ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനേല്‍ക്കുന്ന തിരുമുറിവുകള്‍

Posted on: September 20, 2017 6:00 am | Last updated: September 20, 2017 at 2:18 pm

ഏഴ് പതിറ്റാണ്ടിന്റെ സ്വാതന്ത്ര്യം ഇപ്പോള്‍ ആഘോഷിച്ച് തീര്‍ന്നതേയുള്ളൂ. പതിവു വായ്ത്താരികള്‍ക്കൊന്നും ഒരു മാറ്റവും ഉണ്ടായില്ല. ‘ഇന്ത്യ തന്നെ ജനാധിപത്യത്തിന്റെ ലോക മാതൃക. നമ്മോടൊപ്പമോ അതിനു ശേഷമോ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പാരതന്ത്ര്യം വരിച്ചുകഴിഞ്ഞു. പലയിടത്തും പട്ടാളത്തിന്റെ ബൂട്ടിനടിയില്‍ സ്വാതന്ത്ര്യം ഞെരിഞ്ഞമരുന്നത് നാം കണ്ടു. അപ്പോഴും നമ്മുടെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ മഹാഭാരതപര്‍വമായി ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.’ ഇങ്ങനെ പോയി ഏഴ് പതിറ്റാണ്ട് ആഘോഷിച്ചിട്ടും സ്വാതന്ത്ര്യത്തിന്റെ കരുത്ത് ചോരാതെ സൂക്ഷിക്കുന്ന ഭാരതത്തെ കുറിച്ചുള്ള വിശേഷണങ്ങളും ഉപമകളും.

പാര്‍ലിമെന്ററി ജനാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥിതിക്ക് മേല്‍ ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്. അയ്യഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ വിരലില്‍ മഷി പുരട്ടി യന്ത്രത്തില്‍ ഇഷ്ട ചിഹ്നത്തിനു നേരെ വിരലമര്‍ത്താനുള്ള സ്വാതന്ത്ര്യം ഇതുവരേയും ഇന്ത്യക്കാരന് നിഷേധിക്കപ്പെട്ടിട്ടില്ല. പക്ഷേ, ആ അമര്‍ത്തുന്ന വിരലുകള്‍ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളുടെ പ്രതിഫലനങ്ങള്‍ ശരിയാംവണ്ണം കുറിക്കപ്പെടുന്നുണ്ടോ എന്ന സംശയമൊക്കെ തലപൊക്കിത്തുടങ്ങിയിരിക്കുന്നു.!
നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും നമുക്ക് അര്‍ഹതപ്പെട്ട സ്വാതന്ത്ര്യവും പരസ്പരം പൊരുത്തപ്പെടുന്നുണ്ടോ എന്ന കാതലായ പ്രശ്‌നം സ്വതന്ത്ര ഭാരതത്തെ തുറിച്ചു നോക്കുന്നു എന്നതല്ലേ സത്യം? നിര്‍ഭയമായി യാത്ര ചെയ്യാനും അഭിരുചിക്കൊത്ത ഭക്ഷണം കഴിക്കാനും വിശ്വാസത്തിനൊത്ത് ജീവിക്കാനും ഒരു പ്രത്യേക വിഭാഗത്തിന് പലയിടത്തും കഴിയാതായിട്ട് കാലം കുറച്ചായി. ഏറ്റവും അടിത്തട്ടിലുള്ളവരുടെ ജീവിതം എന്നും അവഗണനയുടേയും ദയനീയതയുടേയും അഗാധഗര്‍ത്തങ്ങളില്‍ തന്നെ എന്നതിന് സ്വാതന്ത്ര്യത്തോളവും അതിനപ്പുറവും കാലപ്പഴക്കമുണ്ട്. പച്ചയായ ആ സത്യത്തിന് ഒരു തിരുത്ത് സമ്മാനിക്കാന്‍ നമ്മള്‍ കൊട്ടിഘോഷിക്കുന്ന സ്വതന്ത്ര ജനാധിപത്യത്തിന് ഒരിക്കല്‍ പോലും കഴിഞ്ഞതുമില്ല.

