സംസ്ഥാനത്ത് പുതുതായി മൂന്ന് ഐടിഐകളും ഏഴ് പോലീസ് സ്‌റ്റേഷനുകളും തുടങ്ങും

Posted on: September 20, 2017 7:36 pm | Last updated: September 20, 2017 at 7:36 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി മൂന്ന് ഐടിഐകളും ഏഴ് പോലീസ് സ്‌റ്റേഷനുകളും കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. കാസര്‍കോട്, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഐടിഐകള്‍ ആരംഭിക്കുന്നത്. ഇതിന് ആവശ്യമായ തസ്തികള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കാസര്‍കോട് ജില്ലയിലെ കോടോംബേളൂര്‍, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളില്‍ലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുന്നത്. ഐടിഐയ്ക്കുളള സ്ഥലവും കെട്ടിടവും ഫര്‍ണിച്ചറും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം.

കൂടാതെ സംസ്ഥാനത്ത് പുതിയ ഏഴ് പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അച്ചന്‍കോവില്‍, കൈപ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട്, നഗരൂര്‍, പിണറായി, പുതൂര്‍ എന്നിവിടങ്ങളിലാണ് പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത്.