കൊലപാതകം കണ്ടുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി; വൈക്കം സ്വദേശി അറസ്റ്റില്‍

Posted on: September 21, 2017 8:06 pm | Last updated: September 21, 2017 at 9:21 pm

കോട്ടയം: കൊലപാതകത്തിനു പങ്കാളിയായെന്നു കോട്ടയം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനിടെ വെളിപ്പെടുത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവമുണ്ടായത്. താന്‍ പെണ്‍വാണിഭ സംഘത്തില്‍ മുന്‍പ് കണ്ണിയായിരുന്നുവെന്നും ഈ റാക്കറ്റ് നടത്തിയ കൊലപാതകം നേരില്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു വൈക്കം ടിവി പുരം സ്വദേശി എം.കെ.സിബിയുടെ വെളിപ്പെടുത്തല്‍.

വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭ ലഹരിമരുന്നു സംഘത്തെക്കുറിച്ചു വാര്‍ത്താസമ്മേളനം നടത്താനായിരുന്നു സിബി കോട്ടയം പ്രസ്‌ക്ലബിലെത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂരില്‍വെച്ച് വില്‍പ്പനക്കാരനെ തന്റെ സുഹൃത്ത് സുനില്‍ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് താന്‍ പങ്കാളിയാണ്.കോടതിയില്‍ ഹാജരായി ഇത് വെളിപ്പെടുത്താന്‍ തയാറാണെന്നും കേസില്‍ മാപ്പു സാക്ഷിയാക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

ഭര്‍ത്താക്കന്‍മാര്‍ക്കു ലഹരിമരുന്നു നല്‍കി വീട്ടമ്മമാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന ഒരു സംഘം വൈക്കത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും മണിച്ചെയിന്‍ മാതൃകയില്‍ ഇവര്‍ സ്ത്രീകളെ വലയിലാക്കി വരികയാണെന്നും സിബി ആരോപിച്ചു.

എന്നാല്‍ കൊലപാതകത്തിനു പങ്കാളിയാണെന്ന വെളിപ്പെടുത്തലുണ്ടായതോടെ സംഭവം അറിഞ്ഞു പൊലീസ് കോട്ടയം പ്രസ് ക്ലബ്ബിലെത്തി. വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സിബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്ത് വരികയാണ്.