Connect with us

Kerala

അഴിക്കുള്ളില്‍ തന്നെ; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല

Published

|

Last Updated

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. 60 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തന്റെ പേരിലുള്ളതെന്നും നടിയുടെ നഗ്‌നചിത്രമെടുക്കാന്‍ പറഞ്ഞതാണ് തനിക്കെതിരെയുള്ള കേസെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്തെല്ലാം കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ അതില്‍ നിന്ന് ദിലീപിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും വിചാരണ കോടതിയെ സമീപിച്ചത്.

അതേസമയം, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ  ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍ പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പള്‍സര്‍ സുനിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതായും ജാമ്യാപേക്ഷയില്‍ കാവ്യ ആരോപിച്ചിരുന്നു.