Connect with us

Editorial

ഉദ്യോഗസ്ഥ മേഖലയിലെ ദുശ്ശീലങ്ങള്‍

Published

|

Last Updated

തിരുവനന്തപുരത്ത് എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ജീവിക്കാനുള്ള പണം ശമ്പളമായി ലഭിക്കുന്നുണ്ട് ഉദ്യോഗസ്ഥര്‍ക്ക്. എന്നാലും കിട്ടുന്നത് കൊണ്ട് തൃപതരാകാത്തവരാണ് അവരില്‍ നല്ലൊരുവിഭാഗമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക തരം ആര്‍ത്തിയാണു അവര്‍ക്ക്. കിട്ടുന്നതെല്ലാം പോരട്ടെ എന്നതാണ് നിലപാട്. ഇത്തരക്കാരാണ് പൊതുമരാമത്ത് വകുപ്പിന്റെ ദുരവസ്ഥക്കു കാരണം. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മ കൊണ്ടാണ് സമയ ബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്. നബാര്‍ഡില്‍ നിന്നു ഫണ്ട് ലഭിച്ചാലും പല പദ്ധതികളും തുടങ്ങാത്ത അവസ്ഥയാണ്. പദ്ധതികളുടെ പണം വിനിയോഗിക്കുന്നതില്‍ സംസ്ഥാനം വളരെ പിറകിലാണെന്നും ഉദ്യോഗസ്ഥ അഴിമതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കിട്ടുന്ന ശമ്പളംകൊണ്ട് ജീവിക്കാന്‍ പഠിക്കണമെന്നും പൊതുമരാമത്തിലെ ശീലം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സംസ്ഥാനത്തെ റോഡുകള്‍ തന്നെ ധാരാളമാണ് പൊതുമരാമത്തിലെ അഴിമതിയും കൃത്യവിലോപവും മനസ്സിലാക്കാന്‍. ഇവിടെ മാത്രമല്ല, എല്ലാ വകുപ്പുകളിലുമുണ്ട് അഴിമതിക്കാര്‍. ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മണ്ണ്, മണല്‍ മാഫിയാസംഘങ്ങളുമായും ക്വട്ടേഷന്‍ ഇടപാടുകാരുമായുമുള്ള കൂട്ടുകെട്ടിനെക്കുറിച്ചു പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഗുണ്ടാബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കയച്ച സര്‍ക്കുലറില്‍ ബെഹ്‌റ ആവശ്യപ്പെടുകയുമുണ്ടായി.

നല്ല ലക്ഷ്യത്തോടെയും ബുദ്ധിശക്തിയോടെയും മാനവികതയോടെയും നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും താറുമാറാക്കുകയും നൂലാമാലകള്‍ നിറഞ്ഞതാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനെ ബ്യൂറോക്രസി എന്ന് പറയാമെന്നാണ് കാറല്‍ മാര്‍ക്‌സ് പറഞ്ഞത്. ഇന്ത്യന്‍ ബ്യൂറോക്രസി സംവിധാനത്തിനായിരിക്കും ഈ നിര്‍വചനം ഏറ്റവും നന്നായി ചേരുക. ഏഷ്യയിലെ ഏറ്റവും മോശം ബ്യൂറോക്രസി ഇന്ത്യയിലാണെന്ന് 2012-ല്‍ ഹോങ്കോംഗ് ആസ്ഥാനമായ പൊളിറ്റിക്കല്‍ ആന്റ്ഇക്കണോമിക് റിസ്‌ക് കണ്‍സള്‍ട്ടന്‍സി നടത്തിയ പഠന ത്തില്‍ പറയുന്നുണ്ട്. വിയറ്റ്‌നാം, ഇന്തോനേഷ്യ, ചൈന, ഫിലിപ്പൈന്‍സ് രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ ഭേദമാണ് ഇക്കാര്യത്തില്‍. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യന്‍ ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതയെക്കുറിച്ചു എടുത്തു പറയുകയുണ്ടായി. “ചുവപ്പുനാട”യില്‍ ഇന്ത്യന്‍ ബ്യൂറോക്രസിക്കുള്ള വൈദഗ്ധ്യം അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യം വളര്‍ച്ചയില്‍ നിന്ന് പിന്നോട്ട് പോകുമെന്നായിരുന്നു ഡല്‍ഹി ഐ ഐ ടി യില്‍ പ്രഭാഷണം നടത്തവെ കെറിയുടെ മുന്നറിയിപ്പ്.
ബ്യൂറോക്രസിയെ അഴിമതി മുക്തവും കാര്യക്ഷമവുമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാനത്തെ സര്‍ക്കാറുകളെല്ലാം അധികാരത്തിലേറാറ്.

ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്നും സര്‍ സി പിയുടെ മൂക്ക് അരിഞ്ഞ നാടാണ് കേരളമെന്നു കൂടി ഉദ്യോഗസ്ഥര്‍ ഓര്‍ത്തിരിക്കണമെന്നുമായിരുന്നു പൊന്നാനി -ഗുരുവായൂര്‍ ദേശീയപാതയുടെ നവീകരണോദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി സുധാകരന്‍ പറഞ്ഞത്. എന്നിട്ടും സംസ്ഥാനത്തെ അഴിമതിക്കാരും കൃത്യനിര്‍വഹണ ബോധമില്ലാത്തവരുമായ ഉദ്യോഗസ്ഥ വൃന്ദത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും അഴിമതി അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികാരമേറ്റ ഉടനെ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സര്‍വീസ് മേഖലയില്‍ അദ്ദേഹം ചില നടപടിച്ചട്ടങ്ങളും പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥര്‍ അത് അനുസരിക്കാത്തത് കൊണ്ടാണല്ലോ പിന്നെയും അദ്ദേഹത്തിന് അടിക്കടി മുന്നറിയിപ്പ് നല്‍കേണ്ടി വരുന്നത്?

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭരിക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ ഭരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. ജനാധിപത്യത്തെ ഉദ്യോഗസ്ഥ മേധാവിത്വം വിഴുങ്ങിയിരിക്കുകയാണ്. ഇവിടെ ഭരണമാറ്റം ഉണ്ടായാലും ഭരണസംവിധാനങ്ങളും ഉദ്യോഗസ്ഥ ശൈലിയും മാറുന്നില്ല. മന്ത്രിമാര്‍ എന്തുത്തരവിട്ടാലും നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ കണ്ണടക്കുകയോ, ഉത്തരവുകള്‍ പൂഴ്ത്തുകയോ അവധിയില്‍ പ്രവേശിക്കുകയോ ആണ് പലപ്പോഴും. ഉത്തരവാദപ്പെട്ടവര്‍ ഇതിനെതിരെ ഇടക്കിടെ മുന്നറിയിപ്പ് നല്‍കിയതു കൊണ്ടായില്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളാണാവശ്യം.

---- facebook comment plugin here -----

Latest