Connect with us

Gulf

ജവഹര്‍ സൈഫിനെ പോലീസ് ആദരിച്ചു

Published

|

Last Updated

റാസ് അല്‍ ഖൈമ പോലീസ് മേധാവി ബ്രി. അബ്ദുല്ല ഖമീസ് അല്‍ ഹദീദി ജവാഹറിന്
ഉപഹാരം നല്‍കുന്നു. ജവാഹറിന്റെ പിതാവ് സൈഫ് സമീപം

റാസ് അല്‍ ഖൈമ: വാഹനാപകടം മൂലമുണ്ടായ തീപിടുത്തത്തില്‍പെട്ട് മരണവെപ്രാളത്തില്‍ ഓടുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവറെ അബായ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ സ്വദേശി യുവതി ജവഹര്‍ സൈഫ് അല്‍ കുമൈത്തിയെ പോലീസ് ആദരിച്ചു. യുവതിയുടെ നടപടിയെ “ദൈവത്തിന്റെ കൈ” എന്നാണ് റാസ് അല്‍ ഖൈമ പൊലീസ് വിശേഷിപ്പിച്ചത്. ജവഹര്‍ െൈസഫ് അല്‍ കുമൈത്തിയെയും അവരുടെ പിതാവിനെയും റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി ഡിപ്പാര്‍ട്‌മെന്റ് ആസ്ഥാനത്തേക്ക് ക്ഷണിച്ചാണ് അഭിനന്ദിച്ചത്.

കരുണയുടെയും മനുഷ്യത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് യുവതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയുടെ സമയോചിതമായ ഇടപെടല്‍ കാരണം തീപിടിത്തത്തില്‍ നിന്നും ഒരാളുടെ ജീവനാണ് രക്ഷിക്കാന്‍ സാധിച്ചതെന്നും ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി പറഞ്ഞു. യുവതിയുടെ ധീരമായ നടപടിക്കുള്ള സമ്മാനമായി, അവരുടെ വീട്ടില്‍ സ്‌മോക്ക് ഡിക്റ്ററ്റേഴ്‌സ് സ്്ഥാപിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. യു എ ഇ അഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യുവതിയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കാന്‍ ഉത്തരവിട്ടു. റാസല്‍ഖൈമ പോലീസ് നേരത്തെ തന്നെ യുവതിയുടെ ധീരമായ പ്രവര്‍ത്തിയെ അഭിനന്ദിച്ചിരുന്നു. റാസ് അല്‍ ഖൈമ പോലീസ് ഡെപ്യൂട്ടി ചീഫ് കമാന്‍ഡന്റ് ബ്രിഗേഡിയര്‍ അബ്ദുല്ല ഖാമിസ് അല്‍ ഹിദാദി പെണ്‍കുട്ടിയെയും അവരുടെ പിതാവിനെയും പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തി അഭിനന്ദനം അറിയിച്ചു.

റാസ് അല്‍ ഖൈമ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ സന്ദര്‍ശിച്ച് മറ്റൊരു സുഹൃത്തിനോടൊപ്പം അജ്മാനിലേക്ക് മടങ്ങുമ്പോഴായിരുന്നു ജവഹര്‍ സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ ഇന്ത്യക്കാരനായ ഡ്രൈവറെ രക്ഷിച്ചത്. റാസ് അല്‍ ഖൈമയിലെ രക്തസാക്ഷി റോഡിലായിരുന്നു സഭവം.

“രണ്ടു ട്രക്കുകള്‍ റോഡില്‍ കത്തുന്നത് കണ്ടപ്പോള്‍ ഇറങ്ങിനോക്കിയതായിരുന്നുവെന്നും ഇതിലൊന്നില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാര്‍ഥം നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നും ജവഹര്‍ പറഞ്ഞു. കാര്‍ റോഡരികില്‍ നിര്‍ത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അവരുടെ അബായ അഴിച്ചുതരാന്‍ ആവശ്യപ്പെട്ടു. അവര്‍ യാതൊരു മടിയും കൂടാതെ തന്നു. ഉടന്‍ തന്നെ ഞാന്‍ കാറില്‍ നിന്നിറങ്ങിയോടി അത് അയാളുടെ ദേഹത്ത് പുതപ്പിച്ചു. ഞാനയാളെ ആശ്വസിപ്പിക്കുകയും, സുരക്ഷാ വിഭാഗം ഉടന്‍ എത്തുമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് സാന്ത്വനിപ്പിക്കുകയും ചെയ്തു. കുറേ തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ ആരും അയാളെ രക്ഷിക്കാന്‍ മുന്നോട്ടു വന്നില്ല. ജീവന് വേണ്ടി നിലവിളിക്കുന്ന ആ യുവാവിനെ അവരെല്ലാം നോക്കിനിന്നത് എന്നെ ഞെട്ടിച്ചു. ഉടന്‍ പോലീസ്, ആം ബുലന്‍സ്, പാരാ മെഡിക്കല്‍ ടീം എന്നിവര്‍ സ്ഥലത്തെത്തി, യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

---- facebook comment plugin here -----

Latest