Connect with us

Kerala

സുല്‍ത്താന്റെ ചരിത്ര സന്ദര്‍ശനം; നന്മയോര്‍മകള്‍ പങ്കുവെച്ച് ഡോ. കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍. സുല്‍ത്താനൊപ്പം സഞ്ചരിക്കാന്‍ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിംഗ് എന്ന നിലയില്‍ ഡോ. കെ ടി ജലീലിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. തിരുവനന്തപുരത്ത് എത്തിയ നിമിഷം മുതല്‍ തിരിച്ച് വിമാനത്തില്‍ കയറുന്നതുവരെ അനുഗമിക്കാന്‍ ലഭിച്ച അവസരം മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് ജലീല്‍ പറഞ്ഞു.
രാഷ്ട്രനേതാക്കളുടെ പതിവു സന്ദര്‍ശനങ്ങളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വിഭിന്നമായിരുന്നു ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനം. സാധാരണഗതിയില്‍ ഔദ്യോഗിക ചടങ്ങുകളില്‍ മാത്രമാണ് ഉന്നത ഗണത്തില്‍ വരുന്ന രാജ്യനേതാക്കള്‍ പങ്കെടുക്കുക. അതില്‍ നിന്ന് വ്യത്യസ്തമായി “ചരിത്രരേഖാ ശേഖരണവും സുല്‍ത്താനും” എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാഭ്യാസ മന്ത്രി സംഘടിപ്പിച്ച സംവാദത്തിലും അദ്ദേഹം പങ്കെടുത്തു. ഈ ചടങ്ങില്‍ ഡോ. സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണവും അതിനുശേഷമുള്ള ചോദ്യോത്തരങ്ങളും അര്‍ഥപൂര്‍ണമായിരുന്നു.

ഒരു കേവല ഭരണാധികാരിക്കപ്പുറം പ്രശസ്തനായ അക്കാദമീഷ്യനും കൂടിയാണ് താനെന്ന് സദസിന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ എല്ലാ അര്‍ത്ഥത്തിലും പര്യാപ്തമാകും വിധമുള്ളതായിരുന്നു സുല്‍ത്താന്റെ വാക്കുകള്‍. വ്യക്തമായ ചരിത്ര രേഖകളുടെ പിന്‍ബലത്തിലാണ് ഇന്‍ഡോ അറബ് മേഖലകളുടെ ഇന്നലകളെ അദ്ദേഹം സൂക്ഷ്മതയോടെ വിശകലനം ചെയ്തത്. ഏറ്റവും അര്‍ഹനായ പണ്ഡിതശ്രേഷ്ഠനെയാണ് കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കാന്‍ തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിച്ചവര്‍ക്ക് ബോധ്യപ്പെടും.
ക്ലിഫ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ച്ചയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പിഴ അടക്കാന്‍ കഴിയാതെ ഷാര്‍ജ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഉടനെ തന്റെ സെക്രട്ടറിയെ വിളിച്ച് പ്രസ്തുത പട്ടികയില്‍ വരുന്ന എത്ര തടവുകാരുണ്ടെന്ന് അന്വേഷിക്കാന്‍ പറഞ്ഞു. 149 തടവുകാരുണ്ടെന്നും വിവിധ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങുള്‍ക്കുമായി ഇവരെല്ലാംകൂടി പിഴയിനത്തില്‍ നല്‍കേണ്ടത് 39 കോടി ഇന്ത്യന്‍ രൂപയുടെ ബാധ്യതയാണെന്നും അറിയിപ്പു വന്നു.
ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ തീരുമാനിക്കേണ്ട കാര്യമാണ് കണ്ണുചിമ്മിത്തുറക്കുന്ന വേഗതയില്‍ നടന്നത്. ഇത് മുഖ്യമന്ത്രിയടക്കം എല്ലാവരെയും അല്‍ഭുതപ്പെടുത്തി. കേരളത്തിന്റെ ഭരണ മേധാവിയുടെ വാക്കുകള്‍ക്ക് ഷാര്‍ജ സുല്‍ത്താന്‍ കല്‍പിക്കുന്ന പ്രാധാന്യമെന്തെന്ന് മനസ്സിലാക്കാന്‍ ഈ സംഭവം ധാരാളം മതി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഇക്കാര്യത്തില്‍ ശൈഖ് സുല്‍ത്താനെ അഭിനന്ദിച്ച് ഇന്നലെ രാത്രി തന്നെ ട്വിറ്റ് ചെയ്തത് ഇതോട് ചേര്‍ത്ത് വായിക്കണം.
കാലിക്കറ്റ് സര്‍വകലാശാലയില്‍ അറബി ഭാഷയുടെ അഭിവൃദ്ധി ലാക്കാക്കി കേരള സര്‍ക്കാര്‍ അന്താരാഷ്ട്ര പഠനകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ച വിവരം പിണറായി ശൈഖിനെ ധരിപ്പിച്ചപ്പോള്‍ അതിനാവശ്യമായി വരുന്ന മുഴുവന്‍ സംഖ്യയും ഷാര്‍ജ സര്‍ക്കാര്‍ വഹിക്കാമെന്നും ഏറ്റവും വേഗത്തില്‍ അതിന്റെ പണി പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷത്തിനകം ഉദ്ഘാടനത്തിന് താനെത്താമെന്നുമായിരുന്നു സുല്‍ത്താന്റെ മറുപടി.

കേരളത്തിന്റെ പൊതു വികസനത്തിനുതകുന്ന അഞ്ചിന നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ കടന്ന് വന്നു. അവയെക്കുറിച്ച് അടിയന്തരമായി പഠിച്ച് നടപ്പില്‍ വരുത്താന്‍ ഒരു ഉന്നത സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നും സുല്‍ത്താന്‍ വാക്ക് നല്‍കി.
കേരളം മുഹമ്മദ് ബിന്‍ അല്‍ ഖ്വാസിമിയോട് വാനോളം കടപ്പെട്ടിരിക്കുന്നു. മനുഷ്യത്വപരമായ തീരുമാനങ്ങള്‍ കൊണ്ടും വിനയം കൊണ്ടും ഗാഢമായ ജ്ഞാനം കൊണ്ടും കലവറയില്ലാത്ത സ്‌നേഹം കൊണ്ടും മലയാളക്കരയെ ആവേശഭരിതമാക്കിയാണ് ഷാര്‍ജ സുല്‍ത്താന്‍ കേരളത്തോട് താല്‍ക്കാലികമായി യാത്ര പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു.

Latest