Connect with us

Gulf

സിറിയന്‍ ജനതക്ക് ഖത്വര്‍ 160 കോടി ഡോളര്‍ നല്‍കി

Published

|

Last Updated

ദോഹ: സിറിയന്‍ ജനതക്കുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്വര്‍ ഇതുവരെ 160 കോടി ഡോളറിന്റെ സഹായം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് കമ്യൂനിക്കേഷന്‍സ് ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്വര്‍ ചാരിറ്റി, ഖത്വര്‍ റെഡ്ക്രസന്റ്, ശൈഖ് താനി ബിന്‍ അബ്ദുല്ല ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ്, ഈദ് ചാരിറ്റി, അഫീഫ് ചാരിറ്റി എന്നീ കാരുണ്യസംഘടനകള്‍ 2011 മുതല്‍ സിറിയക്കായി 452.6 മില്യന്‍ ഡോളറിന്റെ സഹായം ലഭ്യമാക്കി. 2012 മുതല്‍ ഇതുവരെയായി സിറിയയിലെയും അയല്‍രാജ്യങ്ങളിലെയും സിറിയന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള പഠനം ഉറപ്പാക്കുന്നതിനായി 62 മില്യന്‍ ഡോളറാണ് ഖത്വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ എബവ് ആള്‍ നീക്കിവെച്ചത്. 9.85 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഖത്വര്‍ അപ്‌ഹോള്‍ഡിംഗ് എജുക്കേഷന്‍സ് ഫോര്‍ സിറിയന്‍സ് ട്രസ്റ്റ് എന്ന പേരില്‍ പുതിയ പദ്ധതിയും നടപ്പാക്കി. നാല് ലക്ഷം സിറിയന്‍ അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് 150 മില്യന്‍ ഡോളറിന്റെ സഹായമാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.