തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ ഈ വര്‍ഷം മുതല്‍ ട്രാന്‍സ്‌ജെന്റേഴ്‌സും

കോഴിക്കോട്
Posted on: September 21, 2017 6:22 am | Last updated: September 21, 2017 at 8:49 am

സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ട്രാന്‍സ്‌ജെന്റര്‍ പഠിതാക്കള്‍ക്കും മത്സരം ഉള്‍പ്പെടുത്തി. ഇത്തവണ ആദ്യമായി തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ മത്സരങ്ങള്‍ക്ക് വേദിയാകുക കോഴിക്കോടാണ്. ഡിസംബറിലാണ് എട്ടാമത് തുടര്‍വിദ്യാഭ്യാസ കലോത്സവം കോഴിക്കോട് അരങ്ങേറുക.

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തോടൊപ്പം ഇത്തവണ ഇതര സംസ്ഥാന തൊഴിലാളികളായ പഠിതാക്കള്‍ക്കും മത്സരമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്‍ സമന്വയ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പേരില്‍ തുടര്‍വിദ്യാഭ്യാസപദ്ധതി ആവിഷ്‌കരിച്ചതിന് പിന്നാലെയാണ് കലോത്സവത്തിലും മത്സര ഇനങ്ങള്‍ സാക്ഷരതാ മിഷന്‍ ഉള്‍പ്പെടുത്തിയത്. ബ്ലോക്ക്- സംസ്ഥാന തലങ്ങളില്‍ മാത്രമാണ് ഇത്തവണ മത്സരമുള്ളത്. ബ്ലോക്ക്- ജില്ലാ തലങ്ങളില്‍ മത്സരമില്ല.സമന്വയ പദ്ധതി പ്രകാരം 918 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ ചേരാന്‍ സന്നദ്ധരായിട്ടുണ്ട്.

കൊല്ലം ജില്ലയിലാണ് കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പഠനവഴിയില്‍ തിരിച്ചെത്താന്‍ താത്പര്യം പ്രകടിപ്പിച്ചത്. കൊല്ലം124, കോട്ടയം108, പത്തനംതിട്ട 103, കണ്ണൂര്‍ 102, കോഴിക്കോട് 80, തിരുവനന്തപുരം74, തൃശൂര്‍ 56, കാസര്‍കോട് 51, പാലക്കാട് 45, വയനാട് 39, എറണാകുളം 36, ആലപ്പുഴ 35, ഇടുക്കി 34, മലപ്പുറം31 എന്നിങ്ങനെയാണ് തുടര്‍വിദ്യാഭ്യാസത്തിന് തയ്യാറായവരുടെ എണ്ണം. സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞ് പോക്ക് ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ കൂടുതലാണെന്നാണ് സര്‍വ്വെ പ്രകാരം കണ്ടെത്തിയിട്ടുള്ളത്. ഏഴിനും പത്താം തരത്തിനുമിടയിലാണ് കൂടുതല്‍ പേരും സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചത്. ഏഴിനും പത്തിനും ഇടയില്‍ 39.15 ശതമാനം പേരാണ് പഠനം നിര്‍ത്തിയത്.
വിദ്യാലയങ്ങളില്‍ നിന്നേല്‍ക്കുന്ന പരിഹാസമാണ് കൊഴിഞ്ഞ് പോക്കിന് പ്രധാന കാരണമായി കണക്കാക്കുന്നത്. നിരക്ഷരര്‍ 1.2 ശതമാനവും നാലാം തരത്തില്‍ പഠനം നിര്‍ത്തേണ്ടിവന്നവര്‍ 1.76 ശതമാനവുമാണ്. കേരളത്തിലെ ഭിന്നലിംഗക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ ഏഴ് ഇനങ്ങളിലാണ് ഈ വിഭാഗത്തിനായി മത്സരം സംഘടിപ്പിക്കുന്നത്.

പ്രസംഗം, ഉപന്യാസ രചന, കഥാരചന, കവിതാ രചന, ചിത്ര രചന പെന്‍സില്‍ ഡ്രോയിംഗ്, സംഘ നൃത്തം എന്നീ ഇനങ്ങളിലാണ് ഇത്തവണ ട്രാന്‍സ്‌ജെന്റേര്‍സ് വിഭാഗത്തിനായി മത്സരമുള്ളത്. ട്രാന്‍സ് ജെന്റര്‍ വിഭാഗത്തിന് പുറമെ ഇത്തവണ തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മത്സരമുണ്ട്. ആദ്യ ഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരതാ പദ്ധതി ആരംഭിച്ച എറണാകുളം ജില്ലയിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

സമൂഹ ഗാനം, സംഘ നൃത്തം എന്നിവയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സര ഇനം. അടുത്ത വര്‍ഷങ്ങളോടെ മറ്റ് ജില്ലകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സാക്ഷരതാ പദ്ധതി ആരംഭിക്കുന്നതോടെ അവിടെയും കലോത്സവങ്ങളില്‍ അവരെ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കന്നഡ പത്താം തരം തുല്യതാ പഠിതാക്കള്‍ക്കായി കാസര്‍ക്കോട് ജില്ലയില്‍ മത്സരമുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരതാ മിഷന്‍ സാക്ഷരതാ പദ്ധതി ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം സംസ്ഥാനത്ത് ആദ്യമായി പെരുമ്പാവൂരിലാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായി രണ്ടാം ഘട്ടത്തില്‍ പതിനാല് ജില്ലകളിലും ഓരോന്ന് വീതം പഞ്ചായത്തുകളില്‍ സാക്ഷരതാ പദ്ധതി ആരംഭിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാഠപുസ്തകം ഹമാരി മലയാളം എന്ന പേരില്‍ സാക്ഷരതാ മിഷന്‍ തയ്യാറാക്കിയിരുന്നു.