അത് ജനാധിപത്യം എന്ന സങ്കല്‍പ്പത്തിന്റെ കുഴപ്പം കൊണ്ടല്ലെന്നത് സത്യം. എന്നാലും വ്യവസ്ഥിതിയെ പഴി പറഞ്ഞും ആ സൂത്രണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചും ഇതിനൊക്കെ ന്യായീകരണങ്ങള്‍ ചമയ്ക്കുന്നതും നമ്മുടെ വ്യവസ്ഥിതി സംരക്ഷകര്‍ തന്നെയാണ്.
അപ്പോഴും ഒരു സുഭിക്ഷ ജീവിത സാഹചര്യമൊന്നും സ്വപ്‌നം കാണാന്‍ പോലും അവകാശമില്ലാത്ത കോടിക്കണക്കായ ജനാധിപത്യത്തിലെ പ്രജകള്‍ക്ക് നിര്‍ഭയമായി തങ്ങളുടെ വിധിഹിതങ്ങള്‍ ഏറ്റുവാങ്ങി ഇവിടെ അടിമകളെപ്പോലെ ജീവിക്കാം എന്നൊരു ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ ബലത്തില്‍ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യവും സ്വാതന്ത്ര്യവും ഇക്കാലമത്രയും വാഴ്ത്തപ്പെട്ടത്. അതിനു പോലും കാതലായ മാറ്റം വന്നു തുടങ്ങുന്നു എന്നിടത്താണ് നമ്മില്‍ നിന്നും നാമമാത്രമായ സ്വാതന്ത്ര്യം പോലും ഇപ്പോള്‍ തട്ടിയെടുക്കപ്പെട്ടോ എന്ന ആപത് ചിന്തക്ക് ആക്കം വര്‍ധിക്കുന്നത്.

പാവങ്ങളെ സംബന്ധിച്ചിടത്തോളം ചങ്കരന് എന്നും കഞ്ഞി കുമ്പിളില്‍ തന്നെയായിരുന്നുവെങ്കില്‍ മധ്യവര്‍ഗത്തിനുണ്ടായിരുന്ന സുരക്ഷയും അല്ലറ ചില്ലറ സൗകര്യങ്ങളുമെല്ലാം ഇപ്പോള്‍ തട്ടിയെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. മധ്യവര്‍ഗ ബുദ്ധിജീവികള്‍ക്ക് പോലും അവരുടെ സ്വതന്ത്ര ചിന്തയെ ആവിഷ്‌കരിക്കാന്‍ ഒരവകാശവും വകവെച്ച് കൊടുക്കില്ലായെന്ന ഏക ചിന്താദാര്‍ഷ്ട്യത്തിലേക്ക് ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തരഭാഗം മാത്രമല്ല തെക്കേപക്ഷവും മാറിക്കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം ബെംഗളൂരു വില്‍ സ്വതന്ത്ര ചിന്താഗതിക്കാരിയായ എഴുത്തുകാരി ഗൗരിലങ്കേഷിന്റെ ജീവനെടുത്ത വെടിയുണ്ടകള്‍ അത് നിസ്സംശയം തെളിയിക്കുന്നു.
മുമ്പൊക്കെ പാവപ്പെട്ടവന്റെയും അരികു വത്കരിക്കപ്പെട്ടവന്റെയും സ്വാതന്ത്ര്യത്തിലും പൗരാവകാശത്തിലും വല്ലാതെ കൈ കടത്തിയിരുന്ന ജനാധിപത്യത്തിന്റെ കാവല്‍വേഷം അണിഞ്ഞവര്‍ ഇന്ന് ആ പരിധിയും കടന്ന് കോര്‍പറേറ്റ് വിരുദ്ധതയുള്ള ആര്‍ക്കു നേരേയും എപ്പോഴും എവിടെ വെച്ചും കടന്നാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പാകത്തില്‍ വളര്‍ച്ച പ്രാപിച്ചു എന്നതായി ഏഴു പതിറ്റാണ്ടിനു ശേഷമുള്ള സ്വതന്ത്ര സുന്ദര ജനാധിപത്യത്തിന്റെ ബാക്കിപത്രം. പട്ടിണി കിടന്നും ആവശ്യത്തിന് മരുന്ന് ലഭിക്കാതെയും മൂലമുള്ള അശുഭ മരണങ്ങള്‍ മുമ്പേയുണ്ടായിരുന്ന നമ്മുടെ രാജ്യത്ത് അതിനും അപ്പുറം ചില അസാധാരണ സാഹചര്യമരണങ്ങളും രാജ്യത്തെ പിടികൂടിയിരിക്കുന്നു. തിന്നുശീലിച്ച ഭക്ഷണം കൈവശം വെക്കുന്നതിന്റെ പേരില്‍ അടിയേറ്റു കൊല്ലപ്പെടുന്നവരുടെ ഇന്ത്യ, എഴുത്തിനുള്ള പ്രതിഫലം കഴുത്തില്‍ വാങ്ങേണ്ടി വരുന്ന എഴുത്തുകാരുടെ എണ്ണം വര്‍ധിച്ചു വരുന്ന ഇന്ത്യ, വിഭജന പൂര്‍വ്വകാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഇവിടെ ജനിച്ചുവളര്‍ന്ന ഒരു വിഭാഗത്തോട് അടിക്കടി പാക്കിസ്ഥാനിലേക്ക് പോകാന്‍ കല്‍പ്പിക്കല്‍ ശക്തി പ്രാപിക്കുന്ന ഇന്ത്യ, ഇങ്ങനെ സ്വാതന്ത്ര്യത്തിനേല്‍ക്കുന്ന തിരുമുറിവുകള്‍ വര്‍ധിച്ചു വരുന്ന സമകാലിക ഇന്ത്യ നല്‍കുന്ന സന്ദേശം അതീവ ഉത്കണ്ഠയുളവാക്കുന്നതു തന്നെയാണ്.

