Connect with us

Kerala

'മഞ്ഞക്കൊന്ന'യില്‍ പൊറുതിമുട്ടി വയനാടന്‍ വനമേഖല

Published

|

Last Updated

വയനാടന്‍ കാടുകളിലെ മഹാഗണി വൃക്ഷങ്ങള്‍

കല്‍പ്പറ്റ: വനത്തെ പൂര്‍ണമായും വിഴുങ്ങാന്‍ കഴിയുന്ന സെന്നകാസിയ സ്‌പെക്റ്റബിലിസ്(രാക്ഷസക്കൊന്ന- മഞ്ഞക്കൊന്നയുടെ കുടുംബം) എന്ന അധിനിവേശ സസ്യം വയനാട്ടില്‍ വ്യാപകമാകുന്നു. സ്വാഭാവിക വനത്തെ ഇല്ലാതാക്കി പടര്‍ന്നുപിടിക്കുകയാണ് ഈ സസ്യമെന്ന് പരിസ്ഥിതി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കൃത്യമായ പഠനം നടത്താതെ വിദേശത്ത് നിന്ന് വിത്ത് കൊണ്ടു വന്ന് നട്ടുപിടിപ്പിച്ചതാണ് ഈ സസ്യവര്‍ഗം. വയനാടന്‍ വനമേഖലയുടെ ഏതാണ്ട് ഭൂരിഭാഗം മേഖലകളിലും ഇവ വളരുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ വനമേഖലയിലാണ് ഇവ വ്യാപകമായി വളരുന്നത്. സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, ബന്ദിപൂര്‍ മേഖലയിലും കര്‍ണാടകത്തിലെ ബെള്ള റയിഞ്ചിലും ഇവ കടന്നു കൂടിയിട്ടുണ്ട്.
ഏത് കാലാവസ്ഥയിലും പെട്ടെന്ന് വളരുമെന്നതാണ് ഇതിന്റെ പ്രതേ്യകത. രണ്ടാം വര്‍ഷം പൂത്ത് കായാകും. കായ് ഒന്നുപോലും നഷ്ടപ്പെടാതെ പരിസരം മുഴുവന്‍ കിളിര്‍ത്ത് നിറയും. അഞ്ച് വര്‍ഷം കൊണ്ട് ഒരു മരം ആയിരക്കണക്കായി ഒരു പ്രദേശം മുഴുവന്‍ പടര്‍ന്നുപിടിക്കും. ഇലയോ പൂവോ കായയോ ജീവികള്‍ ഭക്ഷിക്കാറില്ല. ഇതിന്റെ കറ ചേര് മരം പോലെ മനുഷ്യരിലും മൃഗങ്ങളിലും പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്യും.
ഇതുപോലെ, വനത്തെ നശിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മഹാഗണി. നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാത്രം അഞ്ച് ലക്ഷം മഹാഗണി തൈകള്‍ നട്ടിരുന്നു. ഭീമാകാരമായി വളരുന്നതും വേരുകള്‍ മണ്ണിനു മുകളില്‍ വള്ളിക്കെട്ടുപോലെ വളര്‍ന്ന് അതില്‍നിന്ന് നൂറ് കണക്കിന് മരങ്ങള്‍ വളരുന്നതുമാണ് മഹാഗണി. പരിസരത്ത് മറ്റൊരു മരമോ ചെടിയോ കിളിര്‍ക്കാന്‍ ഇവ അനുവദിക്കില്ല. മുറിച്ചുവിറ്റാല്‍ നല്ല വില കിട്ടുമെന്നതാണ് വനം വകുപ്പ് ഈ മരത്തെ പ്രോത്സാഹിപ്പിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. മഹാഗണി വനത്തില്‍ നടരുതെന്ന് തിരുനെല്ലി പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജിംഗ് കമ്മിറ്റി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും വനംവകുപ്പ് വകവെക്കുന്നില്ലെന്നാണ് ആക്ഷേപം.
സെന്ന നശിപ്പിക്കാന്‍ മരം മുറിച്ച് കുറ്റിയില്‍ മണ്ണെണ്ണ ഒഴിക്കലാണ് ഏകമാര്‍ഗം. ഇതിന് നിയമം അനുവദിക്കുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. കേരള, കര്‍ണാടക, തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ സംയുക്തമായി പരിശ്രമിച്ചാല്‍ മാത്രമേ പൂര്‍ണമായും സെന്നയെ ഉന്മൂലനം നടത്താന്‍ കഴിയൂ.

തെക്കെ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹര വനമേഖല, ജൈവവൈവിധ്യത്തിന്റെ കലവറ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് വയനാടിനുള്ളത്. ദീര്‍ഘവീക്ഷണം ഇല്ലാത്ത ഇടപെടലിന്റെ ഭാഗമായി തേക്ക്, യൂക്കാലി, അക്കേ്വഷ്യ തോട്ടങ്ങള്‍ വനത്തിനുള്ളില്‍ തളിര്‍ത്ത് വളര്‍ന്നതോടെ ഈ വിശേഷണങ്ങള്‍ക്ക് മങ്ങലേറ്റ് തുടങ്ങി. വന ശോഷണത്തില്‍ കാലാവസ്ഥയും തകിടം മറിഞ്ഞിരിക്കുകയാണ്.
വയനാടന്‍ കാടുകളുടെ പഴമ തിരിച്ചുപിടിക്കണമെന്നും ഇതിനായി വയനാടിനെ സ്‌നേഹിക്കുന്നവര്‍ ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

 

Latest