മിനിമം ബാലന്‍സ്; എസ്ബിഐ ഈടാക്കുന്ന പിഴ കുറച്ചു

Posted on: September 25, 2017 8:40 pm | Last updated: September 26, 2017 at 10:06 am

മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത സേവിങ്‌സ് അക്കൗണ്ടുകളില്‍ എസ് ബി ഐ ഈടാക്കുന്ന പിഴ കുറച്ചു. 20 മുതല്‍ 50 ശതമാനം വരെയാണ് കുറച്ചത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടുന്ന തുക 5000ല്‍ നിന്ന് 3000 ആയും കുറച്ചിട്ടുണ്ട്.

മിനിമം അക്കൗണ്ട് ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യത്തില്‍ മെട്രോ, അര്‍ബന്‍ പ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ മെട്രോ നഗരങ്ങളില്‍ ഇത് അയ്യായിരം രൂപയായിരുന്നു. ഏപ്രില്‍ ഒന്നുമുതലാണ് മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്.
സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ 20 രൂപ മുതല്‍ 40 രൂപ, അര്‍ബന്‍, മെട്രോ നഗരങ്ങളില്‍ 30 മുതല്‍ 40 രൂപ വരെയുമാണ് പുതുക്കിയ നിരക്ക്. ഒക്ടോബര്‍ മാസം മുതലാണ് ഇളവ് നിലവില്‍ വരിക.

പെന്‍ഷന്‍ സ്വീകര്‍ത്താക്കള്‍, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രായപൂര്‍ത്തിയാകത്തവര്‍ എന്നിവരെ കുറഞ്ഞ തുക അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജന്‍ധന്‍ യേജന, ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട്‌സ് എന്നിവയ്ക്കു കീഴിലുള്ള അക്കൗണ്ടുകളെ നേരത്തെ തന്നെ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിരുന്നു