Connect with us

Eranakulam

ഹാജിമാരുടെ മടക്കയാത്ര തുടങ്ങി

Published

|

Last Updated

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് നിര്‍വഹിച്ച ശേഷം തിരിച്ചെത്തിയവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ആദ്യ സംഘം മടങ്ങിയെത്തി. എസ് വി- 5346 നമ്പര്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇന്നലെ രാവിലെ 6.36ന് 300 ഹാജിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ മാസം 13ന് നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്ര തിരിച്ച ആദ്യ സംഘമാണ് ഇന്നലെ തിരിച്ചെത്തിയത്. തീര്‍ഥാടകര്‍ മദീന വഴിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത്. സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജ് കര്‍മത്തിന് പോയവരില്‍ ചിലര്‍ നേരത്തെ തിരിച്ചെത്തിയിരുന്നു.

പുലര്‍ച്ചെ 5.45ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വിമാനം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വൈകിയാണെത്തിയത്. വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി-3 വഴിയാണ് ഹാജിമാര്‍ എത്തിയത്. 7.30 ഓടെ തീര്‍ഥാടകര്‍ ടി-3 ടെര്‍മിനലിന് പുറത്തെത്തിത്തുടങ്ങി. എട്ട് മണിക്ക് മുമ്പായി മുഴുവന്‍ ഹാജിമാരും പുറത്തെത്തി. ഹാജിമാരെ സ്വീകരിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികളുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. സ്വീകരിക്കാനെത്തിയവര്‍ക്ക് വിശ്രമിക്കാനായി സിയാല്‍ പ്രത്യേക സജ്ജീകരണം ടെര്‍മിനലിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സേവനം മികച്ചതായിരുന്നുവെന്ന് തീര്‍ഥാടകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുന്‍ എം എല്‍ എ. എ എം യൂസുഫ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍, ഹജ്ജ് സെല്‍ ഓഫീസര്‍ എ അബ്ദുല്‍ ലത്വീഫ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുടി, ജില്ലാ ട്രെയിനര്‍ മുസ്തഫ ടി മുത്തു, അനസ് ഹാജി, ഹസൈന്‍, അസി. സെല്‍ ഓഫീസര്‍ നജീബ്, മുസമ്മില്‍ ഹാജി, ഹൈദ്രോസ് ഹാജി തുടങ്ങിയവര്‍ ഹാജിമാരെ സ്വീകരിക്കാനെത്തിയിരുന്നു.
ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 ഹാജിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തും.