യോഗാ സെന്ററിന്റെ മറവില്‍ ഘര്‍വാപസി; പീഡനകേന്ദ്രം അടച്ചുപൂട്ടി

Posted on: September 25, 2017 8:30 pm | Last updated: September 26, 2017 at 10:06 am

കൊച്ചി: യോഗാ സെന്ററിന്റെ മറവില്‍ സ്വമേധയാ മതം മാറിയവരയെും മിശ്രവിവാഹം കഴിച്ചവരെയും ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി എറണാകുളം തൃപ്പുണിത്തുറ കണ്ടനാട്ട് പ്രവര്‍ത്തിക്കുന്ന പീഡന കേന്ദ്രം പഞ്ചായത്തും പോലീസും ചേര്‍ന്ന് അടപ്പിച്ചു. മിശ്ര വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി ഇന്നലെ പോലീസിനെ സമീപിച്ചിരുന്നു.

യുവതിയുടെ പരാതിയില്‍ യോഗ കേന്ദ്രം നടത്തിപ്പുകാരനായ മനോജ് അടക്കം ആറുപേര്‍ക്കെതിരെ ഉദയം പേരൂര്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. എറണാകുളം കണ്ടനാടുള്ള യോഗാ ആന്‍ഡ് ചാരിറ്റബിള്‍ സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ആര്‍ഷ വിദ്യാ സമാജം എന്ന പേരില്‍ കൗണ്‍സിലിംഗ് സെന്ററും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. 25 സ്ത്രീകളും 20 പുരുഷന്‍മാരും കൗണ്‍സിലിംഗിനായി നിലവില്‍ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമെന്നും പോലീസ് അറിയിച്ചു.