സോളാര്‍ കേസ്: ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ അന്തിമ റിപ്പോര്‍ട്ട് സമർപ്പിച്ചു

തിരുവനന്തപുരം
Posted on: September 26, 2017 7:30 am | Last updated: September 26, 2017 at 8:50 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. അന്വേഷണ കമ്മീഷനായ ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. നാല് ഭാഗങ്ങളായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒാഫീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് വിവരം. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. സരിതയും ബിജു രാധാകൃഷ്ണനും ഉമ്മൻചാണ്ടിയുടെ സ്റ്റാഫിനെ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.

കമ്മീഷന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം അതില്‍ പറയുന്ന ശിപാര്‍ശകളില്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളും. തുടര്‍ന്ന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും.
പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളില്‍ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രണ്ട് തവണയാണ് കമ്മീഷന്‍ വിസ്തരിച്ചത്. ആദ്യ തവണ പതിനാല് മണിക്കൂറാണ് ഉമ്മന്‍ ചാണ്ടി കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. ഇക്കാലയളവിനിടയില്‍ അഞ്ച് തവണയാണ് സര്‍ക്കാറുകള്‍ കമ്മീഷന്റെ കാലാവധി നീട്ടി നല്‍കിയത്.

നാല് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കമ്മീഷന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന രാഷ്ട്രീയം തന്നെ കലുഷിതമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായത്. സരിത എസ് നായരുടെ നേതൃത്വത്തില്‍ നടന്ന സോളാര്‍ പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു.
സംസ്ഥാന രാഷ്ട്രീയം തന്നെ നാണിച്ച് തലതാഴ്ത്തിയ ലൈംഗികാരോപണങ്ങളും ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു. 2013 ഒക്‌ടോബര്‍ 23നാണ് കമ്മീഷനെ നിയമിച്ചത്.