Connect with us

Gulf

ജോര്‍ദാനി വീട്ടമ്മക്ക് 10 ലക്ഷം ദിര്‍ഹം സമ്മാനം

Published

|

Last Updated

അബുദാബി: ജോര്‍ദാന്‍ സ്വദേശിയും അബുദാബിയിലെ പ്രവാസി വീട്ടമ്മയുമായ റിഹാം ജറാറിനാണ് സ്വപ്‌നം പോലും കാണാത്തത്രയും വലിയ സമ്മാനം ലഭിച്ചത്. യാസ് ഐലന്റിലെ വിഐപി ട്രീറ്റിനായി തിരഞ്ഞെടുക്കപ്പെട്ടെന്ന് പറഞ്ഞാണ് ഇവരെ അധികൃതര്‍ വിളിച്ചുവരുത്തയത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ആ ദിവസം മുഴുവന്‍ ആഘോഷിച്ചു. സ്റ്റാര്‍ ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലെ പ്രഭാത ഭക്ഷണവും ഫെറാറി കാറിലെ യാത്രയും ആഡംബര ബോട്ടിലെ സൂര്യാസ്തമയവുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ജോര്‍ദാനില്‍ നിന്നും യുഎഇയിലെത്തിയ കുടുംബത്തിന് ഇത് തന്നെ ധാരാളമായിരുന്നു. ആ ദിവസത്തിന്റെ അവസാനമാണ് യാസ് ഐലന്റിലെ സെ യെസ് ഗ്രാന്റ് പ്രൈസ് തനിക്കാണെന്ന് അവരോട് അധികൃതര്‍ വെളിപ്പെടുത്തിയത്.

10 ലക്ഷം ദിര്‍ഹമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. സമ്മാന വിവരമറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്നറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു അവര്‍. യുഎഇക്കും യാസ് ഐലന്റിനും നന്ദി അറിയിക്കുന്നതായും റിഹാം പറഞ്ഞു. എന്നാല്‍ സമ്മാനം നേടിയ കാര്യം വെറുതെ അറിയിക്കാതെ അതിനും വ്യത്യസ്തതകള്‍ വേണമെന്ന് സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഒരു ദിവസത്തെ ആഢംബര യാത്രയ്ക്കായി റിഹാമിനെയും കുടുംബത്തെയും ദ്വീപിലേക്ക് വിളിച്ചുവരുത്തിയത്.
യാസ് മറീനയിലെ ക്രൂസ് ബോട്ടില്‍ വച്ചാണ് സമ്മാനത്തുക ഇവര്‍ക്ക് കൈമാറിയത്. അബുദാബിയിലെ ദ്വീപില്‍ ഒരു ദിവസമാകെ ഉല്ലസിക്കുമ്പോള്‍ ആ വീട്ടമ്മ അറിഞ്ഞുപോലുമില്ല ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനം തനിക്കാണെന്ന്.
കഴിഞ്ഞ ജൂണിലാണ് സേ യെസ് ക്യാംപെയിന് തുടക്കമായത്. 400 ദിര്‍ഹം ദ്വീപില്‍ എവിടെയും ചെലവിടുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത.

 

Latest