കുട്ടികളിലെ അര്‍ബുദം സംബന്ധിച്ച് ബോധവത്കരണ ക്യാംപയിന്‍

Posted on: September 26, 2017 7:17 pm | Last updated: September 26, 2017 at 7:17 pm

ദോഹ: കുട്ടികളിലെ അര്‍ബുദരോഗത്തെ കുറിച്ച് സമൂത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ക്യാംപയിനുമായി ഖത്വര്‍ കാന്‍സര്‍ സൊസൈറ്റി. എല്ലാവര്‍ഷവും സെപ്തംബറില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കാറുണ്ട്. ദോഹ ബേങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ മാള്‍ ഓഫ് ഖത്വര്‍ സാതര്‍ ഡബ്ല്യു സെയ്ത്, ലെസിഡ് ബാര്‍ ബെര്‍ എന്നിവരുടെ പങ്കാളിത്തത്തിലാണ് ക്യാമ്പയിന്‍.

ഹീറോകള്‍ എല്ലാ വലുപ്പത്തിലും വരും (ഹീറോസ് കം ഇന്‍ ഓള്‍ സൈസസ്) എന്ന പ്രമേയത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ജനനം മുതല്‍ പതിനാലു വയസു വരെയുള്ള കാലയളവില്‍ ഖത്വറിലെ കുട്ടികളില്‍ വിവിധതരം അര്‍ബുദ രോഗങ്ങള്‍ കാണപ്പെടാറുണ്ടെന്ന് ഹെല്‍ത്ത് എജുക്കേറ്റര്‍ ദന മന്‍സൂര്‍ പറഞ്ഞു. അപകടങ്ങള്‍ കഴിഞ്ഞാല്‍ കുട്ടികളിലെ ഏറ്റവും വലിയ മരണകാരണമായി കണക്കാക്കപ്പെടുന്നത് അര്‍ബുദമാണ്. മജ്ജകളിലും രക്തത്തിലുമുണ്ടാകുന്ന ലുക്കീമിയയാണ് കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന അര്‍ബുദ രോഗം. തലച്ചോറിലും നാഡീവ്യവസ്ഥയിലുമുള്ള ട്യൂമറാണ് കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ രണ്ടാം സ്ഥാനം. റേഡിയേഷന്‍, പാരിസ്ഥിതിക റേഡിയേഷന്‍, ഗര്‍ഭകാലയളവിലെ റേഡിയേഷന്‍, അള്‍ട്രാവയലറ്റ് റേഡിഷേന്‍ കൂടുതലായി നേരിടല്‍, അണുബാധ എന്നിവ കുട്ടികളില്‍ അര്‍ബുദമുണ്ടാകാന്‍ സാധ്യതയുള്ള അപകട ഘടകങ്ങളാണ്. ഗര്‍ഭ കാലയളവില്‍ പുകവലിക്കുന്നതും ജനിതകഘടകങ്ങളും കാരമണമാകുന്നുണ്ട്. ഗര്‍ഭ കാലയളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് കുറക്കുന്നതിലൂടെയും ആറ് മാസത്തിലധികം മുലയൂട്ടുന്നതിലൂടെയും കുട്ടികളില്‍ അര്‍ബുദരോഗ സാധ്യത കുറക്കാനാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിശ്ചയിക്കപ്പെട്ട കുത്തിവെപ്പുകളെല്ലാം കുട്ടികള്‍ക്ക് നല്‍കണം. ആരോഗ്യകരമായ ജൈവ ഭക്ഷണശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം.

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് വ്യായാമത്തിലേര്‍പ്പെടുന്നതിന് സൗകര്യങ്ങള്‍ ഒരുക്കണം. പുകവലിയില്‍ നിന്നും കുട്ടികളെ രക്ഷിക്കണം. ആഹ്ലാദകരമായ കുടുംബാന്തരീക്ഷം കുട്ടികള്‍ക്കായി ഒരുക്കണം. സൂര്യതാപത്തില്‍ നിന്നും രക്ഷ ഉറപ്പാക്കണം. ആരോഗ്യകരമായ ഉറക്കശൈലി പ്രോത്സാഹിപ്പിക്കണമെന്നും ദന മന്‍സൂര്‍ ചൂണ്ടിക്കാട്ടി.