Connect with us

International

ഭീകര സംഘങ്ങളുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി:റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദത്തിനെതിരെ റോഹിന്‍ഗ്യകള്‍ സുപ്രീം കോടതിയില്‍. ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് റോഹിന്‍ഗ്യന്‍ പ്രതിനിധികള്‍ കോടതിയെ അറിയിച്ചു.

ഇന്ത്യയില്‍ അഭയം തേടിയ രോഹിന്‍ഗ്യ മുസ്ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് രോഹിന്‍ഗ്യ വിഭാഗത്തില്‍പ്പെട്ട ചിലരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭീകരരുമായി ബന്ധമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം മുഹമ്മദ് സലീമുള്ള ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ തള്ളിക്കളഞ്ഞു. സമാധാനപ്രിയരും യാതൊരുവിധ ഭീകരബന്ധവും ഇല്ലാത്തവരുമാണ് രോഹിന്‍ഗ്യകളില്‍ ഏറിയ പങ്കുമെന്ന് അവര്‍ വ്യക്തമാക്കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്കു മാറ്റി.

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐസിസ് തീവ്രവാദികളും പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നും ബംഗാള്‍, ത്രിപുര, മ്യാന്മര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റോഹിന്‍ഗ്യനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുന്നതിന് പ്രത്യേകം സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു

Latest