മലയാളം എഴുതാനും വായിക്കാനും പഠിച്ചു; കേട്ടെഴുത്തിടാന്‍ എന്നുവരും?;ഐസക്കിന് ഏഴാം ക്ലാസുകാരന്റെ കത്ത്‌

Posted on: September 20, 2017 8:50 pm | Last updated: September 20, 2017 at 8:50 pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനെത്തിയ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി അയച്ച കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ചെട്ടികാട് ചിത്തിരമഹാരാജ വിലാസം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഹരിയാണ് ധനമന്ത്രിക്ക് കത്തയച്ചത്.

താന്‍ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളില്‍ വന്ന് ചേര്‍ന്നതാണെന്നും കെട്ടിട ഉദ്ഘാടന സമയത്ത് സാര്‍ പറഞ്ഞത് അനുസരിച്ച് മലയാളം എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞെന്നും ഇനി കേട്ടെഴുത്ത് ഇടാന്‍ സാര്‍ എന്നാണ് വരുന്നതെന്നും ശ്രീഹരി കത്തില്‍ ചോദിക്കുന്നു. ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് കത്ത് പങ്കുവെച്ചത്. അടുത്ത ദിവസം തന്നെ സ്‌കൂളില്‍ എത്തുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

പ്രിയപ്പെട്ട ശ്രീഹരി ,

മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി.
മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ?
കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍ .