ഡോക്ടര്‍ ഒപ്പമുണ്ട്; എപ്പോഴും വിളിക്കാം

Posted on: September 22, 2017 8:35 am | Last updated: September 22, 2017 at 10:19 am

കണ്ണൂര്‍: വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ദിവസം മുഴുവന്‍ ഫോണിലൂടെ ലഭ്യമാകുന്ന ആരോഗ്യവകുപ്പിന്റെ ‘ദിശ’ പദ്ധതി വിപുലപ്പെടുത്തുന്നു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്ന വിധത്തിലേക്ക് പദ്ധതിയെ മാറ്റിയാണ് ദിശയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക. പരീക്ഷാ കാലത്തെ കുട്ടികളുടെ മാനസിക പ്രശന്ങ്ങള്‍ക്ക് പരിഹാരമായി മൂന്ന് വര്‍ഷം മുമ്പാണ് ദിശ ആരംഭിച്ചത്. പിന്നീട് മുതിര്‍ന്നവര്‍ക്കുള്ള ഹെല്‍പ്പ് ലൈന്‍ സേവനം കൂടിയായി മാറിയ പദ്ധതിയെ ആരോഗ്യ വകുപ്പിന്റെ എല്ലാ സേവനങ്ങള്‍ക്കുമുള്ള കര്‍മ പദ്ധതിയായാണ് ഇപ്പോള്‍ മാറ്റുന്നത്. 1056 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ 24 മണിക്കൂറും ഡോക്ടറുടെ വിദഗ്‌ധോപദേശം സൗജന്യമായി കിട്ടുന്നതിനൊപ്പം പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍കൂടി ഇടപെടുന്നതിന് ദിശയുടെ പ്രവര്‍ത്തനം പുതുതായി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശങ്ങള്‍ക്കും സംശയ നിവാരണത്തിനും ഇത് പ്രയോജനപ്പെടുന്നുണ്ട്.

പ്രാഥമിക ശുശ്രൂഷ, ചികിത്സ, രോഗപ്രതിരോധം എന്നിവ സംബന്ധിച്ച ഉപദേശങ്ങള്‍ ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. ആരോഗ്യസംബന്ധമായ ഏത് സംശയങ്ങള്‍ക്കും അപ്പപ്പോള്‍ തന്നെ വിദഗ്ദ ഡോക്ടര്‍മാര്‍ മറുപടി നല്‍കും. ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാലോ അല്ലെങ്കില്‍ അസുഖം പിടിപെട്ടാലോ അപ്പോള്‍ തന്നെ ഈ നമ്പറില്‍ ബന്ധപ്പെട്ട് ഉപദേശം തേടാം. ഗര്‍ഭകാല പരിചരണങ്ങളെക്കുറിച്ചും മാതൃശിശു പരിചരണത്തെക്കുറിച്ചുമെല്ലാമുള്ള സംശയങ്ങള്‍ക്കും ഫോണിലൂടെ വിദഗ്ധരായ ഡോക്ടര്‍മാരുടെ മറുപടി ലഭിക്കും. കോളുകള്‍ സ്വീകരിക്കുന്നതിന് വിദഗ്ധപരിശീലനം നല്‍കിയ കൗണ്‍സിലര്‍മാരാണ് ഫോണ്‍ ഡോക്ടര്‍ക്ക് കൈമാറുക. കുട്ടികളുടെ അമിത ദേഷ്യവും വാശിയും മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മാനസിക പ്രയാസങ്ങള്‍ വരെ വിശദമായി പറയാനും അത് പരിഹരിക്കപ്പെടാനും ദിശയിലൂടെ സാധിക്കും. എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെയും വിദഗ്ധരുള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ വിദഗ്ധരായ 40 ഡോക്ടര്‍മാരാണ് മറുപടി നല്‍കാന്‍ എപ്പോഴും സജ്ജരായിരിക്കുന്നത്. പ്രത്യേക കൗണ്‍സലിംഗ് നല്‍കാന്‍ മനശാസ്ത്രജ്ഞരുടെ പാനലുമുണ്ട്.

പ്രതിദിനം 100 മുതല്‍ 200 വരെ ആളുകള്‍ ഇപ്പോള്‍ ദിശയുമായി ബന്ധപ്പെടുന്നുണ്ട്. പരീക്ഷാ കാലത്തും മറ്റും ഇത് 500 വരെയായി വര്‍ധിക്കാറുണ്ടെന്ന് ദിശയുടെ ചുമതലയുള്ള ഡോ. സപ്‌ന പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ പദ്ധതിയാണിതെന്ന് നിരീക്ഷണ ചുമതലയുള്ള ഡോ. അമര്‍സെറ്റലും വ്യക്തമാക്കി. ടെക്‌നോപാര്‍ക്കിലെ ആരോഗ്യവകുപ്പിന്റെ ദിശ എന്ന കാള്‍ സെന്ററിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, പൊതുജനാരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് വേണ്ടിയും ദിശ പദ്ധതിയെ ഇനി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഏതെങ്കിലും പ്രദേശത്ത് ആരോഗ്യഭീഷണിയുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കാനും സര്‍ക്കാര്‍ ആശുപത്രിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉന്നത അധികാരികളെ അറിയിക്കാനുമെല്ലാമുള്ള സംവിധാനവും ദിശയിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതാത് ജില്ലയിലെ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ച് പരിഹാരം കാണാന്‍ നടപടിയുണ്ടാക്കും. ഉടന്‍ പരിഹരിക്കേണ്ടതാണെങ്കില്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ എത്തിക്കാനും നടപടിയുണ്ടാകും. ദിശയുടെ വെബ്‌സൈറ്റ് പരിഷ്‌കരിച്ച് രക്തദാനത്തിനുള്ള സംവിധാനം കൂടി ലക്ഷ്യമിടാനും ആലോചിക്കുന്നുണ്ട്. മറ്റു സേവന ദാതാക്കളില്‍ നിന്ന് 04712552056 എന്ന നമ്പറിലേക്ക് വിളിച്ചാലും ഈ സേവനം ലഭ്യമാണ്.