ് വിവാദമായത്.
വെസ്റ്റ്ഹില്‍ എന്‍ജിനീയറിംഗ് കോളജില്‍ ഇപ്പോള്‍ തന്നെ സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുകയാണെന്ന് കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ജിനീയറിംഗ് കോളജിന് നിയമപ്രകാരം അഞ്ച് ഏക്കര്‍ സ്ഥലം വേണ്ടിടത്ത് ഇവിടെ അഞ്ച് ഏക്കറില്‍ താഴെ സ്ഥലമേയുള്ളൂ. ഹോസ്റ്റല്‍ സൗകര്യവും വളരെ കുറവാണ്.

1500 ഓളം കുട്ടികള്‍ പഠിക്കുന്ന കോളജില്‍ 150 ല്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ ഹോസ്റ്റല്‍ സൗകര്യമുള്ളൂ. ഈ അവസ്ഥയിലാണ് ഹോസ്റ്റലിന്റെ ഭാഗമായുള്ള സ്ഥലം വിട്ടു നല്‍കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. പി ടി ഉഷക്ക് വേറെ എവിടെയെങ്കിലും സ്ഥലം വിട്ടു നല്‍കണമെന്ന നിലപാടാണ് കൗണ്‍സിലില്‍ പ്രതിപക്ഷവും സ്വീകരിച്ചത്. എന്നാല്‍, പിന്നീടാണ് പി ടി ഉഷക്ക് നഗരത്തില്‍ വേറെയും സ്ഥലങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
കായിക താരങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുക എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായുള്ള നടപടികളാണ് തുടരുന്നതെന്ന് ടി പിദാസന്‍ പറഞ്ഞു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും ഭൂമിയുള്ളവര്‍ക്ക് വീട് എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ രണ്ടും ഉള്ളവരും ഇപ്പോള്‍ ഇതൊക്കെ വാങ്ങുന്നുണ്ടെന്നാണ് അറിവ്. സ്ഥലവും വീടും ഉള്ളവര്‍ക്ക് വീണ്ടും കൊടുക്കേണ്ട ആവശ്യമില്ലെന്നാണ് അഭിപ്രായം. മത്സരത്തില്‍ ജയിച്ചു എന്നതിന്റെ പേരില്‍ ഭൂമിയോ, വീടോ കൊടുക്കുക എന്നത് ഒരു കാലത്തും ഒരു സര്‍ക്കാറും ചെയ്തിട്ടില്ല. പക്ഷേ, എല്ലാം മാറി മറിഞ്ഞിരിക്കുന്നു. എല്ലാം സര്‍ക്കാര്‍ തീരുമാനിക്കട്ടെ.

പയ്യോളിയില്‍ പി ടി ഉഷക്ക് സര്‍ക്കാര്‍ നേരത്തെ തന്നെ ഭൂമിയും വീടും നല്‍കിയിട്ടുണ്ട്. പക്ഷേ, തനിക്ക് നഗരത്തില്‍ വീട് വേണമെന്നും അതിന് സ്ഥലം വേണമെന്നും താരം ആവശ്യപ്പെട്ടതനുസരിച്ചാണ് വെസ്റ്റ് ഹില്ലില്‍ സ്ഥലം നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചത്. പി ടി ഉഷക്ക് വേറെയും ഭൂമിയുള്ള കാര്യം സര്‍ക്കാറിനെ അറിയിക്കുമോ എന്ന ചോദ്യത്തിന് സര്‍ക്കാറിന് അക്കാര്യം അറിയാമല്ലോ എന്നായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ മറുപടി. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം, കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആദരവിന്റെ ഭാഗമാണ് വീടും ഭൂമിയും നല്‍കലെന്നും ഇവിടെ താരത്തിന് വേറെ ഭൂമിയുണ്ടോ എന്നത് വിഷയമല്ലെന്നും പി ടി ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ പ്രതികരിച്ചു. അത് ഒരു സര്‍ക്കാര്‍ പദ്ധതിയാണ്. അതില്‍ സ്ഥലം കണ്ടെത്തുന്നതിലോ, മറ്റു നടപടിക്രമങ്ങളിലോ തങ്ങള്‍ക്ക് ഒരു പങ്കുമില്ല. വെസ്റ്റ്ഹില്ലിലെ ഭൂമി അനുയോജ്യമാണോ എന്ന് സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിരുന്നു. മറ്റെല്ലാം സര്‍ക്കാര്‍ നടപടികളാണ്. അദ്‌ദേഹം പറഞ്ഞു.
പയ്യോളിയില്‍ പി ടി ഉഷക്ക് കണ്ടെത്തിയ സ്ഥലം അനുയോജ്യമെന്ന് സി പി എമ്മിലെ ബിജു രാജാണ് ഇത് സംബന്ധിച്ച് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് ആവശ്യമായ ഹോസ്റ്റല്‍ പോലുമില്ലാത്ത എന്‍ജിനീയറിംഗ് കോളജിന്റെ ആകെയുള്ള സ്ഥലം പി ടി ഉഷക്ക് നല്‍കുന്നതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പി ടി ഉഷക്ക് വീട് നിര്‍മിക്കാന്‍ വേണമെങ്കില്‍ മറ്റെവിടെയെങ്കിലും സ്ഥലം നല്‍കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണിക്കാട്ടി.
10 സെന്റ് സ്ഥലമാണ് പി ടി ഉഷക്ക് നല്‍കുന്നത്. ഇത് സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ തീരുമാനം റദ്ദ് ചെയ്യണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. 1500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന എന്‍ജിനീയറിംഗ് കോളജില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണമെന്ന് അംഗങ്ങള്‍ ആവശ്യപെട്ടു.

 

 

Latest