ചികിത്സയിലായിരിക്കെ ജയലളിതയെക്കുറിച്ച് സര്‍ക്കാര്‍ പറഞ്ഞതെല്ലാം കളവായിരുന്നെന്ന് മന്ത്രി

Posted on: September 23, 2017 6:55 pm | Last updated: September 23, 2017 at 9:43 pm

ചെന്നൈ: അപ്പോളൊ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്ന വിവരങ്ങളെല്ലാം കളവായിരുന്നെന്ന് തമിഴ്‌നാട് വനംമന്ത്രി സി ശ്രീനിവാസന്‍.

മധുരയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ‘ചികിത്സാകാലയളവില്‍ ജയലളിത ഇഡ്ഡലി കഴിച്ചെന്നും അവരെ ആളുകള്‍ സന്ദര്‍ശിച്ചെന്നും മറ്റും ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം കളവായിരുന്നു. ആര്‍ക്കും അവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല’. ശ്രീനിവാസന്‍ വ്യക്തമാക്കി. ആ കള്ളങ്ങള്‍ക്ക് താനിപ്പോള്‍ ക്ഷമ ചോദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
‘സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും എല്ലാവരും ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ജനങ്ങളോട് പറഞ്ഞത് കളവായിരുന്നു. അപ്പോളൊ ആശുപത്രിയില്‍ ജയലളിതയെ ആരെല്ലാം സന്ദര്‍ശിച്ചു, സെപ്തംബര്‍ 22 ന് ജയലളിതയെ എവിടെയാണ് അഡ്മിറ്റ് ചെയ്തത് എന്നിവ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നു. പാര്‍ട്ടി നേതാക്കളും മന്ത്രമാരും അപ്പോളൊ ആശുപത്രി മേധാവി പ്രതാപ് റെഡ്ഡിയുടെ മുറിയില്‍ ഇരിക്കുകയായിരുന്നു. ആര്‍ക്കും അവരെ കാണാന്‍ സാധിച്ചിരുന്നില്ല. തോഴിയായിരുന്ന ശശികലയ്ക്ക് മാത്രമേ ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ.

പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ ചോരാതിരിക്കാനാണ് അന്ന് ആ കള്ളങ്ങള്‍ പറഞ്ഞത്’. ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.