സൂകിയുടെ കളവുകള്‍ പൊളിച്ച് ബിബിസി

Posted on: September 21, 2017 9:01 am | Last updated: September 21, 2017 at 9:34 am

ധാക്ക: റോഹിംഗ്യകള്‍ക്ക് നേരെ സൈന്യവും ബുദ്ധതീവ്രവാദികളും നടത്തുന്ന ക്രൂരതകളെ മറയ്ക്കാന്‍ മ്യാന്മര്‍ മേധാവി ആംഗ് സാന്‍ സൂകി നടത്തിയ ന്യായീകരണങ്ങളെയും കളവുകളെയും പൊളിച്ച് ബിബിസി റിപ്പോര്‍ട്ടര്‍. റോഹിംഗ്യന്‍ വിഷയത്തില്‍ വാര്‍ത്തകളും ഫീച്ചറുകളും ചെയ്യുന്ന ദക്ഷിണ, കിഴക്ക് ഏഷ്യന്‍ ലേഖകന്‍ ജൊനാഥന്‍ ഹെഡ്ഡാണ് സൂകിയുടെ റോഹിംഗ്യന്‍ വിഷയത്തിലെ ഓരോ പരാര്‍ശങ്ങലെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മ്യാന്മര്‍ പാര്‍ലിമെന്റില്‍ നടത്തിയ സൂകിയുടെ പരാമര്‍ശങ്ങളിലെ പൊള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതാണ് ജൊനാഥന്‍ ഹെഡ്ഡിന്റെ വാക്കുകള്‍.
ഈ മാസം അഞ്ച് മുതല്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടത്തിയിട്ടില്ല, റാഖിനെയിലെ ജനങ്ങളോട് വിവേചനമില്ല തുടങ്ങിയ സൂകിയുടെ പരാമര്‍ശങ്ങളെയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൊനാഥന്‍ എതിര്‍ക്കുന്നത്.
റോഹിംഗ്യകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമാണ് സൈന്യം നടത്തുന്നതെന്നും പ്രകോപനമില്ലാതെ നിരന്തരമായി ആക്രമണങ്ങള്‍ റോഹിംഗ്യകള്‍ക്ക് നേരെ അഴിച്ചുവിട്ടിട്ടുണ്ടെന്നും ബിബിസി ലേഖകന്‍ വ്യക്തമാക്കി.

‘ബര്‍മീസ് സൈന്യം നടത്തുന്ന പീഡനങ്ങള്‍ 70 വര്‍ഷങ്ങളായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും റാഖിനെ മേഖലയിലടക്കം രാജ്യത്ത് സായുധകലാപം നടക്കുന്ന ഒരിടത്തും ഒരു അച്ചടക്ക നടപടി പോലും കൈക്കൊണ്ടതായി രേഖകളില്ല. അര്‍സ എന്ന സംഘടനയുമായി ബന്ധം ആരോപിച്ച് നാലുലക്ഷം റോഹിംഗ്യകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സൈനിക നടപടിപോലെ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടു നില്‍ക്കാനാവില്ല. ഈ മാസം ഏഴിന് അലേല്‍ താന്‍ ക്യോ എന്ന പട്ടണത്തിലേക്ക് സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു മാധ്യമ സംഘ സന്ദര്‍ശനത്തില്‍ ഞാനുമുണ്ടായിരുന്നു. അവിടെ ദൂരത്ത് നിന്ന് തന്നെ വെടിയൊച്ചകള്‍ ഞങ്ങള്‍ കേട്ടു. ഒരു ഗ്രാമം കത്തിയെരിഞ്ഞ് ഉയരുന്ന പുകയുടെ തൂണുകള്‍ ഞങ്ങള്‍ കണ്ടു. അതേദിവസം തന്നെ പിന്നീട് പോലീസുകാരെ സാക്ഷിയാക്കി റാഖിനെയിലെ ബുദ്ധതീവ്രവാദികള്‍ തീവെച്ച ഗോ ദു താര്‍ യാ എന്ന റോഹിംഗ്യന്‍ ഗ്രാമത്തിലെത്തിയിരുന്നു.’ ജൊനാഥന്‍ വ്യക്തമാക്കുന്നു.