Connect with us

Editorial

യുദ്ധം

Published

|

Last Updated

ഉത്തര കൊറിയന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. കൊറിയയും അമേരിക്കയും തമ്മിലുള്ള പോര്‍വിളി യുദ്ധസമാനമായിരിക്കുന്നു. യു എസ് പ്രസിഡന്റ് ട്രംപിനെ ഉ. കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ വിശേഷിപ്പിച്ചത് ഭ്രാന്തന്‍ കിഴവന്‍ എന്നാണ്. കൊറിയയെ മുച്ചൂടും മുടിക്കുമെന്ന് യു എന്‍ പൊതുസഭയില്‍ തന്റെ ആദ്യ പ്രസംഗത്തില്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിറകേയാണ് ഉന്നിന്റെ ആക്രോശം. ഒരു രാജ്യത്തിന്റെ തലപ്പത്തിരിക്കാനുള്ള യോഗ്യത ട്രംപിനില്ല. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചടിയായിരിക്കും ട്രംപ് നേരിടേണ്ടി വരികയെന്നും ഉന്‍ പറയുന്നു.

ഇതാദ്യമായാണ് ഉന്‍ ലോക രാജ്യങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്നത്. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി വന്‍ ആയുധ സന്നാഹം ഒരുക്കിയിട്ടുള്ള അമേരിക്കയോട് എതിരിടാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുന്ന ആയുധ പരീക്ഷണങ്ങള്‍ ഉ. കൊറിയയില്‍ നിരന്തരം നടക്കുന്നണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മിസൈല്‍ പരീക്ഷണങ്ങള്‍ നിരവധി നടന്നു. അവയില്‍ അപകടകരമായ ഭൂഖണ്ഡാന്തര മിസൈലുകളും ഉള്‍പ്പെടും. ആണവ പരീക്ഷണത്തിന്റെ ഫലമായി മേഖലയില്‍ ഭൂചലനം തന്നെ അനുഭവപ്പെടുകയുണ്ടായി. വാക്‌യുദ്ധം തുടരുന്നതിനിടെ കൂടുതല്‍ ആയുധപരീക്ഷണങ്ങള്‍ നടക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
യുദ്ധമുണ്ടാകരുതെന്ന് മറ്റാരേക്കാളും ആഗ്രഹിക്കുന്നത് അയല്‍ രാജ്യമായ ദക്ഷിണ കൊറിയയാണ്. അവിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ തികഞ്ഞ യുദ്ധവിരുദ്ധനും ഉ. കൊറിയയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന അഭിപ്രായമുള്ളയാളുമാണ്. മേഖലയില്‍ അമേരിക്കയുടെ അമിതമായ ഇടപെടലിനെയും അദ്ദേഹം വിമര്‍ശിക്കുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയാണ് പരുങ്ങുന്നത്. അവരുടെ മേധാശക്തിയെ വെല്ലുവിളിക്കുന്ന ഉ. കൊറിയക്കെതിരെ നടപടിയെടുക്കാനും എടുക്കാതിരിക്കാനും സാധിക്കാത്ത അവസ്ഥ. ഇനിയും ആണവ പരീക്ഷണം ഉണ്ടായാല്‍ കൊറിയക്ക് നേരെ നടപടി സ്വീകരിക്കാന്‍ യു എന്‍ രക്ഷാസമിതിയുടെ അനുമതി നേടാനുള്ള അമേരിക്കയുടെ നീക്കം റഷ്യ വീറ്റോ ചെയ്തിരിക്കുകയാണ്. ഇത് ഉ. കൊറിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതുകൊണ്ട് വീണ്ടും പരീക്ഷണവും നടന്നു. രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തോട് ചൈന ഉള്‍പ്പെടെ 14 രാഷ്ട്രങ്ങളും യോജിച്ചുവെങ്കിലും റഷ്യ അറ്റകൈ പ്രയോഗിച്ച് കൊറിയയെ രക്ഷപ്പെടുത്തുകയായിരുന്നു. ചൈനയുടെ ഇപ്പോഴത്തെ നിലപാട് ശാശ്വതമാണെന്ന് കാണാനാകില്ല. അവര്‍ക്ക് ഉത്തര കൊറിയയോട് മൃദു സമീപനമുണ്ടെന്നത് വസ്തുതയാണ്. മറ്റിടങ്ങളില്‍ കയറിക്കളിച്ചപോലെയല്ല കാര്യങ്ങളെന്ന് അമേരിക്ക മനസ്സിലാക്കുന്നുണ്ട്. ഉത്തര കൊറിയ ആദ്യം ആക്രമിക്കുക ദക്ഷിണ കൊറിയയെയും ജപ്പാനെയുമായിരിക്കുമെന്ന് അവര്‍ക്കറിയാം. അത് നേരിടാന്‍ ശ്രമിക്കുമ്പോള്‍ ചൈനയും റഷ്യയും പ്രവേശിക്കും. അതോടെ യുദ്ധത്തിന്റെ ഗതിയാകെ മാറും. ഗുവാമിലേക്ക് തിരിച്ചുവെച്ച മിസൈലുകള്‍ ഗര്‍ജിക്കും.

ആണവായുധം പ്രയോഗിക്കാന്‍ കിം ജോംഗ് ഉന്‍ മടിക്കില്ല. “അമേരിക്ക തന്നെ നശിച്ചു ചാരമാകുന്ന തരത്തിലുള്ള ആക്രമണമായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക”യെന്നാണ് ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം മുന്നറിയിപ്പ് നല്‍കിയത്. അത്‌കൊണ്ട് പ്രത്യക്ഷ യുദ്ധത്തിന് ഇറങ്ങും മുമ്പ് അമേരിക്ക പല വട്ടം ആലോചിക്കും. തങ്ങളുടെ യുദ്ധക്കപ്പല്‍ കൊറിയന്‍ തീരത്തേക്ക് പുറപ്പെട്ടുവെന്ന് പ്രചരിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നതും ട്രംപിന്റെ ഭീഷണികളും മനശ്ശാസ്ത്രപരമായ നീക്കമായേ കാണാനാകൂ. ഉത്തര കൊറിയന്‍ ആകാശത്ത് നിന്ന് യുദ്ധ ഭീതി ഒഴിഞ്ഞു പോയാല്‍ അതിന് കാരണം യു എന്നോ സമാധാന കാംക്ഷികളുടെ ഇടപെടലോ ആയിരിക്കില്ല. മറിച്ച് കൂട്ടനശീകരണ ആയുധങ്ങളുടെ സാന്നിധ്യമാകും. ഇറാഖില്‍ അതില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അമേരിക്ക ആക്രമിച്ചത്. ഉത്തര കൊറിയയുടെ കൈയില്‍ ചിലത് ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അറച്ച് നില്‍ക്കുന്നതും. അമേരിക്കയും ഇസ്‌റാഈലുമാണ് ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികള്‍. അവരാണ് മറ്റാര്‍ക്കും ആണവായുധം പാടില്ലെന്ന് ശഠിക്കുന്നതും. ഇതെങ്ങനെ വിലപ്പോകും? ആയുധ കിടമത്സരത്തെ പിന്തുണക്കുകയാണെന്ന് വ്യാഖ്യാനിക്കപ്പെടാമെങ്കിലും ഒരു വസ്തുത പറയാതിരിക്കാനാകില്ല. അമേരിക്കക്കും സഖ്യശക്തികള്‍ക്കും ആണവായുധമാകാമെങ്കില്‍ മറ്റെല്ലാവര്‍ക്കും അതാകാം. അങ്ങനെ എല്ലാവരും ആയുധ സജ്ജരാകുമ്പോള്‍ “ഭീകരമായ ശാന്തത” സംജാതമാകും. യു എന്നിനെപ്പോലെ ഒരു ചത്ത കുതിരയാണ് ലോകത്തെ ഏറ്റവും വലിയ സമാധാനപാലക സംഘമെന്നതിനാല്‍ അത്തരമൊരു ശാന്തതയില്‍ പ്രതീക്ഷയര്‍പ്പിക്കുകയേ തരമുള്ളൂ.

ഈ സന്നാഹങ്ങളെ അത് അങ്ങ് കൊറിയന്‍ ഉപദ്വീപിലല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ലോകത്ത് ഒരു രാജ്യത്തിനും സാധ്യമല്ല. കാരണം, ഒരു യുദ്ധവും ഇനി അതിര്‍ത്തികള്‍ക്കും നിയമങ്ങള്‍ക്കും വിധിവിലക്കുകള്‍ക്കും ഇടയില്‍ ഒതുങ്ങിനില്‍ക്കില്ല. അതിന്റെ കെടുതികള്‍ അതിര്‍ത്തികള്‍ കീറി മുറിച്ച് സഞ്ചരിക്കും. അങ്ങനെ അതിര്‍ത്തികള്‍ അപ്രസക്തമാകുന്നതിനാണല്ലോ ആഗോളവത്കരണം എന്ന് പറയുന്നത്. യുദ്ധത്തിന്റെ ആഗോളവത്കരണം സ്വാഭാവികമായി സംഭവിക്കും. അതിന് നയങ്ങളുടെയോ നിയമങ്ങളുടെയോ ഉദാരവത്കരണത്തിന്റെയോ ആവശ്യമില്ല. അത്‌കൊണ്ട് സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് എല്ലാ കോണില്‍ നിന്നുമുണ്ടാകേണ്ടത്. ഭൗമരാഷ്ട്രീയ സ്വാര്‍ഥതകള്‍ മാറ്റിവെച്ച് ഇതിന് മുന്‍കൈ എടുക്കേണ്ടത് വന്‍ ശക്തികള്‍ തന്നെയാണ്.

Latest