ദുബൈ ലോക ഭരണകൂട ഉച്ചകോടി ഫെബ്രുവരിയില്‍; അതിഥി രാജ്യം ഇന്ത്യ

Posted on: October 2, 2017 6:44 pm | Last updated: October 2, 2017 at 6:44 pm
ഭരണകൂട ഉച്ചകോടി (ഫയല്‍)

ദുബൈ: അടുത്ത വര്‍ഷത്തെ ദുബൈ ലോക ഭരണകൂട ഉച്ചകോടിയില്‍ അതിഥി രാജ്യം ഇന്ത്യ. 2018 ഫെബ്രുവരി 11 മുതല്‍ 18 വരെയാണ് ഉച്ചകോടി. യു എ ഇ ക്യാബിനറ്റ്കാര്യ മന്ത്രിയും ഉച്ചകോടി സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി അറിയിച്ചതാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പ്രമുഖരെത്തുന്ന സമ്മേളനം യു എ ഇ യിലെ പ്രധാനപ്പെട്ട വാര്‍ഷിക പരിപാടികളിലൊന്നാണ്. ലോകത്തിന്റെ ഭാവി എന്ത് എന്നത് സംബന്ധിച്ച് വലിയ ആലോചനകളാണ് ഇതില്‍ നടക്കാറുള്ളത്. മാത്രമല്ല, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തന്റെ കാഴ്ചപ്പാടുകള്‍ ആവതരിപ്പിക്കുന്നത് ഉച്ചകോടിയിലാണ്. പരിസ്ഥിതി സൗഹൃദ വികസന പദ്ധതികള്‍ ഇവിടെ അവതരിപ്പിക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഉയരത്തിലെത്താന്‍ ഉച്ചകോടിയിലെ അതിഥി രാജ്യമെന്ന പദവി ഉപയോഗപ്പെടുമെന്നും ഗര്‍ഗാവി പറഞ്ഞു. ‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ നവീനമായ വികസന പാതയിലാണ്. ഏറ്റവും വികസിക്കുന്ന, ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ആഭ്യന്തരോത്പാദനം ശരാശരി 6. 12 ആണ്. ബഹിരാകാശ ഗവേഷണം, സാങ്കേതിക വളര്‍ച്ച എന്നിവയില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റ് ഇന്ത്യയാണ് വിക്ഷേപിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു അത്. ലോകത്തിലെ പ്രമുഖ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍ ഇന്ത്യയില്‍ നിന്നാണ്. സിലിക്കോണ്‍ വാലിയില്‍ നിരവധി ഇന്ത്യക്കാര്‍ സ്റ്റാര്‍ട് അപ്പുകള്‍ തുടങ്ങി. പുനരുത്പാദക ഊര്‍ജ മേഖലയില്‍ ഇന്ത്യക്ക് നവീന പദ്ധതികളുണ്ട്. ചൈന കഴിഞ്ഞാല്‍ യു എ ഇക്ക് ഏറ്റവും വാണിജ്യ ബന്ധമുള്ളത് ഇന്ത്യയുമായിട്ടാണ്. പ്രതിവര്‍ഷം 6000 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകളാണ് നടക്കുന്നത,് മന്ത്രി ഗര്‍ഗാവി ചൂണ്ടിക്കാട്ടി.
139 രാജ്യങ്ങളില്‍ നിന്നുള്ള 4000 പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. 150 ഓളം പ്രഭാഷകരുണ്ടാകും. 114 സെഷനുകളിലായാണ് പരിപാടികള്‍. കഴിഞ്ഞതവണത്തേത് ഫെബ്രുവരി 12 മുതല്‍ 14വരെയായിരുന്നു.