വാട്‌സ് ആപ് കാലത്തെ വാര്‍ത്താ വിതരണം

Posted on: September 22, 2017 6:02 am | Last updated: September 21, 2017 at 11:52 pm

ഇന്ന് വിവരങ്ങള്‍ വിരല്‍ തുമ്പിലാണ്. അത് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കണ്ണടച്ചു തുറക്കുന്ന സമയം മതി. മൊബൈല്‍ ഫോണിലെ വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ച് ഏത് സാധാരണക്കാരനും ഇന്ന് വാര്‍ത്താ വിതരണം നടത്താനാകും. വാര്‍ത്താ ശേഖരണം, നിര്‍മാണം, എഡിറ്റിംഗ്, റിപ്പോര്‍ട്ട് ചെയ്യല്‍ തുടങ്ങിയ ജോലികള്‍ ചെയ്ത് എല്ലാവരും പത്രപ്രവര്‍ത്തകരായി മാറിയിരിക്കുകയാണ്.
വിവര കൈമാറ്റത്തിന് വേഗം വര്‍ധിച്ചപ്പോള്‍ ജനമനസ്സുകളില്‍ ആ വേഗത എന്നിലൂടെയായിരിക്കണം എന്ന ചിന്ത വളര്‍ന്നിട്ടുണ്ട്. ഏതൊരു വാര്‍ത്തയും ആദ്യമെത്തിക്കാന്‍ എല്ലാവരും മത്സരിക്കുകയാണ്. ഈ പ്രവണത ലോകത്ത് അസത്യങ്ങളും അര്‍ധസത്യങ്ങളും വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയാണ്.

വാര്‍ത്തകള്‍ സ്വീകരിക്കുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയും അത് കൈമാറുമ്പോള്‍ പാലിക്കേണ്ട ജാഗ്രതയും ഇന്നാര്‍ക്കും ഒരു വിഷയമല്ല. കണ്ടതും കേട്ടതുമെല്ലാം ഒന്നും നോക്കാതെ കൈമാറുമ്പോള്‍ സമൂഹത്തിന് നാം നല്‍കുന്ന വേദനയും ഭയവും ആരും ശ്രദ്ധിക്കുന്നില്ല. ഒരു മരണവാര്‍ത്ത പോലും ഉറ്റവരെയും ഉടയവരെയും അറിയിക്കാന്‍ മുമ്പ് കാലത്ത് നാം സ്വീകരിച്ചിരുന്ന സമീപനം എന്തായിരുന്നു? ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയോട് പെട്ടെന്ന് ആ വിഷയം പറയാതെ, രോഗം അല്‍പം കൂടുതലാണെന്ന് പറയുകയും പിന്നെ ഗുരുതരാവസ്ഥയിലാണെന്ന് സൂചിപ്പിച്ച് അവസാനമായിരുന്നു മരണവിവരം അറിയിച്ചിരുന്നത്. ഇത് പെട്ടെന്നുള്ള ആഘാതത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍, ഇന്നൊരാള്‍ അപകടത്തില്‍ മരണപ്പെട്ടാല്‍ ഛിന്നിച്ചിതറിയ അയാളുടെ തലച്ചോറും അറ്റുനുറുങ്ങിയ ശരീര ഭാഗങ്ങളും ചോര തളം കെട്ടി നില്‍ക്കുന്ന ചിത്രങ്ങളുമെടുത്ത് അയാളുടെ മാതാപിതാക്കളുടെ വാട്‌സ് ആപ് നമ്പറിലേക്ക് അയച്ചുകൊടുക്കുന്ന ക്രൂരമായ വാര്‍ത്താവിതരണം എത്ര മനുഷ്യത്വരഹിതമാണ്?

വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള വ്യഗ്രതയില്‍ ഊഹങ്ങളും അസത്യങ്ങളുമാണ് പലരും ഷെയര്‍ ചെയ്യുന്നത്. സിനിമാ താരങ്ങളായ ജഗതിയേയും മാമുക്കോയയെയും ഒരിക്കല്‍ മരിപ്പിച്ചു കിടത്തിയ ഇക്കൂട്ടര്‍ തുര്‍ക്കിയും ബംഗ്ലാദേശുമറിയാതെ അവരുടെ സൈന്യത്തെ മ്യാന്മറിലെത്തിച്ച്, യുദ്ധം ചെയ്യിച്ചിട്ടുണ്ട്. കേള്‍ക്കുന്നതെല്ലാം പറഞ്ഞുനടന്നാല്‍ അത് മാത്രം മതി ഒരാള്‍ കളവ് പറയുന്നവനാകാന്‍(മുസ്‌ലിം) എന്ന പ്രവാചക വചനം ഓര്‍ക്കുന്നത് നന്ന്.
സമുന്നത വ്യക്തിത്വങ്ങളെയും പണ്ഡിതന്മാരെയും ഭരണാധികാരികളെയുമെല്ലാം ‘ആവിഷ്‌കാര സ്വാതന്ത്ര്യ’മുപയോഗിച്ച് നിന്ദിച്ചും നിസ്സാരപ്പെടുത്തിയും സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നവരുണ്ട്. ചക്രവാളങ്ങളെ ഭേദിച്ചു കടന്നുപോകുന്ന ഈ പരദൂഷണം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളെയും പാരത്രിക ലോകത്ത് അതുണ്ടാക്കുന്ന നഷ്ടങ്ങളെയും സംബന്ധിച്ച് വിശ്വാസികളെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍!
ഈ വിവര കൈമാറ്റ സംവിധാനത്തെ നന്മക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ഒരുപാട് നല്ല ഫലങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന സത്യത്തെ നമുക്ക് നിരാകരിച്ചുകൂടാ. വിദേശ ജയിലുകളില്‍ കുടുങ്ങിയവര്‍, രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍, യാതനകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങി പലര്‍ക്കും സാന്ത്വനമായും ആശ്വാസമായും എത്രയോ വാട്‌സ് ആപ് കൂട്ടായ്മകള്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, തിന്മകള്‍ പ്രചരിപ്പിക്കുന്നതുമായി ചേര്‍ത്തുനോക്കിയാല്‍ ഇത് വളരെ കുറവാണ്. വാട്‌സ് ആപിലൂടെ ലഭിക്കുന്ന സഹായം പലപ്പോഴും വിവര കൈമാറ്റം മാത്രമായി മാറുന്നുമുണ്ട്. ഈയിടെ ഒരാള്‍ അത്യാസന്ന നിലയിലായ തന്റെ മകന് ബി പോസിറ്റീവ് രക്തം അടിയന്തരമായി ആവശ്യമുണ്ട് എന്ന് പോസ്റ്റ് ചെയ്തുവത്രേ. ഒരു മാസത്തോളം പതിനായിരങ്ങളിലേക്ക് ആ സന്ദേശം ഷെയര്‍ ചെയ്തുകൊണ്ടിരുന്നു. അവസാനം ഇതാവശ്യപ്പെട്ടയാളിലേക്കും ഈ സന്ദേശം മടങ്ങിയെത്തി. ഒരു തുള്ളി രക്തവുമായി ആരും മുന്നോട്ട് വന്നില്ല എന്നതാണ് കൗതുകകരം.

പലരും ഗുരുമുഖത്തു നിന്നും പഠിക്കേണ്ട മതപഠനം പോലും വാട്‌സ് ആപും ഫെയ്‌സ് ബുക്കും നോക്കിയാണ് മനസ്സിലാക്കുന്നത്. അറിവിന്റെ ഉറവിടം ഏതെന്നറിയാതെ അറിവ് നേടുന്നത് വലിയ അപകടത്തിന് കാരണമാകും. പാണ്ഡിത്യമുള്ള ആലിമുകള്‍ പേരുവെച്ചെഴുതുന്നതും ആധികാരികമായി അവതരിപ്പിക്കുന്നതും സ്വീകരിച്ചുകൂടാ എന്നല്ല ഇപ്പറയുന്നത്. വിശ്വാസ കാര്യങ്ങളും അനുഷ്ഠാന കര്‍മങ്ങളുമെല്ലാം തെറ്റായ രീതിയില്‍ വ്യാപകമായി ഈ സംവിധാനത്തിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ”ഈ അറിവ് എന്നത് അതാണ് അല്ലാഹുവിന്റെ ദീന്‍. അത് ആരില്‍ നിന്നാണ് നിങ്ങള്‍ സ്വീകരിക്കുന്നത് എന്ന് ഓരോരുത്തരും ശ്രദ്ധിക്കുക” എന്ന തിരുവചനം ഓര്‍മിക്കുക.
ചുരുക്കത്തില്‍ ഈ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. ഊഹങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ച് വര്‍ഗീയ സംഘര്‍ഷങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും സൃഷ്ടിച്ചാല്‍ അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ ഇതിന് കാരണക്കാരായവര്‍ക്ക് പോലും പരിഹരിക്കാന്‍ കഴിയില്ല. ഒരു വാര്‍ത്ത കണ്ടാല്‍ അതിന്റെ ഉറവിടത്തെ കുറിച്ച് പഠിച്ച് അത് സമൂഹത്തില്‍ പ്രചരിപ്പിച്ചാലുള്ള നന്മകളും തിന്മകളും വിലയിരുത്തി ഉപകാരപ്രദമായത് മാത്രം ഷെയര്‍ ചെയ്യുന്ന സമീപനമാണ് അഭികാമ്യം.