പല കോണുകളില്‍ നിന്നും ഈ ദുരവസ്ഥക്കെതിരേ എഴുത്തും പ്രസംഗങ്ങളും ഒക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഏല്‍ക്കേണ്ടിടത്ത് ഒരു ചലനവും സൃഷ്ടിക്കുന്നുമില്ല. ഇത്തരം ഒരവസ്ഥ സംജാതമായി എന്നതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളിയും. 1947ന് മുമ്പുള്ള കാലത്ത് സൈനികമായ ഇടപെടലിലൂടെ വിദേശശക്തികള്‍ നമ്മെ കീഴടക്കി ഭരിച്ചുവെങ്കില്‍ ആഗോളീകരണം എന്ന ഓമനപ്പേരിട്ട് ഒരു വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞര്‍ സെര്‍ട്ടിഫൈ ചെയ്ത പരിഷ്‌കരണത്തിലൂടെ അധിനിവേശത്തിന്റെ കാണാചരടുകളാല്‍ ഇപ്പോള്‍ വിദേശ ശക്തികള്‍ നമ്മെ ബന്ധികളാക്കിയിരിക്കുന്നു.
നമ്മുടെ ഉത്പന്നങ്ങള്‍ക്കും നമുക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കും (എണ്ണയടക്കം) വിലകള്‍ നിശ്ചയിക്കാനും നിയന്ത്രിക്കാനും നമ്മള്‍ക്ക് അധികാരമില്ലാതാവുമ്പോള്‍ നമ്മള്‍ ഏതോ ഒരുതരം അദൃശ്യമായ അടിമത്തത്തെ നാമറിയാതെ വരിക്കുന്നു എന്നാണ് അര്‍ഥമാക്കേണ്ടത്.
വര്‍ഷങ്ങളോളം ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തുവന്ന കേരളത്തിലെ ഒരു പ്രമുഖ നക്‌സലൈറ്റ് നേതാവായ മുണ്ടൂര്‍ രാവുണ്ണി പറഞ്ഞ ഒരു കാര്യമുണ്ട്. ‘ജയില്‍വാസം കുറേ അനുഭവിച്ചപ്പോള്‍ ജയിലും പുറം ലോകവുമായി ഒരു കന്‍മതിലിന്റെ വിടവേയുള്ളൂ എന്നൊരവസ്ഥ സംജാതമായി’ എന്നായിരുന്നു അത്. ശരിക്കും അതാണ് സംഭവിക്കുന്നത്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എന്ന ഒരാനുകൂല്യം ബാക്കിവെച്ച് മറ്റെല്ലാ മേഖലയിലും പാരതന്ത്ര്യത്താല്‍ ഒരു ജനതയെ വരിഞ്ഞുമുറുക്കുന്നതില്‍ വിജയിക്കുമ്പോള്‍ സ്വാതന്ത്ര്യവും പാരതന്ത്ര്യവും തമ്മിലുള്ള വിടവ് നേര്‍ത്ത് നേര്‍ത്തില്ലാതാവുകയാണിന്ത്യയില്‍. ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തെ നോക്കിക്കാണുമ്പോള്‍ ഓര്‍മവരുന്നത് ഒരു കണ്‍ഫ്യൂഷ്യന്‍ തത്വമാണ്. ‘ബലാത്സംഘം അനിവാര്യമാണെന്ന നിലവന്നാല്‍ കിടന്നു കൊടുത്ത് അത് ആസ്വദിക്കുകയാണ് ഭേദം’ ഈ ചിന്തയെ സാധൂകരിക്കുന്നു പുതിയ ഇന്ത്യ.
ഈ പുതിയ ഇന്ത്യയല്ല എനിക്ക് വേണ്ടത്. സ്വാതന്ത്ര്യാനന്തരത്തിന്റെ അദ്യകാലങ്ങളില്‍ പിറവിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും ഏറെ ദൗര്‍ബല്യങ്ങള്‍ക്കിടയിലും ഏറെക്കുറേ ഭദ്രമായിരുന്ന ആ പഴയ ഇന്ത്യയാണ് വേണ്ടതെന്ന് നാമോരോരുത്തരും ഉറക്കെ വിളിച്ചുപറയാന്‍ സമയമായിരിക്കുന്നു എന്ന് അടിക്കടി ഓര്‍മ്മപ്പെടുത്തുന്നു വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങള്‍.