വി ഐ പി സുരക്ഷ

Posted on: September 19, 2017 6:23 am | Last updated: September 18, 2017 at 10:27 pm

രാഷ്ട്രീയ വിവേചനമോ മറ്റു താത്പര്യങ്ങളോ ഇല്ലെങ്കില്‍ സ്വാഗതാര്‍ഹമാണ് സര്‍ക്കാര്‍ ചെലവില്‍ പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള കേന്ദ്ര തീരുമാനം. വി ഐ പി മനോഭാവം ഉപേക്ഷിക്കണമെന്നും അത്തരം സംസ്‌കാരമില്ലാത്ത ഒരിന്ത്യ സൃഷ്ടിക്കാനാണ് ആഗ്രഹമെന്നും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. വി ഐ പി സംസ്‌കാരത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് മെയ് ഒന്ന് മുതല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവരല്ലാത്തവരുടെ ബീക്കണ്‍ ലൈറ്റിന് നിരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എക്‌സ് മുതല്‍ ഇസെഡ് വരെ വിവിധ കാറ്റഗറിയിലായി വി ഐ പി സുരക്ഷ നല്‍കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള തീരുമാനമെന്നാണ് പറയുന്നത്. ഇതിന്റെ ആദ്യപടിയായി സ്വന്തം സംസ്ഥാനത്തിന് പുറത്തേക്ക് യാത്രകള്‍ നടത്താത്ത രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയാണ് വെട്ടിക്കുറക്കുന്നത്.

അതേസമയം, വി വി ഐ പി സുരക്ഷ നല്‍കുന്നതില്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ യു പി എ സര്‍ക്കാറിനേക്കാള്‍ മുന്നിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഭരണത്തില്‍ 350 പേര്‍ക്കാണ് അതീവ സുരക്ഷയെങ്കില്‍ മോദി സര്‍ക്കാര്‍ 475 പേര്‍ക്ക് നല്‍കുന്നുണ്ട്. ബാബാ രാംദേവിനും അമൃതാനന്ദമയിക്കും ഏറ്റവും ഉയര്‍ന്ന ഇസെഡ് കാറ്റഗറി സുരക്ഷയാണ്. 40 സി ആര്‍ പി എഫ് കമാന്‍ഡോകള്‍ക്ക് പുറമെ പത്ത് പോലീസുകാരുമുണ്ട് ഇവരുടെ സുരക്ഷക്ക്. വി ഐ പി സുരക്ഷ വെട്ടിക്കുറക്കുമെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ തന്നെയാണ് കേരളത്തിലെ ബി ജെ പി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എം ടി രമേശ്, പി കെ കൃഷ്ണദാസ് എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചതെന്നതും സര്‍ക്കാറിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നു.

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടനെ വി ഐ പി സംസ്‌കാരം നിര്‍ത്തല്‍ ചെയ്യാനെന്ന പേരില്‍ 46 വി ഐ പികളുടെ സുരക്ഷ വെട്ടിക്കുറക്കുകയും 105 പേരുടേത് പൂര്‍ണമായി എടുത്തു കളയുകയും ചെയ്തിരുന്നു. എന്നാല്‍, അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ്, മായാവതി, ശിവപാല്‍ യാദവ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സുരക്ഷയിലാണ് യോഗി കത്രിക പ്രയോഗിച്ചത്. ബി ജെ പി നേതാക്കളുടെ സുരക്ഷയില്‍ കാര്യമായ വെട്ടിക്കുറവ് വരുത്തിയില്ല. ഇതോടൊപ്പം സ്വന്തം സുരക്ഷ കൂടുതല്‍ ശക്തമാക്കുകയും ബി ജെ പി നേതാവ് വിനയ് കത്യാര്‍ക്ക് പുതുതായി ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുകയുമുണ്ടായി. കേന്ദ്രത്തിന്റെ പുതിയ നീക്കവും ഇതേ മട്ടില്‍ ബി ജെ പിവിരുദ്ധ പാര്‍ട്ടി നേതാക്കളെ ഉന്നമിട്ടാണോ എന്ന് സന്ദേഹിക്കുന്നവരുണ്ട്.

