Connect with us

National

കങ്കാരുപ്പടയെ വീഴ്ത്തി; തകര്‍പ്പന്‍ ജയത്തോടെ പരമ്പര 4-1ന് ഇന്ത്യക്ക് സ്വന്തം

Published

|

Last Updated

ആസ്ത്രേലിയയുടെ ആരോൺ ഫിഞ്ച് പുറത്തായപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

നാഗ്പൂര്‍: കങ്കാരുപ്പടയെ തകര്‍ത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ അനായാസ ജയം. ആസ്‌ത്രേലിയക്ക് എതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇന്ത്യക്ക് സ്വന്തം. അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ മുന്നോട്ടുവെച്ച 243 റണ്‍സ് 42.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ജയത്തോടെ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാത്ത് തിരികെയെത്താനും ഇന്ത്യക്ക് കഴിഞ്ഞു.

രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് (109 പന്തില്‍ 125) ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. അജിങ്ക്യ രഹാനെ (61) വിരാട് കോഹ്‌ലി (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് കളിയിലെ താരമായും ഹാര്‍ദിക് പാണ്ഡ്യ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ പോലും സമ്മര്‍ദമേല്‍പ്പിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഓപണിംഗ് വിക്കറ്റില്‍ രോഹിതും രഹാനെയും ചേര്‍ന്ന് നേടിയ 124 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. തുടക്കത്തില്‍ ശ്രദ്ധയോടെ കളിച്ച ഇവര്‍ പിന്നീട് ആക്രമണത്തിന് പ്രാധാന്യം നല്‍കുകയായിരന്നു. രഹാനെയെ വിക്കറ്റിന് മുന്നില്‍ കുരുക്കി കോള്‍ട്ടര്‍ നില്‍ ആണ് ഓസീസിന് പ്രതീക്ഷ പകര്‍ന്നത്.

പിന്നീട് രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും രോഹിതും ചേര്‍ന്ന് 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 109 പന്തില്‍ 11 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതാണ് രോഹിതിന്റെ ഇന്നിംഗ്‌സ്. സാംബയുടെ പന്തില്‍ കോള്‍ട്ടര്‍ നില്ലിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യ ഏറെക്കുറെ വിജയമുറപ്പിച്ചിരുന്നു. പിന്നീട് കോഹ്‌ലിയും മടങ്ങിയെങ്കിലും കേദാര്‍ ജാദവ് (അഞ്ച്), മനീഷ് പാണ്ഡെ (11) എന്നിവര്‍ ടീമിനെ വിജയം സമ്മാനിച്ചു.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയ നിശ്ചിത അന്‍പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (53), സ്റ്റോണിസ് (46) ട്രാവിസ് ഹെഡ് (42) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് ഓപണിംഗ് വിക്കറ്റില്‍ ഓസീസ് 66 റണ്‍സ് നേടി. 100 റണ്‍സില്‍ നില്‍ക്കെയാണ് അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. പിന്നീട് ബൗളര്‍മാര്‍ പിടിമുറുക്കുന്ന കാഴ്ചയാണ് കണാന്‍ കഴിഞ്ഞത്. ഫിഞ്ച് (32) ക്യാപ്റ്റന്‍ സ്മിത്ത് (16), ഹാന്‍ഡ്‌സ്‌കോമ്പ് (13) റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്നും ബുംറ റണ്ടും ഭുവനേശ്വര്‍ ക്ുമാര്‍, പാണ്ഡ്യ, ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest