ഇന്ധന വില കുത്തനെ കൂട്ടി; വിമാന നിരക്ക് ഉയരും

Posted on: October 3, 2017 10:07 am | Last updated: October 3, 2017 at 10:07 am

ന്യൂഡല്‍ഹി: വിമാന ഇന്ധന വില തുടര്‍ച്ചയായി അഞ്ചാം മാസവും വര്‍ധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ – എ ടി എഫ്) വില ആറ് ശതമാനമാണ് ഇന്നലെ വര്‍ധിപ്പിച്ചത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇത് അഞ്ചാം തവണയാണ് വിമാന ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് മാസങ്ങളിലായി മൊത്തം 25 ശതമാനമാണ് (9985.87) വില കൂട്ടിയത്.

ഡല്‍ഹിയില്‍ പുതുക്കിയ ഇന്ധന വില കിലോ ലിറ്ററിന് 53,045 രൂപയാണ്. നേരത്തെ ഇത് 50,020 രൂപയായിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് മൂവായിരം രൂപയുടെ വര്‍ധനവാണ് അനുഭവപ്പെടുക. സെപ്തംബറില്‍ എ ടി എഫിന് നാല് ശതമാനം വില വര്‍ധിപ്പിച്ചിരുന്നു.

വിമാന ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനയുടെ സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. വിമാന യാത്രാനിരക്ക് പതിനഞ്ച് മുതല്‍ ഇരുപത് വരെ ശതമാനം വര്‍ധിപ്പിക്കാനാണ് പ്രമുഖ വിമാനക്കമ്പനികളുടെ ആലോചന. എന്നാല്‍, നിരക്ക് വര്‍ധന സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ വിമാനക്കമ്പനികള്‍ തയ്യാറായിട്ടില്ല. ഇന്ധന വില തുടരെ തുടരെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ വിമാനക്കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് ഓരോന്നിനും അയ്യായിരം രൂപ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അതേസമയം വിമാനനിരക്കിലുണ്ടായേക്കാവുന്ന വര്‍ധന പ്രവാസികള്‍ക്ക് ആശങ്കയോടെ മാത്രമേ നോക്കിക്കാണാനാകൂ. ഇപ്പോള്‍ തന്നെ സീസണുകളില്‍ വിമാനക്കമ്പനികള്‍ നിരക്കില്‍ വന്‍ വര്‍ധനവ് വരുത്തുന്നത് മൂലം പ്രവാസികള്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്.