വന്‍ ബാധ്യതയാണ് വി വി ഐ പി സുരക്ഷ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വരുത്തിവെക്കുന്നത്. ആയിരക്കണക്കിന് കമാന്‍ഡോകളെയും സി ഐ എസ് എഫ് ജവാന്മാരെയുമാണ് ഇതിനായി സര്‍ക്കാര്‍ നിയോഗിക്കുന്നത്. വി വി ഐ പികള്‍ക്ക് യാത്ര ചെയ്യാനായി വിദേശ ഹെലികോപ്റ്ററുകള്‍ഉള്‍പ്പെടെ മുന്തിയ തരം വാഹനങ്ങളും സജ്ജീകരിക്കുന്നുണ്ട്. യു പി എ ഭരണകാലത്ത് ആംഗ്ലോ ഇറ്റാലിയന്‍ കമ്പനിയായ അഗസ്തവെസ്റ്റ്‌ലാന്‍ഡുമായി നടത്തിയ ഇത്തരമൊരു ഇടപാടിലാണ് 3600 കോടിയുടെ കോഴ ആരോപണം ഉയര്‍ന്നതും ഇടപാട് റദ്ദാക്കിയതും. കമാന്റോകളെയും പോലീസിനെയും വന്‍ തോതില്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നത് പൊതുസുരക്ഷയെ പോലും ബാധിക്കുന്നു. കേരളത്തില്‍ വിശ്രമജീവിതം നയിക്കുന്നവരും അധികാര സ്ഥാനത്തില്ലാത്തവരുമായ 2500ലേറെ പേര്‍ക്കാണ് പ്രത്യേക സുരക്ഷ നല്‍കി വരുന്നത്. ക്രമസമാധാന പാലനത്തിന് പോലും അംഗബലമില്ലാതെ കേരള പോലീസില്‍ നിന്ന് ഇതിനായി നിയോഗിച്ചിരിക്കുന്നത് 6000 പേരെയും. പകിട്ടും പത്രാസും കാണിക്കാന്‍ മാത്രമാണ് പലര്‍ക്കും പോലീസിന്റെ അകമ്പടി.

ഏതാനും വ്യക്തികളുടെ മാത്രം സുരക്ഷയല്ല സമൂഹത്തിന്റെ പൊതുസുരക്ഷയാണ് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. പൊതുമണ്ഡലത്തിലെ സുരക്ഷ ഉറപ്പാക്കിയാല്‍ സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും സുരക്ഷ കൈവരും. പൊതുസമൂഹം അരക്ഷിതരാണെങ്കില്‍ നേതാക്കള്‍ക്ക് എന്ത് സന്നാഹങ്ങളേര്‍പ്പെടുത്തിയാലും ഫലപ്രദമാകണമെന്നില്ലെന്ന് ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചരിത്രം വിളിച്ചോതുന്നുണ്ട്. ഇനി ഏതെങ്കിലും വ്യക്തികള്‍ക്ക് പ്രത്യേക സുരക്ഷ വേണമെന്നുണ്ടെങ്കില്‍ അത് സ്വന്തം ചെലവിലോ പാര്‍ട്ടി ചെലവിലോ ഏര്‍പ്പെടുത്തട്ടെ. വി ഐ പികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സാധാരണക്കാരന്റെ ചെലവില്‍ സുരക്ഷ നല്‍കേണ്ടതില്ലെന്ന് 2013 ആഗസ്റ്റില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രതിനിധികള്‍ക്ക് പാര്‍ലിമെന്റിലോ നിയമസഭയിലോ മാത്രമേ പ്രത്യേക പരിരക്ഷയുള്ളൂവെന്നും സഭക്ക് പുറത്ത് അവര്‍ സാധാരണ പൗരന്മാര്‍ മാത്രമാണെന്നും 2004 ഫെബ്രുവരിയിലും കോടതി വിധിച്ചത് ശ്രദ്ധേയമാണ്.