സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര നീക്കം

Posted on: October 2, 2017 12:50 pm | Last updated: October 2, 2017 at 12:50 pm

പാലക്കാട്: സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഒരു പരിധിവരെ സഹായിക്കുന്ന തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അണിയറ നീക്കം നടത്തുന്നു. പദ്ധതി നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള സ്രോതസ്സുകള്‍ നവീകരിക്കുക, കാര്‍ഷികാവശ്യത്തിനുള്ള ജലസേചന പദ്ധതികള്‍ നന്നാക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.

സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ട് യഥാസമയം ചെലവഴിക്കുന്നുണ്ടെങ്കിലും മിക്ക ജോലികളും തൊഴിലുറപ്പ് നിയമത്തിന് വിരുദ്ധമാണെന്നാരോപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്. ഓംബുഡ്‌സ്മാന്‍ തസ്തികകള്‍ രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്നു, മുഴുവന്‍ സംസ്ഥാനങ്ങളിലും വര്‍ഷങ്ങള്‍ക്കു മുമ്പ് പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് സംവിധാനം ആരംഭിച്ചെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയിട്ടില്ല, ബി പി എല്‍ കുടുംബങ്ങളുടെ സ്ഥലം തൊഴിലുറപ്പില്‍ സൗജന്യമായി കൃഷിയോഗ്യമാക്കുന്നതിനു പകരം പലയിടത്തും അവരുടെ പേരില്‍ തോട്ടങ്ങളിലും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുടെ സ്ഥലത്തുമാണ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയ കാരണങ്ങളാണ് തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് നിര്‍ത്തലാക്കാന്‍ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് 32.76 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പരിധിയില്‍ വരുന്നത്. ഏപ്രില്‍ മുതല്‍ ഇതുവരെ 437.12 കോടി രൂപ കൂലിയായി നല്‍കി. തൊഴിലെടുക്കുന്നവരില്‍ എഴുപത് ശതമാനം സ്ത്രീകളാണ്. ദിവസം ശരാശരി അറുപതിനായിരം തൊഴില്‍ ദിനം സൃഷ്ടിക്കപ്പെടുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ നിര്‍മാണ, കാര്‍ഷിക മേഖല ഉള്‍പ്പെടെ തകര്‍ച്ചയുടെ വക്കിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി കൂടി നിര്‍ത്തലാക്കിയാല്‍ തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിവിധ തൊഴിലാളി യുനിയന്‍ സംഘടനകള്‍ പറയുന്നു.