വിനോദസഞ്ചാര മേഖലയില്‍ അഞ്ച് വര്‍ഷത്തെ കര്‍മപദ്ധതി പ്രഖ്യാപിച്ചു

Posted on: September 28, 2017 10:58 pm | Last updated: September 28, 2017 at 10:58 pm
ദോഹയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാര ദിനാഘോഷം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ദേശീയ വിനോദസഞ്ചാര മേഖല കര്‍മപദ്ധതി 2030ന്റെ പുതിയ അധ്യായത്തിന് ഖത്വറില്‍ തുടക്കമായി. വിനോദസഞ്ചാര രൂപരേഖ രാജ്യത്തിന് പരിചയപ്പെടുത്തുന്നതാണ് പുതിയ അധ്യായം. ദോഹയില്‍ നടന്ന ഐക്യരാഷ്ട്ര സഭ ലോക വിനോദസഞ്ചാര സംഘടന (യു എന്‍ ഡബ്ല്യു ടി ഒ)യുടെ ഔദ്യോഗിക ലോക വിനോദസഞ്ചാര ദിനത്തില്‍ ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
രാജ്യത്തെ ആറ് ഭൗമ മേഖലകളെ കണ്ടെത്തി ഓരോ മേഖലയെയും വിനോദസഞ്ചാരത്തിന്റെ ആശയത്തില്‍ ബന്ധിപ്പിക്കുന്നത് പദ്ധതിയില്‍ പ്രധാനമാണ്.

ഓരോ മേഖലയുടെയും സ്വഭാവ സവിശേഷതകളും പ്രകൃതി സമ്പത്തും അടിസ്ഥാനമാക്കിയായിരിക്കും വിനോദസഞ്ചാര ആശയം രൂപപ്പെടുത്തുക. ഓരോ മേഖലയിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പദ്ധതികളും സേവനങ്ങളും വികസിപ്പിക്കുന്നതിന് പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകരെ ക്ഷണിക്കും. നേരത്തെ തയ്യാറാക്കിയ വിനോദ സഞ്ചാര ആശയം അനുസരിച്ചുള്ള പദ്ധതികളും സേവനങ്ങളും ഉത്പന്നങ്ങളുമാണ് വികസിപ്പിക്കേണ്ടത്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും മറ്റുമായി ദേശീയ വിനോദസഞ്ചാര കൗണ്‍സില്‍ അടുത്ത മാസങ്ങളിലായി രൂവപത്കരിക്കും. വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും വളര്‍ച്ചക്കുമായി വ്യക്തത, നിര്‍ദേശം, വേഗത തുടങ്ങിയവ നല്‍കുകയും പങ്കാളികളുടെയും മറ്റും ശ്രമങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് കൗണ്‍സിലിന്റെ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ സാംസ്‌കാരിക, പ്രകൃതി സമ്പത്ത് കൂടുതല്‍ വികസിപ്പിക്കുന്നതിനായി പൊതു, സ്വകാര്യ മേഖലകള്‍ക്ക് കാര്യക്ഷമമായ വഴികളാണ് തുറന്നുനല്‍കുന്നതെന്നും 2014 മുതല്‍ ആരംഭിച്ചതാണ് ഇതെന്നും ഖത്വര്‍ ടൂറിസം അതോറിറ്റി ആക്ടിംഗ് ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്‌റാഹിം പറഞ്ഞു. അന്വേഷിച്ച് കണ്ടെത്താനുള്ള കേന്ദ്രമായി ഖത്വറിനെ സ്ഥാപിക്കുകയാണ് പുതിയ അധ്യായം. വര്‍ഷത്തിലുടനീളമുള്ള രാജ്യത്തെ വിനോദസഞ്ചാര ഫെസ്റ്റിവലുകളും പരിപാടികളും വികസിപ്പിക്കാനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായുണ്ടാകും. ക്യു ടി എയുടെ ആഗോള ഓഫീസുകള്‍ വിപുലീകരിക്കും.

സന്ദര്‍ശകരുടെ അനുഭവമാണ് കര്‍മപദ്ധതി പ്രധാനമായും ഊന്നുന്നത്. സന്ദര്‍ശകരുടെ യാത്രയുടെ ഓരോ കേന്ദ്രത്തിലും മികച്ച അനുഭവം നല്‍കുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ അടക്കമുള്ള പശ്ചാത്തല സൗകര്യ വികസനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകും. വിനോദസഞ്ചാര മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ഖത്വര്‍ ടൂറിസം അതോറിറ്റിയാണ് നാഷനല്‍ ടൂറിസം കൗണ്‍സില്‍ ആയി മാറുക.

പ്രധാനമന്ത്രി അധ്യക്ഷനായി ഉന്നതതല പ്രതിനിധികളെ ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപവത്കരിക്കും. വിനോദസഞ്ചാര മേഖലയുടെ മൊത്തം വികസനത്തിന് മാര്‍ഗനിര്‍ദേശം നല്‍കല്‍, പ്രകടനം നിരീക്ഷിക്കല്‍, വിവിധ ഏജന്‍സികളുമായുള്ള സഹകരണം ഉറപ്പാക്കല്‍ എന്നിവ കൗണ്‍സില്‍ നടപ്പാക്കും. വന്‍തോതില്‍ വിനോദസഞ്ചാര ഉത്പന്നങ്ങളും അനുഭവങ്ങളും വികസിപ്പിക്കുക, ഖത്വറിനെ അന്താരാഷ്ട്രതലത്തില്‍ പ്രചരിപ്പിക്കുക, നിലവിലെ പങ്കാളികളുടെ ശ്രമങ്ങളും ഉപമേഖലയിലെ വ്യവസായ പദ്ധതികളും ഏകോപിപ്പിക്കുക തുടങ്ങിയവക്കായി മൂന്ന് സ്ഥാപനങ്ങള്‍ രൂപവത്കരിക്കും. ഇവക്ക് കൗണ്‍സില്‍ മേല്‍നോട്ടം വഹിക്കുമെന്നും അല്‍ ഇബ്‌റാഹിം പറഞ്ഞു.
2023ഓടെ പ്രതിവര്‍ഷം സന്ദര്‍ശകരുടെ എണ്ണം 56 ലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഇതിന്റെ നേര്‍പകുതിയാണ് രാജ്യത്തെത്തിയ സന്ദര്‍ശകര്‍. ഹോട്ടലുകളില്‍ മുറിവാടകക്കെടുക്കല്‍ നിരക്ക് 72 ശതമാനമാക്കുകയും ലക്ഷ്യമാണ്. ഖത്വറിന്റെ ജി ഡി പിയിലേക്കുള്ള വിനോദസഞ്ചാര മേഖലയുടെ നേരിട്ടുള്ള സംഭാവന കഴിഞ്ഞ വര്‍ഷത്തെ 19.8 ബില്യന്‍ ഖത്വര്‍ റിയാലില്‍ നിന്ന് 2023 ആകുമ്പോഴേക്കും 41.3 ബില്യന്‍ റിയാലായി ഉയര്‍ത്തലും ലക്ഷ്യമുണ്ട്.