രാജ്യപുരോഗതിക്ക് സ്ത്രീകളുടെ സംഭാവനകള്‍ അനിവാര്യം

Posted on: September 21, 2017 8:53 pm | Last updated: September 21, 2017 at 8:53 pm

ദുബൈ: രാജ്യപുരോഗതിക്ക് സ്ത്രീകളുടെ സംഭാവനകള്‍ അനിവാര്യമാണെന്നും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പരിതസ്ഥിതി സൃഷ്ടിക്കേണ്ടതുണ്ടെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു.

പൊതു-സ്വകാര്യ തൊഴില്‍മേഖലക്കുള്ള ലിംഗസമത്വ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലാണ് ലോകത്തിലെതന്നെ ആദ്യ ലിംഗ സമത്വ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കിയത്. യു എ ഇ തൊഴില്‍ മേഖലയില്‍ ലിംഗസമത്വം കൊണ്ടുവരാനും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ജെന്‍ഡര്‍ ബാലന്‍സ് ഗൈഡ് സഹായമാകും.

വളര്‍ച്ചയുടെ പാതയില്‍ ആഗോളതലത്തില്‍ യു എ ഇയുടെ സ്ഥാനം ഉയര്‍ത്താന്‍ 2015-ലാണ് ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ ആരംഭിച്ചത്. ഗൈഡ് മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. ‘നമ്മുടെ ഭരണഘടന യു എ ഇയിലെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നു. ഈ തത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വിവിധ മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തവും നേട്ടങ്ങളും’- ശൈഖ് മുഹമ്മദ് പറഞ്ഞു. യു എ ഇയിലുടനീളമുള്ള സ്ഥാപനങ്ങളില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ‘ദി ജെന്‍ഡര്‍ ബാലന്‍സ് ഗൈഡ്; ആക്്ഷന്‍സ് ഫോര്‍ യു എ ഇ ഓര്‍ഗനൈസേഷന്‍സ്’ മുന്നോട്ടുെവക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാ മേഖലകളിലും ഒരുപോലെ തൊഴില്‍ ചെയ്യാനുള്ള പരിസ്ഥിതി സൃഷ്ടിക്കാന്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് സഹായമാകും. സാങ്കേതിക മേഖലകളിലുള്‍പെടെ സ്ത്രീകളെ നേതൃസ്ഥാനങ്ങളില്‍ കൊണ്ടുവന്നു ലിംഗസമത്വം മെച്ചപ്പെടുത്തുന്ന ജെന്‍ഡര്‍ ബാലന്‍സ് സൂചകങ്ങളോടെയാണ് ഗൈഡ് പുറത്തിറങ്ങിയിരിക്കുന്നത്.