Connect with us

Kerala

ഘര്‍വാപ്പസി പീഢന കേന്ദ്രത്തിനെതിരെ ഹൈക്കോടതി; റാം റഹീമുമാർ കേരളത്തിൽ വേണോ?

Published

|

Last Updated

കൊച്ചി: സ്വമേധയാ മറ്റുമതങ്ങള്‍ സ്വീകരിച്ച ഹിന്ദു പെണ്‍കുട്ടികളെ പീഢിപ്പിച്ചും നിര്‍ബന്ധിച്ചും മടക്കിക്കൊണ്ടുവരുന്നതിനായി യോഗ സെന്ററിന്റെ മറവില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ചിരുന്ന ഘര്‍വാപ്പസി പീഢന കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കേരളത്തിലും ഒരു റാം റഹീം സിംഗ് സൃഷ്ടിക്കാനാണോ ഇത്തരം കേന്ദ്രങ്ങളെന്നും കേരളത്തില്‍ ഇത് വേണോയെന്നും കോടതി ചോദിച്ചു. യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നിരീക്ഷണം.

സമാന സാഹചര്യങ്ങളിലുള്ള മുഴുവന്‍ സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തടവിലാക്കപ്പെട്ട പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ തുപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെ അനുവദിച്ചിട്ടുണ്ട്. മിശ്രവിവാഹം കഴിച്ചവരെയും സ്വമേധയാ മതംമാറിയവരെയും മതം നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുകയാണെന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ ഡോക്ടറുടെ ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. ഡോക്ടറുടെ ഭര്‍ത്താവ് നല്‍കിയ ഹരജിക്കൊപ്പം യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിശദീകരിക്കുന്ന യുവതിയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദനവും ലൈംഗീക ചൂഷണവുമുള്‍പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. 22 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതി യുവതി ഹൈകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം.

Latest